Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഉറക്കമുണർന്നയുടൻ ഫോൺ...

ഉറക്കമുണർന്നയുടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, മസ്തിഷ്കത്തിന് സംഭവിക്കുന്നത് ഗുരുതരമായ മാറ്റങ്ങൾ!

text_fields
bookmark_border
phone use
cancel
camera_alt

പ്രതീകാത്മക ചിത്രം

രാവിലെ ഉറക്കമുണർന്ന ആദ്യം ചെയ്യുന്നത് എന്താണ്? ഭൂരിഭാഗം പേരുടെയും മറുപടി 'ഫോൺ നോക്കുക' എന്നായിരിക്കും. എന്നാൽ, ഈ ശീലം നമ്മുടെ മസ്തിഷ്കത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്ധർ. ഉറക്കമുണർന്ന ശേഷമുള്ള ആദ്യത്തെ ഏതാനും മിനിറ്റുകൾ മസ്തിഷ്കത്തിന് വളരെ നിർണ്ണായകമായ ഒരു മാറ്റത്തിന്റെ ഘട്ടമാണ്. ഈ സമയത്ത് ഫോണിൽ സമയം ചെലവഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

അനസ്‌തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദിന്റെ അഭിപ്രായത്തിൽ, ഉറക്കത്തിൽ നിന്നും ഉണർവ്വിലേക്കുള്ള മാറ്റത്തിൽ മസ്തിഷ്കം വളരെ സെൻസിറ്റീവായിരിക്കും. ഈ സമയത്ത് ഫോണിലെ നോട്ടിഫിക്കേഷനുകൾ, സോഷ്യൽ മീഡിയയിലെ വാർത്തകൾ, ഇമെയിലുകൾ എന്നിവ കാണുന്നത് മസ്തിഷ്കത്തിൽ വലിയ സമ്മർദമുണ്ടാക്കുന്നു.

ബംഗളൂരു എച്ച്.സി.ജി ഹോസ്പിറ്റലിലെ സീനിയർ ബ്രെയിൻ ആൻഡ് സ്പൈൻ സർജൻ ഡോ. ജഗദീഷ് ചട്ടനള്ളി ഇത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘ഉറക്കമുണർന്ന ശേഷമുള്ള ആദ്യ കുറച്ച് മിനിറ്റുകളിൽ നമ്മുടെ തലച്ചോർ ഉറക്കത്തിൽ നിന്നും ഉണർവ്വിലേക്കുള്ള മാറ്റത്തിലാണ്. ഈ സമയത്ത് ശ്രദ്ധ, വികാരങ്ങളെ നിയന്ത്രിക്കൽ, തീരുമാനമെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നാഡീ ശൃംഖലകൾ പുനഃക്രമീകരിക്കപ്പെടുകയാണ്. ഈ നിർണ്ണായക സമയത്ത് ഫോണിലെ വിവരങ്ങൾ തലച്ചോറിലേക്ക് എത്തിക്കുന്നത് മസ്തിഷ്കത്തെ അമിതഭാരത്തിലേക്ക് തള്ളിവിടുന്നു.’

പ്രഭാതത്തിൽ ശരീരത്തിൽ സ്വാഭാവികമായി കോർട്ടിസോൾ അളവ് കൂടുന്ന സമയമാണ്. ഈ സമയത്ത് ഫോണിലെ വാർത്തകളോ മറ്റോ കാണുമ്പോൾ സിമ്പതെറ്റിക് നെർവസ് സിസ്റ്റം അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇത് ശരീരത്തിലെ സ്വാഭാവികമായ സമ്മർദത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.

രാത്രിയിൽ എന്തൊക്കെ നടന്നുവെന്നറിയാനുള്ള ആകാംക്ഷയും, എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം വിട്ടുപോയോ എന്ന ഭയവും (FOMO) പലരെയും ഫോണിലേക്ക് അടുപ്പിക്കുന്നു. എന്നാൽ ഈ ശീലം ഒരു ഉത്കണ്ഠാ ചക്രമായി മാറുന്നു. അമിതമായ വിവരങ്ങൾ തലച്ചോറിലേക്ക് എത്തുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ മുൻഗണന നൽകി പ്രോസസ്സ് ചെയ്യാനുള്ള മസ്തിഷ്കത്തിന്റെ കഴിവിനെ ഇത് ബാധിക്കുന്നു. ഇത് പകൽ മുഴുവൻ ശ്രദ്ധ കുറയുന്നതിനും മാനസിക തളർച്ചക്കും കാരണമാകുന്നു. ഇതൊരു പതിവാക്കിയാൽ പിന്നീട് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

ഈ ശീലം തുടർന്നാൽ പകൽ മുഴുവൻ അസ്വസ്ഥതയും ദേഷ്യവും അനുഭവപ്പെടാം. മാനസികമായ ക്ഷീണം വർധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഉറക്കപ്രശ്നങ്ങൾക്കും, ബേൺഔട്ടിനും ഇത് കാരണമാകാം. സമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. ഉണർന്ന ഉടൻ പുറമെ നിന്നുള്ള കാര്യങ്ങളോട് (ഫോൺ നോക്കി) പ്രതികരിക്കുന്നതിന് പകരം സ്വന്തം മുൻഗണനകൾക്ക് സമയം കണ്ടെത്താനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഈ ശീലം മാറ്റുന്നത് ദിവസം മുഴുവൻ കൂടുതൽ ഊർജ്ജസ്വലതയോടെയും വ്യക്തമായ ചിന്തകളോടെയും ഇരിക്കാൻ സഹായിക്കും.

Show Full Article
TAGS:Phone Use Brain Health Mental Health digital addiction Anxiety 
News Summary - Checking your phone right after waking up?
Next Story