Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightരോമാഞ്ചത്തിന്റെ...

രോമാഞ്ചത്തിന്റെ ശാസ്ത്ര രഹസ്യം

text_fields
bookmark_border
രോമാഞ്ചത്തിന്റെ ശാസ്ത്ര രഹസ്യം
cancel

രോമാഞ്ചം അനുഭവപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? മനുഷ്യ ശരീരത്തിൽ പലപ്പോഴും നമുക്ക് നിയന്ത്രിക്കാനാകാത്ത ചെറിയ പ്രതികരണങ്ങളിലൊന്നാണിത്. തണുപ്പ് തോന്നുമ്പോഴും പേടി അനുഭവിക്കുമ്പോഴും ചിലപ്പോൾ ഒരു സംഗീതം കേൾക്കുമ്പോഴും അതല്ലെങ്കിൽ അതിവൈകാരികമായ മറ്റു നിമിഷങ്ങളിലും ശരീരത്തിലെ രോമങ്ങൾ അൽപ സമയത്തേക്ക് എഴുന്നുനിൽക്കുന്ന അവസ്ഥയെ ആണ് രോമാഞ്ചം എന്ന് വിളിക്കുന്നത്. ഇതിന് പിന്നിലൊരു ശാസ്ത്രമുണ്ട്.

ശരീരത്തിലെ ഓരോ രോമവും ഒരു ചെറിയ ഫോളിക്കിളിനുള്ളിലാണ് (ചെറിയ സഞ്ചി) സ്ഥിതി ചെയ്യുന്നത്. ഈ ഫോളിക്കിളുകൾ അറക്ടർ പില്ലി എന്ന ചെറിയ പേശികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. തണുപ്പ്, പേടി, ശക്തമായ വികാരം തുടങ്ങിയ സാഹചര്യങ്ങളിൽ തലച്ചോറിൽനിന്ന് സിഗ്നൽ നൽകുമ്പോൾ ഈ പേശികൾ ഒരുമിച്ച് ചുരുങ്ങുന്നു. ഇതോടെ രോമങ്ങൾ നിവർന്ന് നിൽക്കുകയും ചർമത്തിൽ ചെറിയ ഉയർച്ചകൾ രൂപപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ സാധാരണയായി ഒരു സെക്കൻഡിനുള്ളിൽ തന്നെ സംഭവിക്കുന്ന അതിവേഗ പ്രതികരണമാണ്. രോമാഞ്ചത്തിന് പ്രധാനമായും കാരണമാകുന്നത് അഡ്രിനലിൻ എന്ന ഹോർമോണാണ്. തലച്ചോർ ഒരു ‘ഭീഷണി’ തിരിച്ചറിഞ്ഞാൽ അല്ലെങ്കിൽ താപനില പെട്ടെന്ന് കുറയുമ്പോൾ അഡ്രിനലിൻ രക്തത്തിലേക്ക് പ്രവേശിക്കുന്നു. ഇതാണ് ശരീരത്തിൽ ഒരേസമയം പല ഭാഗങ്ങളിലും രോമാഞ്ചം ഉണ്ടാകാൻ കാരണമാകുന്നത്.

ചിലപ്പോൾ ഒരു പാട്ടോ സിനിമാ രംഗമോ നമ്മെ ആവേശപ്പെടുത്തുമ്പോൾ രോമാഞ്ചം ഉണ്ടാകാറുണ്ട്. ഇത് തലച്ചോറിലെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന കേന്ദ്രങ്ങളും ഭീഷണിയെ തിരിച്ചറിയുന്ന സംവിധാനവും തമ്മിലുള്ള ബന്ധം കാരണം സംഭവിക്കുന്നതാണ്. അതിനാൽ യഥാർഥ ഭീഷണിയല്ലാത്ത ഒരു സംഗീതമോ മറ്റു അനുഭവമോ പോലും ശരീരത്തിൽ അഡ്രിനലിൻ ഉൽപാദിപ്പിക്കുകയും അതുവഴി രോമാഞ്ചത്തിനും കാരണമാകുന്നു.

പരിണാമ ശാസ്ത്രജ്ഞർ രോമാഞ്ചത്തെക്കുറിച്ച് കൗതുകകരമായ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്: മനുഷ്യപരിണാമ പരമായൊരു ‘അവശിഷ്ട’മാണത്രെ രോമാഞ്ചം. നിയണ്ടർത്താലിന് മുമ്പുള്ള ‘മനുഷ്യ വംശം’ അടക്കമുള്ള ജീവികൾക്ക് ശരീരത്തിൽ കൂടുതൽ രോമമുണ്ടായിരുന്നു. രോമങ്ങൾ നിവരുമ്പോൾ അതിനിടയിൽ വായു കുടുങ്ങി ശരീരത്തെ ചൂടോടെ നിലനിർത്താൻ സഹായിച്ചിരുന്നു. മറ്റു മൃഗങ്ങളിൽനിന്ന് ഭീഷണി നേരിടുമ്പോൾ രോമങ്ങൾ ഉയർത്തി തങ്ങളെ സ്വയം വലുതായി കാണിക്കാനും അതുവഴി ശത്രുക്കളെ ഭയപ്പെടുത്താനുള്ള രീതിയായും പൂർവിക മനുഷ്യ ശരീരങ്ങൾ രോമാഞ്ചത്തെ സജ്ജമാക്കിയിരുന്നുവത്രെ.

Show Full Article
TAGS:healthnews scientific study HUMAN BRAIN 
News Summary - The Scientific Secret of Goosebumps
Next Story