Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightമുപ്പതുകളിൽ...

മുപ്പതുകളിൽ മസ്തിഷ്‍കത്തെ സൂപ്പറാക്കാൻ അഞ്ചുമന്ത്രങ്ങൾ

text_fields
bookmark_border
മുപ്പതുകളിൽ മസ്തിഷ്‍കത്തെ സൂപ്പറാക്കാൻ അഞ്ചുമന്ത്രങ്ങൾ
cancel

തിരക്കേറിയ ജീവിതത്തിൽ ശരീരാരോഗ്യത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും മസ്തിഷ്കാരോഗ്യത്തിന് ലഭിക്കാറില്ല. നമ്മുടെ മുപ്പതുകളാണ്, പിന്നീടങ്ങോട്ട് ചിന്താശേഷിയും മാനസികാരോഗ്യവും നിർണയിക്കുന്നതിലെ നിർണായക കാലമെന്ന് വിദഗ്ധർ പറയുന്നു. ഈ പ്രായത്തിൽ രൂപപ്പെടുന്ന ജീവിതശീലങ്ങൾ വാർധക്യകാലത്തെ ബുദ്ധിക്ഷയ സാധ്യതകളെ പോലും സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാധ്യമത്തിൽ ഒരു വെൽനെസ് വിദഗ്ധൻ ഈയിടെ പങ്കുവെച്ച, ചില ജീവിതശീലങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ശീലങ്ങൾ നിത്യജീവിതത്തിൽ കൊണ്ടുവന്നാൽ മുപ്പതുകളെ സൂപ്പറാക്കാമെന്നാണ് ഈ വിദഗ്ധൻ പറയുന്നത്. അതിങ്ങനെയാണ്: ‘ഒരേസമയം പല കാര്യങ്ങളും ചെയ്യുന്നതിനുപകരം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക’, പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക, പ്രഭാത സൂര്യപ്രകാശം ഏൽക്കുക, ഭക്ഷണം പതിയെ, ചവച്ചരച്ച് കഴിക്കുക, നമ്മുടെ പ്രവർത്തനങ്ങളിൽ മാനസിക ഊർജം വർധിപ്പിക്കുന്നതേത്, കുറയ്ക്കുന്നതേത് എന്ന് തിരിച്ചറിയുക. ഇവ ശ്രദ്ധ, ഓർമശക്തി, മാനസികാവസ്ഥ, ദീർഘകാല മസ്തിഷ്കാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് അവകാശവാദം.

ഇത്തരം ചെറിയ ശീലങ്ങൾ യഥാർഥത്തിൽ മസ്തിഷ്കത്തെ സ്വാധീനിക്കുമോ? ന്യൂഡൽഹിയിലെ പി.എസ്.ആർ.ഐ ആശുപത്രിയിലെ ന്യൂറോ സർജറി ഡയറക്ടർ ഡോ. എം. നാരായണ സ്വാമിയുടെ അഭിപ്രായത്തിൽ അതിന് വ്യക്തമായ ശാസ്ത്രീയ അടിസ്ഥാനമുണ്ട്. ‘മുപ്പതുകൾ ദീർഘകാല മസ്തിഷ്കാരോഗ്യത്തിന് അടിത്തറ പാകുന്ന കാലഘട്ടമാണ്. ബുദ്ധിക്ഷയം പൂർണമായും തടയാൻ അത്ഭുതമരുന്നുകളൊന്നുമില്ലെങ്കിലും ചില ജീവിതശീലങ്ങൾ മസ്തിഷ്കത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്’’ -അദ്ദേഹം പറയുന്നു.

മുപ്പതുകൾതൊട്ട് ശീലിക്കാം

മുപ്പതുകളിൽ ശീലമാക്കുന്ന ഈ ലളിത പ്രവർത്തനങ്ങൾ ഭാവിയിൽ ഓർമകളും ചിന്തകളും വ്യക്തമായി നിലനിർത്താനുള്ള നിക്ഷേപമായി മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ:

നടക്കാം, മസ്തിഷ്കത്തെ സജീവമാക്കാം: സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉറക്കം മസ്തിഷ്കത്തിന്റെ അറ്റകുറ്റപ്പണിക്കാലം: രാത്രിയിലെ ഉറക്കം വിശ്രമത്തിനുള്ള സമയം മാത്രമല്ല, മസ്തിഷ്കം ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന ഘട്ടവുമാണ്. ആ ദിവസം ലഭിച്ച വിവരങ്ങൾ ക്രമീകരിക്കുകയും ഓർമകളാക്കി മാറ്റുകയും കോശങ്ങളുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നത് ഉറക്കത്തിനിടയിലാണ്.

ഭക്ഷണം തന്നെ മസ്തിഷ്കത്തിന്റെ ഇന്ധനം: നാം കഴിക്കുന്ന ഭക്ഷണത്തിന് മസ്തിഷ്കത്തിന്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധമുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സ്, വിത്തുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃത ഭക്ഷണക്രമം മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്നു.

സൗഹൃദങ്ങളും ബന്ധങ്ങളും മസ്തിഷ്കത്തെ ചെറുപ്പമാക്കും: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമൂഹവുമായി ബന്ധങ്ങൾ നിലനിർത്തുന്നത് മാനസികാരോഗ്യത്തിന് മാത്രമല്ല, മസ്തിഷ്കത്തിനും ഗുണകരമാണ്.

പഠനം അവസാനിപ്പിക്കരുത്: സ്കൂൾ-കോളജ് പഠനം കഴിഞ്ഞാലും പഠനം അവസാനിപ്പിക്കേണ്ടതില്ല. പുസ്തകവായന, പുതിയ ഭാഷ പഠിക്കൽ, സംഗീതോപകരണം അഭ്യസിക്കൽ, പസിലുകൾ പരിഹരിക്കൽ, പുതിയ ഹോബികൾ കണ്ടെത്തൽ തുടങ്ങിയവ മസ്തിഷ്കത്തെ ചെറുപ്പമാക്കുന്ന പണികളാണ്.

Show Full Article
TAGS:Health brain Mental Health 
News Summary - Five mantras to supercharge the brain in your thirties
Next Story