ഹൃദയാരോഗ്യത്തിന് നല്ല കാലം
text_fieldsനോമ്പ് ആത്മീയ സംസ്കരണത്തിനൊപ്പം ശാരീരികവും മാനസികവുമായ സംസ്കരണം കൂടി നൽകുന്നു. ഭക്ഷണവും ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കുന്നതിനാൽ അസുഖങ്ങള്‍ കുറയാനും പുതിയ അസുഖങ്ങള്‍ വരാതിരിക്കാനും നോമ്പ് സഹായിക്കും. ശരീരത്തെ ആകമാനം നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ ആരോഗ്യത്തിന് നോമ്പുകാലം വലിയ സഹായം ചെയ്യും.
അമിത രക്തസമ്മര്‍ദത്തിന് നിയന്ത്രണം ലഭിക്കുന്ന സമയമാണ് നോമ്പുകാലം. ഇത് ഹൃദയത്തെ ഗുണകരമായി സ്വാധീനിക്കുന്നു.
തിരക്കുകളും സമ്മർദവും കുറയുന്നതിനാൽ നോമ്പുകാലത്ത് ഹൃദയമിടിപ്പ് സാധാരണഗതിയിലേക്ക് വരാനുള്ള സാധ്യത കൂട്ടുന്നു. ഇത് അമിത രക്തസമ്മര്‍ദം മൂലം ഉണ്ടാകുന്ന രോഗങ്ങളിൽനിന്ന് രക്ഷ നൽകും. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയുടെ സാധ്യത കുറയാൻ ഇത് കാരണമാകുന്നു.
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഘട്ടത്തിൽ ഹൃദയമിടിപ്പിന്റെ വേഗം കൂടുകയും കുറയുകയും വേണം.
ഈ ഏറ്റക്കുറച്ചിലുകള്‍ ആരോഗ്യകരമായ നിലയില്‍ ആകാന്‍ നോമ്പ് സഹായിക്കും. ഹൃദയമിടിപ്പിന്റെ ഭാഗമായി ഹൃദയം ചുരുങ്ങുന്നതിന്റെ അളവ് കൂട്ടാനും രക്തക്കുഴലുകള്‍ വികസിക്കുന്നതിന്റെ തോത് കൂട്ടാനും അതിലൂടെ വിവിധ തരത്തിലുള്ള അസുഖങ്ങള്‍ വരുന്നത് കുറക്കാനും നോമ്പ് ശരീരത്തെ സഹായിക്കുന്നു.ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുന്നതിനാൽ നോമ്പുകാലം അമിത കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവയുടെ തോത് കുറക്കുന്നു. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും ഹൃദ്രോഗം, ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയിൽനിന്ന് രക്ഷ നേടിതരികയും ചെയ്യും.