ഈ നിത്യോപയോഗ സാധനം നിങ്ങളുടെ ചർമത്തെ അതിവേഗ വാർധക്യത്തിലേക്ക് തള്ളിയിടും
text_fieldsപ്രായം ഏറ്റവും കൂടുതൽ വിളിച്ചറിയിക്കുക ചർമമാണ്. നിങ്ങൾ ചർമ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധാലുവാണെങ്കിൽ അതിനുവേണ്ടി പലതും ചെയ്യും. രാവിലെ ജോലിക്ക് പോകുന്നതിനുമുമ്പ് സൺസ്‌ക്രീൻ പുരട്ടുക, ജലാംശം നിലനിർത്താൻ വാട്ടർ ബോട്ടിൽ കരുതുക, രാത്രിയിൽ എട്ട് മണിക്കൂർ നീളുന്ന ഉറക്കം, ഇതിനൊക്കെ പുറമെ ഒരുപക്ഷേ നിങ്ങൾ ബോട്ടോക്സും പരിഗണിച്ചേക്കാം. എന്നാൽ, ചർമ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഒരു ഘടകം നിങ്ങൾ അവഗണിക്കുന്നുമുണ്ടാകാം. അത് നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവാണ്.
അധിക പഞ്ചസാര കഴിക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ദന്ത ക്ഷയം, എന്തിന് അർബുദം പോലും വരാം. എന്നാൽ നിങ്ങൾക്ക് അറിയാത്ത മറ്റൊരു പാർശ്വഫലവുമുണ്ട്. അതാണ് അകാല വാർധക്യം. അതെ, മധുരപലഹാര ശീലം മൂലം നിങ്ങൾ പ്രതീക്ഷിക്കാത്തിടത്ത് വാർധക്യം പ്രത്യക്ഷപ്പെടാം. തുടർച്ചയായി ധാരാളം പഞ്ചസാര കഴിക്കുന്നത് ചർമത്തിന് ദോഷം വരുത്തുകയും നിങ്ങൾക്ക് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പ്രായം തോന്നിപ്പിക്കുകയും ചെയ്യും. ഇത് ചർമസംരക്ഷണത്തിന് നിങ്ങൾ ചെയ്യുന്ന എല്ലാ അധ്വാനത്തെയും അട്ടിമറിക്കും.
പഞ്ചസാര ചർമത്തിന്റെ വാർധക്യത്തിന് എങ്ങനെ സംഭാവന നൽകുന്നു?
ഇതിന്റെ മൂലകാരണം ഗ്ലൈക്കേഷൻ എന്നറിയപ്പെടുന്ന പ്രക്രിയയാണ്. നിങ്ങൾ മധുരം കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ അധിക പഞ്ചസാര തന്മാത്രകൾ ശരീരത്തിലെ പ്രോട്ടീനുകൾ, ലിപിഡുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയുമായി ബന്ധം സ്ഥാപിക്കുകയും ‘അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്റ്റുകൾ’ (എ.ജി.ഇകൾ) എന്നറിയപ്പെടുന്ന സംയുക്തങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും. കാലക്രമേണ ഇവ അടിഞ്ഞുകൂടുകയും ചർമവാർധക്യത്തിന്റെ പ്രകടമായ അടയാളങ്ങളിലേക്ക് നേരിട്ട് സംഭാവന ചെയ്യുകയും ചെയ്യും.
ചർമത്തിന് അനുയോജ്യമായ രണ്ട് പ്രോട്ടീനുകളാണ് കൊളാജനും എലാസ്റ്റിനും. പ്രധാന ചർമ നിർമാണ ബ്ലോക്കുകൾ ആണിവ. ദൃഢത, ഇലാസ്തികത, പ്രതിരോധശേഷി എന്നിവ നിലനിർത്തുന്നതിന് ഇത് രണ്ടും പ്രധാനമാണ്. എന്നാൽ, എ.ജി.ഇകളുടെ രൂപീകരണം അവയെ കട്ടിയുള്ളതും പൊട്ടുന്നതും നന്നാക്കാനോ പുനഃരുജ്ജീവിപ്പിക്കാനോ കഴിയാത്തതുമാക്കി മാറ്റുന്നതിലൂടെ ആ ദൗത്യത്തെ തടസ്സപ്പെടുത്തുന്നു.
ഉയർന്ന പഞ്ചസാര കഴിക്കുന്നതിന്റെ ദോഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. കൊളാജനിലും എലാസ്റ്റിനിലും ഉണ്ടാകുന്ന സ്വാധീനം നിങ്ങളുടെ ചർമത്തെ നേരിട്ട് ദോഷകരമായി ബാധിക്കുന്നതിനു പുറമെ ഓക്സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത ലോ ഗ്രേഡ് വീക്കം എന്നിവക്ക് കാരണമാവുന്നു.
ഇതു മാത്രമല്ല യു.വി വികിരണം, വായു മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക സമ്മർദങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ കഴിവിനെ അവ തകർക്കുന്നു. ഇത് മുറിവ് ഉണക്കുന്നതിലും ചർമ തടസ്സം ദുർബലമാകുന്നതിലും കലാശിക്കുന്നു. വാസ്തവത്തിൽ, പ്രമേഹം, അൾസർ, ചർമ അണുബാധകൾ, ഉണങ്ങാത്ത മുറിവുകൾ എന്നിവയുൾപ്പെടെയുള്ള ചർമവുമായി ബന്ധപ്പെട്ട രോഗ സങ്കീർണതകളിൽ പോലും എ.ജി.ഇകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2022ൽ ‘ഫ്രോണ്ടിയേഴ്‌സ് ഇൻ മെഡിസിൻ’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
പഞ്ചസാര എത്രയാവാം?
ഭക്ഷണപാനീയങ്ങൾ സംസ്കരിക്കുമ്പോഴോ തയ്യാറാക്കുമ്പോഴോ ചേർക്കുന്ന പഞ്ചസാരയും സിറപ്പുകളും, മിഠായി, ചോക്ലേറ്റ്, ഐസ്ക്രീം എന്നിവയിൽ നിങ്ങൾ കണ്ടെത്തുന്ന വസ്തുക്കൾ എന്നിവ പഴങ്ങളിലും പച്ചക്കറികളിലും നിങ്ങൾ കണ്ടെത്തുന്ന പ്രകൃതിദത്ത പഞ്ചസാര പോലെയല്ല. വളരെ കുറച്ച് ദോഷങ്ങളെ പ്രകൃതിദത്ത മധുരത്തിനുള്ളൂ.
യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി), ലോകാരോഗ്യ സംഘടന തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ശിപാർശകൾ പറയുന്നത് നോക്കാം. സി.ഡി.സി പ്രകാരം, രണ്ട് വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ദിവസേന കഴിക്കുന്ന കലോറിയുടെ 10ശതമാനത്തിൽ താഴെ മാത്രമേ പഞ്ചസാര ചേർക്കാവൂ. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൃത്രിമ പഞ്ചസാര ചേർക്കരുതെന്നും അത് പറയുന്നു. ലോകാരോഗ്യ സംഘടനയും 10ശതമാനം എന്ന കണക്ക് ഉദ്ധരിക്കുന്നു. രണ്ടോ മൂന്നോ ടീസ്‍പൂൺ മാത്രമേ ഇത് വരൂ.


