100 വയസ്സിന് മുകളിലുള്ളവർ 100,000 പേർ; ഹര ഹച്ചി ബു, ഫോറസ്റ്റ് ബാത്തിങ്, ഇക്കിഗായ്... എന്താണ് ജപ്പാനിലെ ആയുർദൈർഘ്യ രഹസ്യം
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഇതിന് കാരണം അവരുടെ ആരോഗ്യകരമായ ഭക്ഷണരീതി, സജീവമായ ജീവിതശൈലി, മികച്ച ആരോഗ്യപരിരക്ഷാ സംവിധാനം എന്നിവയാണ്. ജപ്പാനിൽ 100 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാൻ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 2023 സെപ്റ്റംബർ വരെ ജപ്പാനിൽ 100 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഏകദേശം 92,139 ആണ്. ഈ വർഷം അത് 100,000ത്തിലെത്തി. ഇത് തുടർച്ചയായ 53-ാം വർഷമാണ് ഈ സംഖ്യ വർധിക്കുന്നത്. 1963ൽ ഈ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ ജപ്പാനിൽ 100 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 153 പേർ മാത്രമായിരുന്നു. അതിൽ നിന്ന് വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇവരിൽ 88.5% സ്ത്രീകളാണ്.
ജപ്പാനിലെ ആളുകൾ മത്സ്യവും, കടൽ വിഭവങ്ങളും, പച്ചക്കറികളും, പഴങ്ങളും, സോയ ഉൽപ്പന്നങ്ങളും അടങ്ങിയ സമീകൃതാഹാരമാണ് കഴിക്കുന്നത്. ഉയർന്ന അളവിലുള്ള നാരുകളും കുറഞ്ഞ കൊഴുപ്പും ഉള്ള ഭക്ഷണമാണ് ഇവർ തിരഞ്ഞെടുക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെയും ഉപയോഗം വളരെ കുറവാണ്. ഇത് അമിതവണ്ണം, ഹൃദയരോഗങ്ങൾ, പ്രമേഹം എന്നിവ കുറക്കാൻ സഹായിക്കുന്നു. 'ഹര ഹച്ചി ബു' (Hara Hachi Bu) എന്നൊരു രീതി ഇവർക്കുണ്ട്. അതായത്, 80% വയറ് നിറഞ്ഞാൽ ഭക്ഷണം നിർത്തുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഗ്രീൻ ടീ (മാച്ച-പച്ച ചായ) ജാപ്പനീസ് സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗങ്ങളെ പ്രതിരോധിക്കാനും കാൻസർ, ഹൃദയരോഗങ്ങൾ എന്നിവയുടെ സാധ്യത കുറക്കാനും സഹായിക്കുന്നു.
ജാപ്പനീസ് ആളുകൾക്ക് അച്ചടക്കബോധം വളരെ കൂടുതലാണ്. ജോലിയിലും പഠനത്തിലും അവർ കഠിനാധ്വാനം ചെയ്യുന്നവരാണ്. കൃത്യനിഷ്ഠയും സമർപ്പണവും അവരുടെ പ്രത്യേകതകളാണ്. മുതിർന്നവരോടും മറ്റുള്ളവരോടും ബഹുമാനം കാണിക്കുന്നത് അവരുടെ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. വിനയവും താഴ്മയും അവർ എപ്പോഴും കാത്തുസൂക്ഷിക്കുന്നു. വ്യക്തിഗത ശുചിത്വത്തിലും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിലും ജാപ്പനീസ് ആളുകൾ വലിയ ശ്രദ്ധ നൽകുന്നു. സജീവമായ ജീവിതശൈലിയാണ് ഇവർ പിന്തുടരുന്നത്.
ജാപ്പനീസ് ആളുകൾക്ക് നടക്കുകയും സൈക്കിൾ ഓടിക്കുകയും ചെയ്യുന്നത് പതിവാണ്. പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്നത് കാരണം ദിവസവും ശാരീരികമായി സജീവമായിരിക്കാൻ അവർക്ക് സാധിക്കുന്നു. ജപ്പാനിൽ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് സംവിധാനമുണ്ട്. ഇത് എല്ലാവർക്കും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. പതിവായ ആരോഗ്യ പരിശോധനകളും രോഗനിർണയവും നേരത്തെയുള്ള ചികിത്സയും ദീർഘായുസ്സിന് കാരണമാകുന്നു.
ധ്യാനം, പ്രകൃതിയുമായി അടുത്തിടപഴകൽ ഫോറസ്റ്റ് ബാത്തിങ് (Shinrin-yoku), തുടങ്ങിയവയിലൂടെ മാനസിക പിരിമുറുക്കം കുറക്കാൻ ജാപ്പനീസ് ആളുകൾ ശ്രദ്ധിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ജാപ്പനീസ് സമൂഹത്തിൽ ശക്തമായ സാമൂഹിക ബന്ധങ്ങൾ നിലനിൽക്കുന്നു. 'മോവായി' (Moai) പോലുള്ള സാമൂഹിക കൂട്ടായ്മകൾ ആളുകൾക്ക് പരസ്പരം പിന്തുണ നൽകാനും ഒറ്റപ്പെടൽ ഒഴിവാക്കാനും സഹായിക്കുന്നു. ഇത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
ജീവിതത്തിന് ഒരു ലക്ഷ്യം കണ്ടെത്തുക എന്നതിന് ജാപ്പനീസിൽ 'ഇക്കിഗായ്' (Ikigai) എന്ന് പറയുന്നു. ജീവിതത്തിൽ ഒരു ലക്ഷ്യമുള്ളത് ആളുകളെ കൂടുതൽ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ അവർക്ക് വലിയ താൽപര്യമുണ്ട്. ഈ കാരണങ്ങളെല്ലാം ഒരുമിച്ച് ചേർന്നാണ് ജാപ്പനീസ് ആളുകളുടെ ദീർഘായുസ്സിന് കാരണമാകുന്നത്.