അസൂയയില്ലാത്ത ജീവിതം സാധ്യമാണ്
text_fieldsസന്തോഷം, സ്നേഹം തുടങ്ങിയ പോസിറ്റീവ് വികാരങ്ങൾ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുമ്പോൾ, അസൂയ, ദേഷ്യം, വിദ്വേഷം തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകർക്കുന്നു. അസൂയ പ്രത്യേകിച്ചും ഒരു സാധാരണ വികാരമാണ്, അത് മറ്റുള്ളവരുടെ നേട്ടങ്ങളോടുള്ള അസന്തുഷ്ടിയിൽ നിന്നാണ് ഉണ്ടാകുന്നത്.
നിങ്ങൾ ആഗ്രഹിച്ച ഒരു സാധനം, ഒരു സ്ഥാനം, പ്രശസ്തി തുടങ്ങിയവ മറ്റൊരാൾക്ക് ഉള്ളതായി കാണുമ്പോൾ നിങ്ങൾക്കയാളോടു തോന്നുന്ന അസ്വസ്ഥത അല്ലെങ്കിൽ അസഹിഷ്ണുതയാണ് അസൂയ. അവരവരുടെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകർഷതാബോധമാണ് അസൂയയ്ക്കു വഴിയൊരുക്കുന്നത്. അസൂയയുടെ ഉറവിടം ഇല്ലായ്മയാണ്. എനിക്കെന്തൊക്കെയൊ ഇല്ലായെന്ന തോന്നലോ ഉണ്ടെങ്കിൽതന്നെയും ആഗ്രഹിക്കുന്ന അത്രയും ഇല്ലെന്ന തോന്നലോ ആണിത്. അതുകൊണ്ടാണ് അതേ വസ്തു മറ്റൊരാളുടെ കൈവശം കാണുമ്പോൾ നിങ്ങൾക്ക് അസഹിഷ്ണുത തോന്നുന്നത്.
അസൂയയും നെഗറ്റീവ് വികാരങ്ങളും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
അസൂയയും അതുപോലുള്ള വികാരങ്ങളും നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ മോശമായി ബാധിക്കുന്നു. പ്രാഥമികമായി ഇത് മാനസികാരോഗ്യത്തെ തകർക്കുന്നു. അസൂയാലുക്കളായ വ്യക്തികൾ സ്ഥിരമായി മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം അസന്തുഷ്ടരാകുന്നു. ഒരിക്കലും സന്തോഷത്തോടെയിരിക്കാൻ അവർക്ക് കഴിയില്ല. ഇത് വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശാരീരികമായി, ഇത്തരം വികാരങ്ങൾ സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂട്ടി ഹൃദയരോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് വഴിയൊരുക്കുന്നു.
ബന്ധങ്ങളിലും ഇത് പ്രതികൂലമായി ബാധിക്കുന്നു. അസൂയയുള്ള വ്യക്തികൾ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ വിശ്വസിക്കുകയോ അവരുടെ നേട്ടങ്ങളിൽ സന്തോഷിക്കുകയോ ചെയ്യില്ല. ഇത് ബന്ധങ്ങൾ തകരാനും ഏകാന്തതയ്ക്കും ഇടയാക്കുന്നു. തൊഴിൽസ്ഥലങ്ങളിൽ ഇത് ടീം വർക്കിനെ തടസ്സപ്പെടുത്തി ഉൽപ്പാദനക്ഷമത കുറയ്ക്കുന്നു. യഥാർഥത്തിൽ ഇത്തരം വികാരങ്ങൾ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുകയാണ് ചെയ്യുന്നത്.
അസൂയയുടെ പ്രത്യാഘാതങ്ങൾ
1. മാനസികാരോഗ്യ പ്രശ്നങ്ങൾ: സ്ഥിരമായ അസന്തുഷ്ടി, ഡിപ്രഷൻ, ആത്മഹത്യാ ചിന്തകൾ എന്നിവയ്ക്ക് കാരണമാകുന്നു.
2. ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ: സ്ട്രെസ് മൂലം പ്രതിരോധശക്തി കുറയുക, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയവ ഉണ്ടായേക്കാം.
