മെലിഞ്ഞിരുന്നാൽ ആരോഗ്യവാനാകുമോ? തിൻ-ഫാറ്റ് സിൻഡ്രത്തെക്കുറിച്ചറിയാം
text_fieldsന്യൂഡൽഹി: മെലിഞ്ഞിരുന്നാൽ ആരോഗ്യമുള്ളവരാകുമെന്ന് കരുതുന്നവരാണ് ഏറെപ്പേരും. അതുകൊണ്ട് തന്നെ പട്ടിണി കിടന്ന് വരെ തടി കുറക്കാൻ നോക്കാറുണ്ട് ആളുകൾ. മെലിയുന്നത് മാത്രമാണ് ആരോഗ്യം എന്ന് വിശ്വസിക്കുന്ന ആളുകളുടെ മനോഭാവത്തെ തിൻ ഫാറ്റ് സിൻഡ്രോം എന്നാണ് വിളിക്കുന്നത്.
എന്താണ് തിൻ ഫാറ്റ് സിൻഡ്രോം
ശരീരം മെലിഞ്ഞിരിക്കുമ്പോഴും ആന്തരികമായി ഉയർന്ന അളവിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ഉയർന്ന രക്ത സമ്മർദ്ദവും പഞ്ചസാരയും ഉള്ള അവസ്ഥയാണിത്. മെലിഞ്ഞിരിക്കുന്നതു കൊണ്ടുതന്നെ ഇതിന്‍റെ ലക്ഷണങ്ങൾ കാണിച്ചാലും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. അതുവലിയ ആഘാതങ്ങൾ സൃഷ്ടിക്കും. തങ്ങൾ രോഗ ബാധിതരാണെന്ന് തിരിച്ചറിയാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
ഇന്ത്യയിൽ സാധാരണം
ഇന്ത്യയിലെ രോഗികളിൽ തിൻ-ഫാറ്റ് സിൻഡ്രം കൂടുതലായി കണ്ടുവരുന്നുവെന്നാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോക്ടർ പ്രതീക് ചൗധരി പറയുന്നത്. ജനിതക ഘടകങ്ങളും സമ്മർദ്ദവും ഉറക്കക്കുറവും കായികാധ്വാനക്കുറവും എല്ലാം ഈ അവസ്ഥക്ക് കാരണമാകുന്നു. മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമായി മെലിഞ്ഞ ശരീരത്തെ നോക്കിക്കാണുന്നത് ഒഴിവാക്കിയാൽ മാത്രമേ ഈ അവസ്ഥയിൽ മാറ്റം വരൂ എന്നാണ് അദ്ദേഹം പറയുന്നത്.
ആരോഗ്യത്തെ വിശാലമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണണമെന്നാണ് തിൻ ഫാറ്റ് സിൻഡ്രോം അടിസ്ഥാനമാക്കി പറയുന്നത്. ശരീര ഭാരം മാത്രം ശ്രദ്ധിക്കുന്നതിനുപകരം തുടർച്ചയായി രക്ത പരിശോധനയും ജീവിത ശൈലിയും ശീലമാക്കാം.


