ഹൃദയത്തെ കാക്കാൻ ഹൃദയപൂര്‍വം
text_fieldsകൊച്ചി: കളിചിരികളും തമാശകളുമായി നമുക്കിടയിലിരുന്ന് സംസാരിക്കുന്ന ഒരാൾ പെട്ടെന്ന് ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണാൽ എന്തുചെയ്യുമെന്നറിയാതെ ആശങ്കപ്പെടുന്നവരാണ് നമ്മിൽ പലരും. എത്രയും പെട്ടെന്ന് ആംബുലൻസ് വിളിക്കാനും ആശുപത്രിയിലെത്തിക്കാനുമായിരിക്കും തിടുക്കം. അതിനൊപ്പം തന്നെ, അല്ലെങ്കിൽ വൈദ്യസഹായം തേടും മുമ്പേ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ച് അധികമാർക്കും അറിയണമെന്നില്ല.
ഇത്തരത്തിൽ ഹൃദയസ്തംഭനമുണ്ടായി കഴിഞ്ഞാൽ നൽകേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ലക്ഷ്യമിടുന്ന ആരോഗ്യവകുപ്പിന്റെ ഹൃദയപൂര്‍വം കാമ്പയിന് തുടക്കമായി. സംസ്ഥാനത്തുടനീളം ലോക ഹൃദയദിനമായ സെപ്റ്റംബർ 29നാണ് പൊതുജനങ്ങള്‍ക്കായി സി.പി.ആര് (കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഒറ്റ ദിവസത്തിനകം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് സി.പി.ആര് പരിശീലനത്തില്‍ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്.
4000 കടന്ന് എറണാകുളം..
കാമ്പയിന്റെ ആദ്യദിനം ഏറ്റവും കൂടുതൽ പേർ പരിശീലനം നേടി കൈയ്യടി നേടിയിരിക്കുകയാണ് ജില്ലയിലെ ആരോഗ്യവകുപ്പ്. 4311 പേർക്കാണ് ആദ്യദിനം പരിശീലനം നൽകിയത്. ചൊവ്വാഴ്ച വൈകീട്ടോടെ 4601 പേർക്ക് ജീവരക്ഷ പരിശീലനം നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യദിനം സംസ്ഥാനത്തുടനീളം 15,616 പേർക്കാണ് പരിശീലനം നൽകിയത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിൽ എറണാകുളത്തിന്റെ പകുതിയിൽ താഴെ പേർക്കേ ( 2075) പരിശീലനം നേടാനായുള്ളൂ. എല്ലാ ജില്ലകളിലുമായി 242 കേന്ദ്രങ്ങളിലായിരുന്നു പരിശീലനം. വരും ദിവസങ്ങളിലും തുടരും.
ഹൃദയപൂർവം എന്തിന്?
സി.പി.ആർ എന്ന ലളിതമായ ഹൃദയാഘാത പ്രഥമ ശുശ്രൂഷ നൽകുന്നതിലൂടെ ഹൃദയാഘാത മരണങ്ങൾ ഒഴിവാക്കാനും കുറക്കാനും സാധിക്കും. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രഥമ ശുശ്രൂഷയാണിത്. കെ.ജി.എം.ഒ.എ, ഐ.എം.എ എന്നിവയുമായി സഹകരിച്ചാണ് പരിശീലനം. ജില്ലയിലെ ദ്രുതകർമ സേന, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവരും കാമ്പയിന്റെ ഭാഗമാവുന്നുണ്ട്.
പരിശീലനം ആർക്കൊക്കെ?
വിദ്യാലയങ്ങൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികൾ, മുൻനിര തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപെട്ടവർക്കാണ് ഇതിനകം പരിശീലനം നൽകിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഏറെ താൽപര്യത്തോടെയാണ് പൊതുജനങ്ങൾ പരിശീലന പരിപാടിയുടെ ഭാഗമായത്. സി.പി.ആർ പരിശീലനം നേടുന്നതിന് താൽപര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഓഫിസുകൾക്കോ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.
സി.പി.ആർ പരിശീലനം ഏറെ അനിവാര്യം -ആരോഗ്യമന്ത്രി
സി.പി.ആര് പരിശീലനം നേടുക എന്നത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൂടുതല്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും പരിശീലനത്തിനായി മുന്നോട്ടുവരണം. പുതുതായി ആരംഭിക്കുന്ന സ്കൂള്‍ ആരോഗ്യ പരിപാടിയില്‍ സി.പി.ആര് പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.