Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightആരോഗ്യകരമായ ജീവിതരീതി:...

ആരോഗ്യകരമായ ജീവിതരീതി: ജീവിതശൈലീ രോഗങ്ങൾക്കെതിരായ പ്രതിരോധം

text_fields
bookmark_border
ആരോഗ്യകരമായ ജീവിതരീതി: ജീവിതശൈലീ രോഗങ്ങൾക്കെതിരായ പ്രതിരോധം
cancel

ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് ജീവിതശൈലീ രോഗങ്ങൾ. ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം നമ്മുടെ തെറ്റായ ജീവിതരീതികളുടെ ഫലമായി വർധിച്ചുവരുന്നുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, വ്യായാമക്കുറവ്, അമിതമായ മാനസിക സമ്മർദം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ, ഈ രോഗങ്ങളുടെയെല്ലാം മൂലകാരണം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവത്തിലുണ്ട്—അതാണ് കുടൽ.

കുടൽ ആരോഗ്യം: രണ്ടാമത്തെ തലച്ചോറ്

കുടലിനെ 'രണ്ടാമത്തെ തലച്ചോറ്' എന്ന് വിശേഷിപ്പിക്കാറുണ്ട്; കാരണം, ദഹനപ്രക്രിയയിൽ മാത്രമല്ല, പ്രതിരോധശേഷിയിലും, മാനസികാരോഗ്യത്തിലും കുടലിലെ സൂക്ഷ്മാണുക്കൾക്ക് നിർണായക പങ്കുണ്ട്. കോടിക്കണക്കിന് വരുന്ന ഈ 'നല്ല ബാക്ടീരിയകൾ' നമ്മുടെ ശരീരവുമായി ഒരു ബന്ധം സ്ഥാപിച്ചാണ് ജീവിക്കുന്നത്.

കുടൽ ആരോഗ്യത്തിന്റെ പ്രാധാന്യം

ദഹനം മെച്ചപ്പെടുത്തുന്നു: ഭക്ഷണം ശരിയായ രീതിയിൽ വിഘടിപ്പിച്ച് പോഷകങ്ങൾ വലിച്ചെടുക്കാൻ കുടലിലെ നല്ല ബാക്ടീരിയകൾ സഹായിക്കുന്നു.

പ്രതിരോധശേഷി: നമ്മുടെ പ്രതിരോധകോശങ്ങളിൽ ഏകദേശം 70% വും കുടലിലാണ് വസിക്കുന്നത്. സന്തുലിതമായ കുടൽ മൈക്രോബയോം രോഗാണുക്കളെ അകറ്റിനിർത്താൻ സഹായിക്കുന്നു.

മാനസികാരോഗ്യം: സന്തോഷത്തിന് കാരണമായ സെറോടോണിൻ ഉൾപ്പെടെയുള്ള പല ഹോർമോണുകളും ഉത്പാദിപ്പിക്കപ്പെടുന്നത് കുടലിലാണ്. അതിനാൽ, കുടലിലെ അസന്തുലിതാവസ്ഥ (Dysbiosis) മാനസിക സമ്മർദത്തിനും ഉത്കണ്ഠക്കും കാരണമാവാം.

ജീവിതശൈലീ രോഗങ്ങളും കുടലും

മോശം ജീവിതശൈലി കാരണം കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും, ദോഷകരമായവയുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ പല ജീവിതശൈലീ രോഗങ്ങളിക്കും വഴിയാവാം:

അമിതവണ്ണവും പ്രമേഹവും: അമിതമായ പഞ്ചസാരയും പാക്കറ്റ് ഭക്ഷണങ്ങളും കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകർക്കുന്നു. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും, ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ച് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാവുകയും ചെയ്യും.

ഉയർന്ന രക്തസമ്മർദ്ദം: കുടലിലെ വീക്കം രക്തക്കുഴലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും, രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യും.

ദഹനപ്രശ്നങ്ങൾ: ഇറിറ്റബിൾ ബവൽ സിൻഡ്രോം, അസിഡിറ്റി, മലബന്ധം എന്നിവയെല്ലാം കുടലിലെ മൈക്രോബയോമിന്റെ തകരാറുകൾ സൂചിപ്പിക്കുന്നു.

കുടലിനെ കാത്ത് രോഗങ്ങളെ അകറ്റാം: പ്രതിവിധികൾ

നമ്മുടെ ഭക്ഷണശീലങ്ങളിലും ദൈനംദിന കാര്യങ്ങളിലും മാറ്റം വരുത്തിയാൽ കുടൽ ആരോഗ്യത്തെ വീണ്ടെടുക്കാനാകും.

നാരുകൾ ധാരാളമായി കഴിക്കുക: ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള പ്രീബയോട്ടിക്കുകൾ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ആവിശ്യമാണ്. കുടലിലെ ബാക്ടീരിയയുടെ ഭക്ഷണം ആണ് നാരുകൾ.

പുളിപ്പിച്ച ഭക്ഷണങ്ങൾ : തൈര്, മോര്, സംഭാരം, കഞ്ഞി വെള്ളം (പഴങ്കഞ്ഞി) എന്നിവ പ്രകൃതിദത്തമായ പ്രോബയോട്ടിക്കുകൾ നൽകുന്നു. ഇത് നല്ല ബാക്ടീരിയകളെ നേരിട്ട് കുടലിൽ എത്തിക്കാൻ സഹായിക്കുന്നു.

മധുരം, എണ്ണ, കൊഴുപ്പ് എന്നിവ കുറക്കുക: പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, അമിതമായ മധുരം, കൊഴുപ്പ് എന്നിവ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു.

സമ്മർദ്ദം കുറക്കുക: ദീർഘനേരമുള്ള മാനസിക സമ്മർദം കുടലിന്റെ പ്രവർത്തനത്തെ താളംതെറ്റിക്കും. യോഗ, ധ്യാനം, ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടൽ എന്നിവ സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു.

വ്യായാമം: പതിവായുള്ള ശാരീരികാധ്വാനം കുടൽ ചലനങ്ങളെ ക്രമീകരിക്കുകയും മൊത്തത്തിലുള്ള കുടൽ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഓർക്കുക, ആരോഗ്യകരമായ ഒരു ജീവിതം തുടങ്ങേണ്ടത് നമ്മുടെ ജീവിതശൈലിയിൽ നിന്നാണ്. ദഹനനാളത്തിന്റെ ആരോഗ്യം ശ്രദ്ധിച്ചാൽത്തന്നെ, അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അനുകൂലമാകും.

(അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി അങ്കമാലിയിലെ ഗ്യാസ്‌ട്രോഎന്ററോളജി & ഹെപ്പറ്റോളജി വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് & എച്ച്.ഒ.ഡി ആണ് ലേഖകൻ)

Show Full Article
TAGS:Lifestyle diseases Health News diseases Health Tips 
News Summary - Prevention against lifestyle diseases
Next Story