Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഇന്ത്യയിൽ ഏറ്റവും...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ കണ്ടു വരുന്നത് സ്ത്രീകളിൽ, പക്ഷേ മരണനിരക്ക് പുരുഷന്മാരിൽ; കാരണം?

text_fields
bookmark_border
cancer
cancel

ഇന്ത്യയിൽ സ്ത്രീകളിലാണ് കാൻസർ വരാനുള്ള സാധ്യത കൂടുതൽ. എന്നാൽ കാൻസർ മൂലമുള്ള മരണനിരക്കിൽ പുരുഷന്മാരാണ് മുൻപന്തിയിൽ. രാജ്യത്തെ ഏറ്റവും പുതിയ കാൻസർ രജിസ്ട്രിയെക്കുറിച്ചുള്ള പഠനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ഈ വിരോധാഭാസം ഒരേസമയം ലളിതവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. പുതിയ കേസുകളിൽ പകുതിയിലധികവും സ്ത്രീകളാണ്. എന്നാൽ മരണം സംഭവിക്കുന്നത് ഭൂരിഭാഗവും പുരുഷന്മാരിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

​ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിൽ ഏകദേശം 14.6 ലക്ഷം കാൻസർ കേസുകളും 9.3 ലക്ഷം കാൻസർ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ​ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം സ്ത്രീകളിൽ കണ്ടുവരുന്നത് സ്തനാർബുദം, ഗർഭാശയമുഖ കാൻസർ, അണ്ഡാശയാർബുദം എന്നിവയാണ്. അതേസമയം പുരുഷന്മാരിൽ ഏറ്റവും സാധാരണമായവ വായ, ശ്വാസകോശം, അന്നനാളം എന്നിവിടങ്ങളിലെ കാൻസറുകളാണ്. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പ്രധാന കാരണങ്ങളാണ്. തടയാൻ കഴിയുന്ന കാൻസറുകളിൽ 40% പുകയില മൂലമാണ് ഉണ്ടാകുന്നത്.

സ്ത്രീകളിൽ ഉണ്ടാകുന്നതിൽ 40% സ്തനാർബുദവും സെർവിക്കൽ അർബുദവുമാണ്. സെർവിക്കൽ കാൻസർ പ്രധാനമായും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) പോലുള്ള അണുബാധകളുമായി ബന്ധപ്പെട്ടതാണെങ്കിൽ സ്തന, അണ്ഡാശയ അർബുദങ്ങൾ പലപ്പോഴും ഹോർമോൺ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഹോർമോണുമായി ബന്ധപ്പെട്ട ഈ കാൻസറുകളുടെ വർധനവ് ജീവിതശൈലിയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈകിയുള്ള ഗർഭധാരണം, മുലയൂട്ടൽ കുറയൽ, പൊണ്ണത്തടി, വ്യായാമ ശീലങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നതാണ്.

സ്ത്രീകളിൽ സാധാരണയായി കാണുന്ന സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവ നേരത്തെയുള്ള രോഗനിർണയത്തിലൂടെയും ചികിത്സയിലൂടെയും പൂർണമായി ഭേദമാക്കാൻ സാധിക്കും. ഇത് മരണനിരക്ക് കുറക്കാൻ സഹായിക്കുന്നു. എന്നാൽ പുരുഷന്മാരിൽ സാധാരണയായി കാണുന്ന ശ്വാസകോശ, വായ, അന്നനാളം കാൻസറുകൾ പലപ്പോഴും രോഗനിർണയം നടത്താൻ വൈകുകയും കൂടുതൽ അപകടകരമാവുകയും ചെയ്യും. ഇത് പുരുഷന്മാരിലെ മരണനിരക്ക് ഉയർത്തുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

