ഉറങ്ങുന്നതിനു മുമ്പും ഉണര്‍ന്നതിനു ശേഷവും
text_fieldsരാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള മുപ്പത് മിനിറ്റും അതുപോലെ രാവിലെ ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഉടനെയുള്ള മുപ്പത് മിനിറ്റും വളരെ പ്രാധാന്യമര്‍ഹിക്കുന്ന സമയമാണ്. ഇതിനെ പ്ലാറ്റിനം തേര്ട്ടിയെന്നാണ് പറയുന്നത്. ഈ സമയം നമ്മുടെ ഉപബോധമനസ് ഏറ്റവും ആക്ടീവായിരിക്കുന്ന സമയമാണ്. ഈ സമയം നമ്മള് നല്കുന്ന ഓരോ നിര്‍ദേശങ്ങളും ഉപബോധമനസിന്റെ ആഴങ്ങളിലേക്ക് പോകുകയും അത് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്യും. ഈ സമയം നമ്മുടെ ജീവിതവിജയവുമായി ബന്ധപ്പെട്ടുള്ള നല്ല ചിന്തകള്‍ മാത്രം മനസിലേക്ക് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചില ആളുകള്‍ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതങ്ങളുമൊക്കെ രാത്രിയില്‍ കിടക്കുന്ന നേരത്താണ് ഓര്‍ത്തെടുക്കുന്നത്. അതൊക്കെ ഓര്‍ത്തോര്‍ത്ത് കരഞ്ഞുകൊണ്ട് ഉറക്കത്തിലേക്ക് പോകുന്ന ഒരുപാട് പേരുണ്ട്. രാത്രിയില്‍ കരഞ്ഞാണ് ഉറങ്ങുന്നതെങ്കില്‍ നിങ്ങള്‍ ആ ചിന്തിച്ച കാര്യങ്ങളൊക്കെ നിങ്ങളുടെ ഉപബോധമനസിന്റെ ആഴങ്ങളിലേക്ക് പതിക്കുകയും രാവിലെ നിങ്ങള്‍ ഉണര്ന്നെഴുന്നേല്ക്കുമ്പോള് വളരെ മോശം മൂഡായിരിക്കുകയും ചെയ്യുന്നു. ഒരു ദിവസത്തിന്റെ ആരംഭം തന്നെ മൂഡ് ഓഫ് ആയിട്ടാണ് ആരംഭിക്കുന്നത് എങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് എത്ര ശ്രമിച്ചാലും സന്തോഷമായിരിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് രാത്രിയില്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സമയം എപ്പോഴും നമ്മുടെ ജീവിതത്തില്‍ നമ്മള് വിജയിക്കുന്നതായോ, നമ്മള് ആഗ്രഹിക്കുന്ന വലിയ വീട് സ്വന്തമാക്കി അതില്‍ താമസിക്കുന്നതായോ കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതായോ, പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലൊക്കെ പോകുന്നതായോ, നിങ്ങളുടെ ബാങ്ക് ബാലന്‍സ് ഓരോ ദിവസം കഴിയുന്തോറും വര്ധിക്കുന്നതായോ, കുടുംബത്തോടൊപ്പം ആഗ്രഹിച്ച കാര്യങ്ങള്‍ ഷോപ്പ് ചെയ്യുന്നതായോ ചിന്തിച്ചുകൊണ്ട് ഉറക്കത്തിലേക്ക് പോകുക. നിങ്ങള്‍ ഉറങ്ങുന്ന 6-7 മണിക്കൂര്‍ ഈ ചിന്തകള്‍ നിങ്ങളുടെ ഉപബോധമനസ് ചിന്തനം ചെയ്യുകയും ഇത് നിങ്ങളുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി തരാന്‍ വേണ്ട വ്യക്തികളെയും സാഹചര്യങ്ങളെയും നമ്മളിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ വിദ്യാർഥികളാണെങ്കില്‍ നന്നായി പഠിക്കുന്നതിനെക്കുറിച്ചും നല്ല മാര്‍ക്ക് നേടുന്നതിനെക്കുറിച്ചും മികച്ച വിജയം നേടുന്നതിനെക്കുറിച്ചും മെച്ചപ്പെട്ട കരിയര്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും മാത്രം ഉറങ്ങുന്നതിനു മുമ്പായി ചിന്തിക്കുക. അതേസമയം നിങ്ങളൊരു ബിസിനസുകാരനാണെങ്കില്‍ കൂടുതല്‍ സെയില്‍സ് നടത്തുന്നതിനെക്കുറിച്ചോ, മാര്‍ക്കറ്റിങ് എപ്രകാരം നടത്തണം എന്നതിനെക്കുറിച്ചോ ചിന്തിച്ച് ഉറങ്ങുകയാണെങ്കില്‍ അടുത്തദിവസം നിങ്ങളുടെ ഉപബോധമനസ്സ് നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം തരും. ഇനി നിങ്ങളൊരു വീട്ടമ്മയാണെങ്കില്‍ നിങ്ങള്‍ എങ്ങനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും സമയം എങ്ങനെ സേവ് ചെയ്യാം എന്നതിനെക്കുറിച്ചോ കുട്ടികള്‍ക്കിടയില്‍ നല്ല ബന്ധം എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ചോ ചിന്തിക്കാം. വീട്ടുജോലികള്‍ക്കിടയില്‍ സമയം കണ്ടെത്തി എങ്ങനെ പുതിയൊരു പാഷന് ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചും ചിന്തിക്കാം.
ഉറങ്ങുന്നതു വരെയുള്ള സമയത്ത് ധ്യാനവും വിഷ്വലൈസേഷനും ചെയ്യുന്നത് നല്ലതാണ്. ധ്യാനം മനസ്സിന് സമാധാനവും ശാന്തിയും നല്കുന്നു. സമാധാനത്തോടെ ഉറങ്ങിയാല്‍ രാവിലെ സന്തോഷത്തോടെ ഉണരാന്‍ കഴിയും. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും മറ്റും വിഷ്വലൈസ് ചെയ്ത് ഉറങ്ങുന്നതും നല്ലതാണ്. നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പോസിറ്റീവ് സ്ഥിരീകരണങ്ങള്‍ വഴി ഉറപ്പിക്കുന്നത് വളരെ ഫലപ്രദമാണ്. നിങ്ങളുടെ ചിന്ത എപ്പോഴും നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചായിരിക്കണം. എങ്കില്‍ മാത്രമേ അതിനുള്ള വഴികള്‍ നിങ്ങളുടെ ഉപബോധമനസ്സും അന്വേഷിക്കുകയുള്ളൂ.