3. ബന്ധങ്ങളിലെ തകർച്ച : വിശ്വാസക്കുറവ്, വഴക്കുകൾ, വിവാഹമോചനം പോലുള്ള പ്രശ്നങ്ങൾ ബന്ധങ്ങൾ ഇല്ലാതാക്കുന്നു.
4. തൊഴിൽപരമായ പരാജയങ്ങൾ : സഹപ്രവർത്തകരോടുള്ള അസൂയ കാരണം പ്രൊമോഷനുകൾ നഷ്ടപ്പെടുകയോ, ജോലി നഷ്ടമാകുകയോ ചെയ്യുന്നു.
5. സാമൂഹിക ഒറ്റപ്പെടൽ: മറ്റുള്ളവരുടെ നേട്ടങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് സാമൂഹിക ബന്ധങ്ങൾ കുറയ്ക്കുന്നു.
എങ്ങനെ മറികടക്കാം ?
അസൂയ പോലുള്ള നെഗറ്റീവ് സ്വഭാവങ്ങൾ മാറ്റുന്നത് സ്വയം അവബോധത്തോടെ തുടങ്ങണം. ആദ്യം, നിങ്ങളുടെ വികാരങ്ങൾ തിരിച്ചറിയുക. ‘ഞാൻ എന്തുകൊണ്ട് അസൂയപ്പെടുന്നു’ ? എന്ന് സ്വയം ചോദിക്കുക. ഇത് സ്വന്തം അരക്ഷിതാവസ്ഥകളെ മനസ്സിലാക്കാൻ സഹായിക്കും. സ്വന്തം അരക്ഷിതാവസ്ഥകളെ മറികടക്കാനായി കൂടുതൽ പ്രവർത്തിക്കുക. ജോലിയിലായാലും വ്യക്തി ജീവിതത്തിലായാലും കൂടുതൽ തിളങ്ങാവുന്ന കാര്യങ്ങൾ ചെയ്യാനായി ശ്രമിക്കുക. അതേ നേട്ടങ്ങൾ നിങ്ങൾക്കും കരസ്ഥമാക്കാൻ കഴിയുന്നതോടെ അസൂയ ഒരു തടസ്സമേ അല്ലാതാവും. മറ്റുള്ളവരുടെ നേട്ടങ്ങളെ ഭീഷണിയായി അല്ലാതെ പ്രചോദനമായി കണ്ടുതുടങ്ങുക. തെറാപ്പിസ്റ്റുകളോ കൗൺസിലർമാരോ ആയവരുടെ സഹായം ആവശ്യമെന്നു തോന്നിയാൽ മടി കൂടാതെ അതിനു തയ്യാറാവുക. പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കുക. യോഗയോ മെഡിറ്റേഷനോ പരിശീലിക്കുക.
അസൂയയെ മറികടക്കാൻ ചില പ്രായോഗിക വഴികൾ
1. കൃതജ്ഞത പ്രകടിപ്പിക്കുക:
ദിവസവും നിങ്ങളുടെ നേട്ടങ്ങൾക്ക് നന്ദി പറയുക.
ഒരു ജേണൽ വെക്കുക.
2. മൈൻഡ്ഫുൾനെസ് പരിശീലിക്കുക: ധ്യാനം ചെയ്ത് വർത്തമാന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നെഗറ്റീവ് ചിന്തകളെ കുറയ്ക്കും.
3. സ്വയം മെച്ചപ്പെടുത്തുക: അസൂയയെ പ്രചോദനമാക്കി സ്വന്തം ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുക.
4. പോസിറ്റീവ് ബന്ധങ്ങൾ
വളർത്തുക: സപ്പോർട്ടീവായ ആളുകളുമായി കൂട്ടുകൂടാൻ ശ്രദ്ധിക്കുക.
5. സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുക: മറ്റുള്ളവരുടെ 'പെർഫെക്റ്റ്' ജീവിതങ്ങൾ കാണുന്നത് അസൂയ വർധിപ്പിക്കും. അതിനാൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുക.
യഥാർത്ഥ സന്തോഷം സ്വന്തം നേട്ടങ്ങളിലാണ്, മറ്റുള്ളവരുടെ പരാജയത്തിലല്ല എന്ന അടിസ്ഥാന തിരിച്ചറിവിലൂടെ നിങ്ങൾക്ക് സ്വന്തം പ്രവർത്തനമേഖല കൂടുതൽ മികച്ചതാക്കി മാറ്റാം.