നിങ്ങളും സെൽഫ് കെയർ ട്രാപ്പിലാണോ?
text_fieldsസെൽഫ് കെയർ അഥവാ സ്വയം പരിചരണം ഇന്നൊരു ട്രൻഡ് ആണ്. രാവിലെ നേരത്തേ എഴുന്നേൽക്കുക, വ്യായാമം ചെയ്യുക, കൃത്യമായ ഡയറ്റ്, സൗന്ദര്യ സംരക്ഷണം തുടങ്ങിയ ശീലങ്ങൾ പിന്തുടരാൻ ശ്രമിക്കുന്നവരാണ് ഇന്ന് മിക്കവരും. പ്രത്യേകിച്ചും യുവാക്കൾ. എന്നാൽ, മാനസിക, ശാരീരിക ആരോഗ്യം ലക്ഷ്യമിട്ട് ചെയ്യുന്ന സെൽഫ് കെയർ ഇന്ന് പലർക്കും മാനസിക സമ്മർദം നൽകുന്നു എന്നാണ് കണ്ടെത്തൽ.
ഇവിടെ സോഷ്യൽ മീഡിയക്കും പങ്കുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയോ യൂട്യൂബിലൂടെയോ സ്ക്രോൾ ചെയ്തു നോക്കൂ. ഉണർന്നെഴുന്നേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ, 30 ദിവസത്തെ ഗ്ലോ-അപ്പ് ചലഞ്ച്, എന്നിങ്ങനെ ജീവിതവിജയത്തിനായി പിന്തുടരേണ്ട കാര്യങ്ങൾക്ക് ഒരു കുറവുമില്ല. സംഗതി നല്ല കാര്യം തന്നെയാണ്. പക്ഷേ, വളർന്നുവരുന്ന ഈ 'വെൽനസ് ഇന്റസ്ട്രി' നമ്മുടെ പരമ്പരാഗത ഭക്ഷണക്രമങ്ങളെയും ആരോഗ്യത്തോടുള്ള മനോഭാവങ്ങളെയും പുനർനിർവചിക്കുന്നു.
പലപ്പോഴും അരി, നെയ്യ്, തിന തുടങ്ങിയ പ്രാദേശിക ഭക്ഷണങ്ങൾക്ക് പകരം ഇറക്കുമതി ചെയ്ത സൂപ്പർ ഫുഡുകളും പ്രോട്ടീൻ സപ്ലിമെന്റുകളും ഇതിനോടകം ഭക്ഷണത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ആരോഗ്യത്തിനാണോ ഈ മാറ്റം എന്ന് ചോദിച്ചാൽ പലരുടെ കാര്യത്തിലും അല്ലെന്നാണ് ഉത്തരം. ശുദ്ധമായ ഭക്ഷണത്തോടുള്ള അനാരോഗ്യകരമായ അഭിനിവേശം മാത്രമാണിത്. ഏതെങ്കിലും ദിവസം പുതിയ ദിനചര്യകൾ ചെയ്യാൻ കഴിയാതിരിക്കുന്നതും ഇൻഫ്ലുവൻസർമാർ വാഗ്ദാനം ചെയ്ത ഫലം ലഭിക്കാതെ വരുന്നതും മാനസിക സമ്മർദങ്ങളിലേക്ക് നയിക്കുന്നതായി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
ദീപിക പദുക്കോൺ, സമീറ റെഡ്ഡി, വിരാട് കോഹ്ലി തുടങ്ങിയ സെലിബ്രിറ്റികൾപോലും പുതിയ ആരോഗ്യ സംസ്കാരത്തിലെ മാനസിക ആഘാതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. യഥാർഥ മാനസികാരോഗ്യ സംരക്ഷണത്തിന് ഭക്ഷണക്രമങ്ങൾക്കും വ്യായാമങ്ങൾക്കും അപ്പുറം സാമ്പത്തിക സ്ഥിരത, ശുദ്ധവായു തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ സഹായിക്കുമെന്ന് നടൻ സിദ്ധാർത്ഥും ഊന്നിപ്പറയുന്നു. സുഹൃത്തുകളുമൊത്ത് സംസാരിക്കുന്നത്, സമാധാനത്തോടെയുള്ള ഉറക്കം, ഫോൺ ഒഴിവാക്കി നടക്കാനിറങ്ങുക തുടങ്ങിയ ലളിതവും സന്തോഷകരവുമായ രീതികളും സുസ്ഥിര ക്ഷേമത്തിന് പ്രധാനമാണ്.