സ്ത്രീകളും പോഷകാഹാരവും
text_fieldsമികച്ച ആരോഗ്യം നിലനിർത്തുന്നതിന് സ്ത്രീകൾ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ആർത്തവം, ഗർഭധാരണം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ മൂലം സ്ത്രീകളുടെ ശരീരം സവിശേഷമാണ്. ആർത്തവ സമയത്ത് നഷ്ടപ്പെടുന്ന അയൺ നികത്താൻ സ്ത്രീകൾക്ക് കൂടുതൽ അയൺ ആവശ്യമാണ്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും, ഫോളിക് ആസിഡ്, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് കാത്സ്യവും അയണും, ആർത്തവ വിരാമത്തിനുശേഷം അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ കൂടുതൽ കാത്സ്യവും വിറ്റമിൻ ഡിയും തുടങ്ങി സ്ത്രീകൾ ശ്രദ്ധയോടെ ശീലമാക്കേണ്ട ചിലതുണ്ട്. അവയിൽ പ്രധാനമായത് താഴെ.
അയൺ: അലസത അനുഭവപ്പെടുക, ജോലി ചെയ്യാൻ ഊർജമില്ലാതിരിക്കുക, ക്ഷീണം എന്നിവ അയൺ കുറവ് മൂലമാകാം. 50-60 ശതമാനം സ്ത്രീകളും അയൺ കുറവുള്ളവരാണ് എന്നാണ് കണ്ടെത്തൽ. മാംസം (പ്രത്യേകിച്ച് കരൾ), കോഴിയിറച്ചി, കടൽ വിഭവങ്ങൾ എന്നിവ കഴിച്ച് അയൺ വർധിപ്പിക്കാം. ഇലക്കറികൾ, പയർ, നട്സ്, ഉണക്കമുന്തിരി, അത്തിപ്പഴം, ബീൻസ് എന്നിവയും ഇരുമ്പിന്റെ നല്ല ഉറവിടങ്ങളാണ്. നാരങ്ങ, മുന്തിരി, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാം. ചായ/കാപ്പി എന്നിവയുടെ ഉപയോഗം കുറക്കേണ്ടത് ആവശ്യമാണ്.
കാത്സ്യം: അസ്ഥികൾ ദുർബലമാകുന്നതായി തോന്നിയാൽ അവർ കാത്സ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കാത്സ്യത്തിന്റെ കുറവ് ക്ഷോഭം, ഉത്കണ്ഠ, വിഷാദം, ഉറക്ക ബുദ്ധിമുട്ടുകൾ തുടങ്ങിയ മാനസികാവസ്ഥ പ്രശ്നങ്ങൾക്ക് കാരണമാകും. ബദാം പോലുള്ള നട്സ്, പയർ, ബ്രോക്കോളി, പച്ചക്കറികൾ എന്നിവ കാത്സ്യം സ്രോതസ്സുകളാണ്.
മികച്ച കാത്സ്യം ആഗിരണത്തിന് ആവശ്യമായ മറ്റ് രണ്ട് പ്രധാന പോഷകങ്ങൾ വിറ്റമിൻ ഡി, മഗ്നീഷ്യം എന്നിവയാണ്. നട്സും പച്ച ഇലക്കറികളുമാണ് മഗ്നീഷ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടങ്ങൾ. മുട്ടയുടെ മഞ്ഞക്കരു, പാൽ എന്നിവയും ഭക്ഷണ സ്രോതസ്സുകളിൽ ഉൾപ്പെടുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകൾ: ഒമേഗ-3 കൾ ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്നു. വിഷാദരോഗം മറികടക്കാനും ഒമേഗ -3 ഫാറ്റി ആസിഡുകൾ സഹായിക്കും. ഗർഭകാലത്ത് ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവ് നവജാത ശിശുവിന്റെ മാനസികാരോഗ്യത്തെ ബാധിക്കും. സാൽമൺ, ഫ്ലാക്സ് സീഡുകൾ, വാൽനട്ട്, ചിയ വിത്തുകൾ, മത്സ്യങ്ങൾ തുടങ്ങിയവ ഒമേഗ-3-യുടെ ഉറവിടങ്ങളാണ്.
വിറ്റമിൻ -ഡി: അസ്ഥികളുടെ ആരോഗ്യത്തിലും കാത്സ്യം ആഗിരണം ചെയ്യുന്നതിലും വിറ്റമിൻ- ഡി പ്രധാന പങ്കുവഹിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പേശികളുടെ ആരോഗ്യം, മാനസികാവസ്ഥ നിയന്ത്രണം എന്നിവക്കും വിറ്റമിൻ- ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഒരു പ്രാഥമിക സ്രോതസ്സാണെങ്കിലും കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാലും ചില ധാന്യങ്ങളും പോലുള്ളവ കഴിക്കുന്നത് സൂര്യപ്രകാശം കുറവുള്ള പ്രദേശങ്ങളിൽ അത്യാവശ്യമാണ്.
സിങ്ക്: രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മുറിവ് ഉണക്കൽ, രക്തം കട്ടപിടിക്കൽ, തൈറോയ്ഡ് പ്രവർത്തനം എന്നിവക്കും മറ്റും സിങ്ക് അത്യാവശ്യമാണ്. ഗർഭകാലത്ത് ഗര്ഭസ്ഥ ശിശുവിന്റെ വികാസത്തിന് ഇത് അത്യന്താപേക്ഷിതമാണ്. സിങ്കിന്റെ ഉറവിടങ്ങളിൽ മീറ്റ്, ഷെൽഫിഷ്, പയറുവർഗങ്ങൾ, വിത്തുകൾ, നട്സ്, പാലുൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.