വയോജനങ്ങൾക്ക് വേണം സമഗ്ര പരിചരണം
text_fieldsപ്രതീകാത്മക ചിത്രം
ലോകാരോഗ്യ സംഘടന മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ഇറക്കിയ നിർദേശങ്ങളാണ് ഇന്റഗ്രേറ്റഡ് കെയര്‍ ഫോര്‍ ഓള്‍ഡര്‍ പീപ്പിള്‍. മൂന്ന് മോഡ്യൂളുകളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
1. ശാരീരികവും മാനസികവുമായ കഴിവുകളിലുള്ള കുറവ്
ചലനശേഷി കുറയുക, പോഷകാഹാരക്കുറവ്, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ബൗദ്ധിക കഴിവുകളിലുള്ള കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതാണ്, വേണ്ട പരിഹാരങ്ങളും ചികിത്സകളും ലഭ്യമാക്കേണ്ടതാണ്.
പരിഹാര മാര്‍ഗങ്ങള്‍
- ദിവസവും ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക,
- ഫിസിയോതെറപ്പി ചെയ്യുക,
- ആഹാരരീതിയില്‍ വേണ്ട ക്രമീകരണം ചെയ്യുക,
- ഡയറ്റീഷ്യന്റെ ഉപദേശങ്ങള്‍ തേടുക,
- വേണ്ട വൈറ്റമിന്‍ സപ്ലിമെന്റ്‌സ് കഴിക്കുക,
- കൃത്യമായ കാലയളവില്‍ കാഴ്ചയും
- കേള്‍വിയും പരിശോധിക്കുക.
- ബൗദ്ധിക കഴിവുകളില്‍ (cognitive skills) കുറവുള്ളവര്‍ക്ക് അത്തരം കഴിവുകളെ വികസിപ്പിക്കാനുള്ള പരിശീലനങ്ങള്‍ കൊടുക്കുക,
- വിഷാദമുള്ളവര്‍ക്ക് മനഃശാസ്ത്ര ചികിത്സകള്‍ നല്‍കുക.
2. ജെറിയാട്രിക് സിന്‍ഡ്രോംസ്
വാർധക്യകാലത്ത് സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങളെ മൊത്തത്തില്‍ ജെറിയാട്രിക് സിന്‍ഡ്രോം എന്ന് പറയാം. ഇതില്‍ പ്രധാനം മൂത്രശങ്ക അഥവാ യൂറിനറി ഇന്‍കോന്റിനന്‍സ്, തുടര്‍ച്ചയായ വീഴ്ചകള്‍ എന്നിവയാണ്.
പരിഹാര മാര്‍ഗങ്ങള്‍
- മൂത്രസഞ്ചിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള വ്യായാമങ്ങള്‍ പരിശീലിപ്പിക്കുക,
- കൃത്യമായ ഇടവേളകളില്‍ മൂത്രം ഒഴിപ്പിക്കുക,
- ആത്മനിയന്ത്രണവും ആത്മബോധവും വളര്‍ത്തുക
- തുടര്‍ച്ചയായി വീഴുന്നവര്‍ക്ക് കൃത്യമായ പരിശോധനകള്‍ നടത്തി മുന്‍കരുതലുകള്‍ എടുക്കുക,
- വീഴാന്‍ സാധ്യത ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ വീട്ടില്‍ ഒഴിവാക്കുക
3. പരിചരിക്കുന്നവര്‍ക്കുള്ള പിന്തുണ
മുതിര്‍ന്നവരെ പരിചരിക്കുന്നവര്‍ക്കും പിരിമുറുക്കം വളരെ കൂടുതലാണ്. അവര്‍ക്ക് വേണ്ട പിന്തുണയും പരിശീലനവും നല്‍കേണ്ടതുണ്ട്. കേരള സാമൂഹിക മിഷന്റെ കീഴില്‍ വയോജനങ്ങള്‍ക്കായി പല പദ്ധതികളും വയോമിത്രം പ്രോജക്ടിലൂടെ നടപ്പിലാക്കുന്നുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ മരുന്ന്, മെഡിക്കല്‍ ക്യാമ്പുകള്‍, വീടുകളില്‍ പോയി സാന്ത്വന ചികിൽസ എന്നിവ ഇതിൽ ചിലതാണ്. വയോജന ഹെൽപ് ഡെസ്‌കുകള്‍ വയോമിത്രം ക്ലിനിക്കുകളിലുണ്ട്.
കോർപറേഷന്‍, മുനിസിപ്പാലിറ്റി പരിധികള്‍ക്കുള്ളിലാണ് വയോമിത്രം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉല്ലാസയാത്രകളും വിനോദ പരിപാടികളും ഈ പ്രോജക്ടിന്റെ ഭാഗമായി നടത്തുന്നുണ്ട്. കൂടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വയോജങ്ങള്‍ക്കായി കാണ്‍സലിങ്ങും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ 95 ഓളം വയോമിത്രം യൂനിറ്റുകളുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാറിന്റെ വാര്‍ധക്യ പെന്‍ഷനുമുണ്ട്.
എങ്കിലും വയോജന പരിചരണ യൂനിറ്റുകള്‍ പോലുള്ള പ്രത്യേക സേവനങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. ഒറ്റപ്പെട്ടു കഴിയുന്ന മുതിര്‍ന്ന പൗരന്മാരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനായി യുവജനങ്ങളുടെ ടീം ഉണ്ടാക്കാവുന്നതാണ്. യുവജനങ്ങളില്‍ പൗരബോധവും ഉത്തരവാദിത്തവും വളര്‍ത്താന്‍ ഇത് സഹായിക്കും.
വൈകല്യമുള്ളവരുടെ വൃദ്ധ മാതാപിതാക്കൾക്ക് വേണം പ്രത്യേക പിന്തുണ
മാനസികാരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളുമുള്ള വ്യക്തികളുടെ വൃദ്ധരായ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം വിവരണാതീതമാണ്. അത്തരം വ്യക്തികളുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി അവര്‍ക്കുവേണ്ട സാമൂഹിക പിന്തുണ നല്‍കേണ്ടതാണ്. അത്തരം വൈകല്യമുള്ള വ്യക്തികളെ നല്ല ഷെൽട്ടര്‍ ഹോമില്‍ ആക്കിയെന്ന ആശ്വാസത്തില്‍ ഈ വൃദ്ധ മാതാപിതാക്കള്‍ക്ക് ശേഷകാലം സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മകള്‍ എല്ലാ പഞ്ചായത്തുകളിലും ഉണ്ടാകണം. തിരക്ക് നിറഞ്ഞ ജീവിതത്തിനിടയില്‍ പരമ്പരാഗത പരിചരണത്തിനും സംരക്ഷണത്തിനും പലപ്പോഴും പല വീടുകളിലും സാധിക്കാറില്ല. അതിനാല്‍, വയോജനങ്ങളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്.