പാൻക്രിയാസ് കല്ലുകൾ വെല്ലുവിളിയാകുന്നോ?
text_fieldsപാൻക്രിയാസിന് നീര്‍ക്കെട്ട് വരുന്ന ക്രോണിക് പാൻക്രിയാറ്റൈറ്റിസ് മൂലമാണ് പാൻക്രിയാസിൽ കല്ലുകൾ രൂപപ്പെടുന്നത്. വയറുവേദന കലശലായി തീരുമ്പോഴും ഇതുവഴി നടുവേദന തുടങ്ങുമ്പോഴുമാണ് ശരിക്കും നമ്മൾ ഡോക്ടറുടെ സഹായം തേടാറ്. എന്നാൽ, ഇത് പലപ്പോഴും പാൻക്രിയാസ് കല്ലുമൂലമുണ്ടാകുന്ന പ്രശ്നമാകാറുണ്ട്. അധികമാർക്കും ഇതെക്കുറിച്ച് അറിയുകയുമില്ല. തിരിച്ചറിഞ്ഞാൽ ചികിത്സ സാധ്യമായതും മറികടക്കാവുന്നതുമാണ് ഈ പ്രശ്നങ്ങൾ. കൃത്യമായ സമയത്ത് ചികിത്സ നൽകുക എന്നതുതെന്നയാണ് ഇതിൽ പ്രധാനം.
പാൻക്രിയാസ് എന്തുചെയ്യുന്നു?
ശരീരത്തില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ദഹനരസങ്ങള്‍ പുറപ്പെടുവിച്ച് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ് തുടങ്ങിയവ കൃത്യമായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയാണ് പാൻക്രിയാസിന്റെ പ്രധാന ധര്‍മം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നതും പാൻക്രിയാസാണ്.
പാൻക്രിയാറ്റൈറ്റിസ്
ദഹനപ്രക്രിയയുടെ സമയത്ത് പാൻക്രിയാസിലെ ദഹനരസങ്ങള്‍ പല കാരണങ്ങള്‍കൊണ്ട് ചെറുകുടലിലേക്ക് പോകാതെ കെട്ടിക്കിടന്ന് പാൻക്രിയാസില്‍ നീര്‍ക്കെട്ടുണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റൈറ്റിസ്. ഇതുമൂലം കല്ലുകള്‍ രൂപപ്പെടുകയും ഈ ഭാഗത്തെ കോശങ്ങള്‍ നശിച്ച് അനുബന്ധ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. ദീര്‍ഘകാലത്തിനിടെ പലപ്പോഴായി പാന്‍ക്രിയാസില്‍ നീര്‍ക്കെട്ട് രൂപപ്പെടുന്ന ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് മൂലമാണ് പാന്‍ക്രിയാസില്‍ കല്ലുകള്‍ രൂപപ്പെടുന്നത്. അതേസമയം പാന്‍ക്രിയാസില്‍ പെട്ടെന്ന് നീര്‍ക്കെട്ട് രൂപപ്പെടുന്നതാണ് അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ്. വേദന, നീര്‍ക്കെട്ട് മൂലമുള്ള അസ്വസ്ഥതകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
വയറുവേദന കൂടിയാൽ
വയറുവേദനയാണ് പാന്‍ക്രിയാറ്റൈറ്റിസ് എന്ന അവസ്ഥയുടെ പ്രധാന ലക്ഷണം. നെഞ്ചിന് താഴെ വയറിന് മുകള്‍ ഭാഗത്തായാണ് സാധാരണ വേദന അനുഭവപ്പെടുക. നട്ടെല്ലിന് മുന്‍വശത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ നട്ടെല്ലിലേക്കും വേദന വ്യാപിക്കാറുണ്ട്. കൊഴുപ്പുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്ന സാഹചര്യങ്ങളില്‍ ഇത് ദഹിക്കാതെ മലത്തിലൂടെ പുറംതള്ളുന്ന സാഹചര്യവും ഈ രോഗികളില്‍ ഉണ്ടാകും. ദഹനസമയത്ത് ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ആഗിരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ രോഗി അസാധാരണമായ രീതിയില്‍ മെലിഞ്ഞ് ഭാരക്കുറവ് ഉണ്ടാകുന്നതിനും കാരണമാകും.
പാന്‍ക്രിയാസില്‍ നീര്‍ക്കെട്ട് കൂടുന്നതിനാല്‍ പിത്തനാളിയില്‍ ബ്ലോക്ക് ഉണ്ടാവുകയും ഇത് മഞ്ഞപ്പിത്തമുണ്ടാകുന്നതിന് വഴിവെക്കുകയും ചെയ്യും. ഇന്‍സുലിന്‍ ഉൽപാദനം ശരിയായി നടക്കാത്തതിനാല്‍ ഇത്തരം രോഗികളില്‍ പ്രമേഹസാധ്യതയും കൂടുതലാണ്.
ശ്രദ്ധവേണം
അമിതമായ മദ്യപാനം, അപസ്മാരം, അർബുദം തുടങ്ങിയവക്കുള്ള മരുന്നുകള്‍, വേദന സംഹാരികള്‍ എന്നിവയുടെ ഉപയോഗം, ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത്, രക്തത്തില്‍ ട്രൈഗ്ലിസറൈഡ്സിന്റെ അളവ് കൂടുന്നത് തുടങ്ങി വിവിധ കാരണങ്ങളാല്‍ പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകാം. അതുമൂലം പാന്‍ക്രിയാസില്‍ കല്ലുകള്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍, ചിലരില്‍ പ്രത്യേക കാരണങ്ങള്‍ നിര്ണയിക്കാനാകാതെയും ലക്ഷണങ്ങള്‍ ഇല്ലാതെയും ഈ രോഗാവസ്ഥ ബാധിക്കാറുണ്ട്.
പെട്ടെന്ന് ചികിത്സയാകാം
സി.ടി സ്കാന്‍, എം.ആര്.ഐ തുടങ്ങിയവ വഴി പാന്‍ക്രിയാസിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. നീര്‍ക്കെട്ട്, കല്ലുകള്‍, അതിന്റെ തീവ്രത തുടങ്ങിയവ കൃത്യമായി നിര്‍ണയിക്കാന്‍ എം.ആര്.ഐ പരിശോധനയിലൂടെ സാധിക്കും. പ്രാരംഭഘട്ടത്തില്‍ മരുന്നുകള്‍കൊണ്ട് വേദനയും ലക്ഷണങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍, പാന്‍ക്രിയാസില്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ ഇവ നീക്കംചെയ്യുന്നത് ശ്രമകരമാണ്.
ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ രൂപപ്പെടുന്ന കല്ലുകള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി, ഇതിനുള്ള നടപടിക്രമങ്ങള്‍ താരതമ്യേന സങ്കീര്‍ണമാണ്. ഗുരുതര ഘട്ടങ്ങളില്‍ പാന്‍ക്രിയാസ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരും. കൃത്യമായി ചികിത്സ ലഭ്യമാക്കി നിരന്തര ശ്രദ്ധയും പരിചരണവും ആവശ്യമുള്ള അവസ്ഥയാണിത്. അശ്രദ്ധമായി കൈകാര്യം ചെയ്താല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ പോലെ അതിഗുരുതര ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യതയും കുറവല്ല. രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സയോടൊപ്പം ജീവിതശൈലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തുന്നതും ഗുണംചെയ്യും.


