ഡോക്ടര്‍മാരുടെ കുറവ്; മലയോരത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ദുരിതത്തിൽ
text_fields1. വെള്ളറട സര്‍ക്കാര്‍ ആശുപത്രി 2. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികൾ
വെള്ളറട: ഡോക്ടര്‍മാരുടെ സേവന ലഭ്യതക്കുറവും രോഗികളുടെ ബാഹുല്യവും മൂലം വീര്‍പ്പുമുട്ടുകയാണ് മലയോര പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍.
പ്രധാന സ്ഥാപനങ്ങളായ വെള്ളറടയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. മഴക്കാലത്ത് പ്രദേശത്ത് പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് രോഗികള്‍ ഇതുമൂലം ബുദ്ധിമുട്ട് നേരിടുന്നത്.
മൂന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരും നാല് എന്‍.ആര്.എച്ച്.എം ഡോക്ടര്‍മാരും ഉള്‍പ്പെടെ നിലവില്‍ ഏഴ് ഡോക്ടര്‍മാര്‍ മാത്രമാണ് വെള്ളറടയിലുള്ളത്. ഡ്യൂട്ടി ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ഓഫിസര്‍-ഇന്‍ ചാര്‍ജ് ഉള്ളതിനാല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടതുണ്ട്.
ഇക്കാരണത്താല്‍ പലപ്പോഴും ഒ.പിയിലെ ഡ്യൂട്ടിക്ക് എത്താറില്ല. ബാക്കിയുള്ളവരില്‍ ചിലര്‍ അവധിയെടുത്താന് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുമെന്നനിലയിലാണ്. കുന്നത്തുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ആറുവരെയാണ് പരിശോധന സമയമെങ്കിലും ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് പതിവെന്ന് രോഗികള്‍ പറയുന്നു. കഴിഞ്ഞ ദിവസം നാനൂറിലധികം രോഗികളാണ് ആരോഗ്യ കേന്ദ്രത്തിലെത്തിയത്. മൂന്നു ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിക്കെത്തിയത്.