അത്യാഹിതങ്ങളിലെ ആശ്വാസ കുതിപ്പ്
text_fieldsനാഷണല്‍ ആംബുലന്‍സ് സി.ഇ.ഒ എൻജിനീയര്‍ മുഹമ്മദ് സാലെം ഹബൂഷ്, റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി എന്നിവര്‍ റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍
മനുഷ്യര്‍ നിസ്സഹായരാകുന്ന ഘട്ടങ്ങളിലെല്ലാം കുതിച്ചത്തെി ദ്രുതവേഗത്തില്‍ ആശ്വാസ തീരമണിയിക്കുന്നതില് മുഴുസമയ സേവനനിരതരാണ് റാക് പൊലീസ് ആംബുലന്‍സ് വിഭാഗം. നാഷനല്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തുടര്‍ച്ചയായതും ഫലപ്രദവുമായ പിന്തുണയാണ് റാസല്‍ഖൈമ പൊലീസ് കമാന്‍ഡും ടീമുകളും നല്‍കുന്നതെന്ന് ദേശീയ ആംബുലന്‍സ് സി.ഇ.ഒ എൻജിനീയര്‍ മുഹമ്മദ് സാലെം ഹബൂഷ് അഭിപ്രായപ്പെട്ടു.
റാസല്‍ഖൈമ പൊലീസ് ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാഹിതങ്ങള്‍ സംഭവിക്കുന്നയിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ നല്കുന്നതില് സ്തുത്യര്‍ഹമായ സേവനമാണ് ദേശീയ ആംബുലന്‍സ് വിഭാഗം നല്‍കുന്നതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
മെഡിക്കല്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ജീവൻ രക്ഷിക്കുന്നതിലും നാഷണല്‍ ആംബുലന്‍സ് നല്കുന്ന സേവനം വിലമതിക്കാനാകാത്തതാണ്. പുതിയ ദേശീയ ആംബുലന്‍സ് ഐഡന്റിറ്റി സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്ക്കുനുസൃതമായ അതിവേഗ പ്രതികരണം സാധ്യമാക്കുന്നതാകുമെന്നും അലി അബ്ദുല്ല പറഞ്ഞു.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയം, നാഷണല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍, വിവിധ പൊലീസ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നാഷണല്‍ ഗാര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷണല്‍ ആംബുലന്‍സ് ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അത്യാധുനിക വാഹനങ്ങളില്‍ സേവനങ്ങള്‍ നല്‍കിവരികയാണ്.
ആംബുലന്‍സുകളിലെ നൂതന ഉപകരണങ്ങള്‍ പ്രീ ഹോസ്പിറ്റല്‍ ഘട്ടത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനത്തിന് ഉതകുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തിര ഘട്ടങ്ങളില്‍ 998 നമ്പര്‍ വഴിയും NA998 എന്ന ഇലക്ട്രോണിക് ആപ്ളിക്കേഷന്‍ വഴിയും രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ആംബുലന്‍സ് സേവനത്തിന് അഭ്യര്‍ഥിക്കാവുന്നതാണ്.