പലപ്പോഴും പുരുഷന്മാർ ആരോഗ്യപരമായ പ്രശ്നങ്ങളെ ഗൗരവമായി കാണാറില്ല. ഇത് രോഗലക്ഷണങ്ങൾ അവഗണിക്കാനും രോഗം മൂർച്ഛിച്ചതിന് ശേഷം മാത്രം ചികിത്സ തേടാനും കാരണമാകുന്നു. എന്നാൽ സ്ത്രീകൾക്കിടയിൽ സ്തനാർബുദം, ഗർഭാശയമുഖ കാൻസർ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവൽക്കരണവും സ്ക്രീനിങ് പ്രോഗ്രാമുകളും കാരണം രോഗം നേരത്തെ കണ്ടെത്താൻ സാധിക്കുന്നു. ചില പുരുഷന്മാർ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനോ ചികിത്സ തേടാനോ മടി കാണിക്കാറുണ്ട്. ഇത് രോഗം ഗുരുതരമാകാൻ കാരണമാകുന്നു. പ്രത്യുൽപാദന ആരോഗ്യ പരിശോധനകളിലൂടെ സ്ത്രീകൾ ഏതെങ്കിലും ഘട്ടത്തിൽ ഒരു ഡോക്ടറെ കാണാനുള്ള സാധ്യത കൂടുതലാണ്. നേരെമറിച്ച് പല പുരുഷന്മാരും ജീവിതകാലം മുഴുവൻ ഡോക്ടറെ ഇരിക്കുന്നതും മരണനിരക്ക് കൂട്ടുന്നുണ്ട്.

43 രജിസ്ട്രികളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഇന്ത്യയിലെ ഓരോ 100 പേരിൽ 11 പേർക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ്. 2025 കഴിയുമ്പോൾ 1.56 ദശലക്ഷം കേസുകളും 874,000 മരണങ്ങളും ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. കുന്നിൻ പ്രദേശങ്ങളും താരതമ്യേന വിദൂരവുമായ വടക്കുകിഴക്കൻ മേഖലകളുമാണ് ഇന്ത്യയുടെ കാൻസർ ഹോട്ട്‌സ്‌പോട്ടായി തുടരുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാൻസർ ബാധിതരുള്ളത്. ഇടക്കിടെ ശ്വാസകോശാർബുദം കണ്ടെത്തുന്നത് തെക്കേ ഇന്ത്യയിലെ നഗങ്ങളിലാണ്. ഇതിൽ കൊല്ലം, തിരുവനന്തപുരം, മലബാർ മേഖല, ബംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ സ്തനാർബുദം കാണപ്പെടുന്നത് ഹൈദരാബാദിലാണ്. ഗർഭാശയ കാൻസർ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലും. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം കാണുന്നത് ശ്രീനഗറിലും സ്ത്രീകളിൽ ഐസ്വാളിലുമാണ്. ഇതിൽ ഭൂരിഭാഗവും ജീവിതശൈലി മൂലമാണെന്ന് ഡോക്ടർമാർ പറയുന്നു.

പുകയില ഉപയോഗമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് സ്ത്രീകളും പുരുഷൻമാരും ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നതും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. കൂടാതെ പാക്ക് ചയവക്കുന്നത് ഇവരുടെ ശീലമാണ്. കൂടാതെ ഫെർമെൻറ് ചെയ്ത പന്നിയുടെ നെയ്യ്, ഉണക്കമീൻ, സോഡ, വീര്യം കൂടിയ മദ്യം, സ്പൈസി ആയ ഭക്ഷണം തുടങ്ങിയവ ഇവരുടെ ശീലമാണ്. ഇതൊക്കെ കാൻസറിന് കാരണമാകുന്നതായി പഠനം പറയുന്നു.

അതേസമയം സമ്പന്ന രാജ്യങ്ങളിൽ 12 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാവുന്നു. എന്നാൽ 71 പേരിൽ ഒരാൾക്ക് മാത്രമേ മരണം സംഭവിക്കുന്നുള്ളൂ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മനുഷ്യ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളിലെ സ്ത്രീകൾക്ക് ഉയർന്ന മനുഷ്യ വികസന സൂചികയുള്ള രാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദം കണ്ടെത്താനുള്ള സാധ്യത 50% കുറവാണ്. എന്നിരുന്നാലും വൈകിയുള്ള രോഗനിർണയം, ഗുണനിലവാരമുള്ള ചികിത്സയുടെ അപര്യാപ്തത എന്നിവ കാരണം അവർ രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Show Full Article
TAGS:women Cancer India Mortality Rate 
News Summary - Why more women get cancer in India - but more men die
Next Story