എല്ലാ ദിവസവും ചോറ് കഴിച്ചാൽ എന്ത് സംഭവിക്കും? വെളുത്ത നിറത്തിലുള്ള അരി കഴിക്കാമോ?
text_fieldsചോറ് എന്നത് ഒരു ഭക്ഷണം എന്നതിനപ്പുറം പല രാജ്യങ്ങൾക്കും അവരുടെ ജീവിത സംസ്കാരത്തിന്‍റെ പ്രതിഫലനം കൂടിയാണ്. ഇന്ത്യയുടെ കാര്യം നോക്കുകയാണെങ്കിൽ വലിയൊരു വിഭാഗം ജനതക്കും ഒരു നേരമെങ്കിലും ചോറ് കഴിക്കാത്ത ജീവിതം ആലോചിക്കാൻ കൂടി കഴിയില്ല.
എന്നാൽ എല്ലാ ദിവസവും ചോറ് കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? അതിന് ഗുണത്തിനപ്പുറം മറ്റെന്തെങ്കിലും ദോഷങ്ങളുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഏത് അരിയാണ് കഴിക്കുന്നത് എന്നതനുസരിച്ച് മാറും.
ഉയർന്ന ഗ്ലൈസീമിക് ഘടകത്തിന്‍റെ പേരിൽ വെളുത്ത നിറത്തിലുള്ള അരി വിമർശിക്കപ്പെടുമ്പോൾ തവിട്ട്, ചുമന്ന നിറങ്ങളിലുള്ള അരിയാണ് പോഷക ഗുണമുള്ളതായി കണക്കാക്കപ്പെടുന്നത്.
ദിവസവും ചോറ് കഴിക്കുന്നത് എങ്ങനെ ശരീരത്തെ ബാധിക്കുമെന്ന് നോക്കാം
ഊർജം വർധിപ്പിക്കുന്നു
ശരീരത്തിന് ഊർജം പകരുന്ന പ്രധാന സ്രോതസ്സായ കാർബോ ഹൈഡ്രേറ്റ് ചോറിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസ് തലച്ചോറിന് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള ഊർജം നൽകുന്നു.
ഹൃദയാരോഗ്യം
തവിട്ടു നിറത്തിലുള്ള അരി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. തവിട്ട് നിറത്തിലുള്ള അരികൊണ്ടുള്ള ചോറ് കഴിക്കുന്നവരിൽ രക്ത സമ്മർദ്ദം കുറയുകയും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത കുറക്കുമെന്നും പഠനങ്ങൾ പറയുന്നു.
ടൈപ്പ് പ്രമേഹം കുറക്കും
തവിട്ട് നിറത്തിലുള്ള അരി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറക്കുമെന്നാണ് ഹാർവാർഡ് യുനിവേഴ്സിറ്റി പഠനം പറയുന്നത്.
ദഹന പ്രശ്നങ്ങൾ
തവിട്ട് നിറത്തിലുള്ള അരിയിൽ ഫൈബർ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം സുഗമമാക്കുന്നു.
മേൽപ്പറഞ്ഞവയെല്ലാം ചോറിന്‍റെ ഗുണങ്ങളാണ്. ഇനി ദോഷങ്ങൾ കൂടി അറിയാം
എന്നും ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്തുമ്പോൾ അത് നന്നായി കഴുകി ഉപയോഗിക്കാൻ ശ്രമിക്കുക. കാരണം മണ്ണിൽ നിന്ന് ഇത് രാസ ഘടകങ്ങൾ വലിച്ചെടുക്കാൻ സാധ്യതയുണ്ട്. നന്നായി കഴുകുന്നത് ഇവ ശരീരത്തിലെത്താതിരിക്കാൻ സഹായിക്കും.
എല്ലാ ദിവസവും ചോറ് കഴിക്കുന്നവർ ഓരോ ദിവസവും വ്യത്യസ്ത ഇനം അരി ഉൾപ്പെടുത്തുന്നതാണ് നല്ലത്. സമീകൃത ആഹാരത്തിന്‍റെ അടിസ്ഥാന ഘടകമായി ചോറിനെ പരിഗണിക്കാം. അതായത് ചോറ് മാത്രമായി കഴിക്കാതെ പച്ചക്കറികളും മീനുമൊക്കെ ഒപ്പം ഉൾപ്പെടുത്തുക.


