ഈത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
text_fieldsനോമ്പ് തുറക്കുന്ന സമയത്ത് വിശ്വാസികൾ ആദ്യം കഴിക്കുന്നതിൽ ഒന്നാണ് ഈത്തപ്പഴം. ഇതിന് ചില ആരോഗ്യ ഗുണങ്ങളുമുണ്ട്. വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായ ഈത്തപ്പഴം ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈത്തപ്പഴം. ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആന്റിഓക്സിഡൻറുകളാലും ഇവ സമ്പന്നമാണ്. ദിവസവും ഈത്തപ്പഴം കഴിക്കുന്നത് ഈ പോഷകങ്ങൾ ശരീരത്തിലെത്താനും ഉന്മേഷം ലഭിക്കാനും സഹായിക്കും.
ഈത്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക സ്രോതസാണ്. ഇത് ഊർജം വർധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കും. ഈത്തപ്പഴത്തിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ദഹനപ്രശ്നം ഉള്ളവർക്ക് ദിവസവും ഈത്തപ്പഴം തെരഞ്ഞെടുക്കാം.
പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും ഈത്തപ്പഴം സഹായിക്കും. ഈത്തപ്പഴത്തിൽ ഫാറ്റ് കുറവാണ്. അതിനാൽ ഇത് കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്ത് ഹൃദയാരോഗ്യത്തെ സഹായിക്കും. ഈത്തപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറക്കാനും സഹായിക്കും.
അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ തകരാറുകൾ തടയാനും ഈ പഴം സഹായിക്കും. വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയതിനാൽ ചർമ്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഈത്തപ്പഴം കഴിക്കുന്നത് വയറു നിറഞ്ഞ തോന്നൽ തരും. അതിനാൽ എല്ലായ്പോഴും കഴിക്കാൻ തോന്നുന്നത് ഒഴിവാക്കാനും തടികുറക്കാനും സഹായിക്കും.
എന്നാൽ അമിതമായി കഴിച്ചാൽ വിപരീത ഫലം ഉണ്ടാക്കിയേക്കാം. മിതമായി മാത്രം ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കുക. സ്ഥിരമായി മരുന്ന് കഴിക്കുന്നവരും രോഗങ്ങളുള്ളവരും ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.