അത്താഴം മുടക്കേണ്ട, വയറുനിറക്കേണ്ട
text_fieldsനോമ്പ് ആരംഭിക്കുന്നതിന് മുമ്പ് പുലർച്ചെ സുബ്ഹി ബാങ്കിന് മുമ്പായി അത്താഴം കഴിക്കുന്നത് മുടക്കേണ്ട. ഇസ്ലാം വിശ്വാസപരമായി തന്നെ പുണ്യങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണിത്. ഇതോടൊപ്പം ശാസ്ത്രീയമായും ഇതിന് അടിത്തറയുണ്ട്. പകലിൽ അന്നപാനീയങ്ങൾ ഒഴിവാക്കുന്നത് മൂലം അസിഡിറ്റി, ക്ഷീണം എന്നിവ ഇല്ലാതിരിക്കാൻ അത്താഴം കഴിക്കുന്നത് ഉപയോഗപ്പെടും. ഇഡ്ഡലി, അപ്പം, ദോശ പോലെയുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ എളുപ്പം ദഹിക്കുന്നവയാണ്. ഇവ കഴിച്ചാൽ നേരത്തെ വിശക്കാൻ തുടങ്ങും. അത്താഴ ഭക്ഷണത്തിന് നല്ലത് നാരുകൾ ഉള്ള ഭക്ഷണമാണ്. അസിഡിറ്റി മൂലമുള്ള ബുദ്ധിമുട്ടുകൾ ചെറുക്കാനും ഇത് സഹായിക്കും. അത്താഴ സമയത്ത് ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കണം.
സന്തുലിതമായ ഭക്ഷണക്രമം
നോമ്പ് തുറന്നു നമസ്കാരത്തിനുശേഷം അൽപം ഇടവേളയെടുത്ത് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരക്കയും പച്ചവെള്ളവും കൊണ്ട് നോമ്പുതുറക്കുന്നതാണ് പുണ്യകരമെന്ന് പ്രവാചക വചനമുണ്ട്. ഇതിനൊപ്പം ആവശ്യത്തിന് പഴങ്ങളും കഴിക്കാം. നോമ്പുതുറക്കുമ്പോഴും ശേഷവും ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജലാംശം കൂടുതൽ ഉള്ള പഴങ്ങൾ കഴിക്കാവുന്നതാണ്. കഫീൻ അടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കണം.
ഇഫ്താർ സമയങ്ങളിൽ കൊഴുപ്പുള്ള ഭക്ഷണവും ശീതള പാനീയങ്ങളും കൂടുതലാകുന്നത് ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ്, മധുരം എന്നിവ കൂടുതലുള്ള ഭക്ഷണവും ഒഴിവാക്കാം. നോമ്പ് തുറന്നയുടനെ വയറുനിറയെ ഭക്ഷണം കഴിച്ചാൽ അസിഡിറ്റിയും കൊളസ്ട്രോളും ഉണ്ടാവാനും സാധ്യതയുണ്ട്. കൂടുതലായി ഭക്ഷണം കഴിച്ചാൽ ഉറക്കം അസ്വസ്ഥപ്പെടാനും നെഞ്ചെരിച്ചിലിനും കാരണമാകും. വൈറ്റമിൻ ഇ അടങ്ങിയ ജലാംശമുള്ള വസ്തുക്കൾ, മത്സ്യം, പരിപ്പ് എന്നിവ നല്ല രീതിയിൽ കഴിക്കാം.