Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightസമൂഹത്തെ ആക്രമിക്കുന്ന...

സമൂഹത്തെ ആക്രമിക്കുന്ന കുട്ടികളും, കുട്ടികളെ ആക്രമിക്കുന്ന സമൂഹവും

text_fields
bookmark_border
സമൂഹത്തെ ആക്രമിക്കുന്ന കുട്ടികളും, കുട്ടികളെ ആക്രമിക്കുന്ന സമൂഹവും
cancel

കേരളത്തിൽ അടുത്തിടെയായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളായി കുറ്റം ആരോപിക്കപ്പെട്ട ചെറുപ്പക്കാരായ യുവാക്കളെയും കൗമാരക്കാരെയും കണ്ട് നമ്മൾ ആശ്ചര്യപ്പെടുകയുണ്ടായി. ടിവി ചാനൽ ചർച്ചകളിലും മറ്റും തുടർച്ചയായി ഒരേ ചോദ്യം ആവർത്തിക്കുന്നത് കേൾക്കാം, "കേരളത്തിലെ കുട്ടികൾക്ക് എന്താണ് സംഭവിച്ചത്?" എന്ന്. പലതരം അനുമാനങ്ങളും രൂപപ്പെടുന്നതായി കണ്ടു - ലഹരി ഉപയോഗം, അനാരോഗ്യകരമായ പാരന്റിങ്, കുടുംബ പശ്ചാത്തലം എന്നിങ്ങനെ പലതും. വെഞ്ഞാറമൂടിലെയും താമരശ്ശേരിയിലെയും അടക്കം സംഭവങ്ങൾ ഒരു വലിയ സാമൂഹിക പരിണാമത്തിന്റെ പ്രതിഫലനമാണ്. കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സാമൂഹിക പരിണാമത്തെ മൊത്തമായി കാണുകയോ പഠിക്കുകയോ ചെയ്യാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കുക അസാധ്യമാണ്.

1995, 2010 - ഈ രണ്ടു വർഷങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. നമ്മൾ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു തലമുറകൾ ഈ രണ്ടു വർഷങ്ങൾക്ക് ശേഷം ജനിച്ചവരാണ്. 1995 നു ശേഷം ജനിച്ച ജെൻ സിയും (Gen Z ), 2010ന് ശേഷം ജനിച്ച ജെൻ ആൽഫയും (Gen Alpha). ഈ രണ്ട് കാലങ്ങൾക്കിടയിൽ ലോകത്ത് മറ്റ് ചില അസാധാരണ മാറ്റങ്ങളും സംഭവിച്ചു. ഇന്റർനെറ്റും സ്മാർട്ഫോണും സോഷ്യൽ മീഡിയയുമെല്ലാം മനുഷ്യജീവിതത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത് ഈ കാലയളവിലാണ്. ഇവിടം മുതലാണ് നേരത്തെ പറഞ്ഞ സാമൂഹിക പരിണാമത്തിന്റെ ആരംഭം.

ഈ പരിണാമത്തെ വളരെ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് അമേരിക്കൻ സാമൂഹിക മനഃശാസ്ത്രജ്ഞനായ ജോനാഥൻ ഹൈറ്റിന്റെ (Jonathan Haidt) ദി ആൻഷ്യസ് ജനറേഷൻ (The Anxious Generation). ഹൈറ്റിന്റെ അഭിപ്രായത്തിൽ ഇന്റർനെറ്റും സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയയും ഒരുതരം സാമൂഹിക എൻജിനീയറിങ് വഴി നമ്മുടെ ജെൻ സി, ജെൻ ആൽഫ തലമുറയിലെ കുട്ടികളുടെ ബാല്യത്തെ താറുമാറാക്കിയിരിക്കുകയാണ്. ദി ഗ്രേറ്റ് റീ വയറിങ് (the great rewiring) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. കളിയും വിനോദവും കൊണ്ട് സമ്പന്നമാകേണ്ട ബാല്യം ഫോണിനെ മാത്രം ആശ്രയിക്കുന്ന ഒരു ബാല്യമായി പരിണമിച്ചിരിക്കുന്നു. ഇതൊരു ചെറിയ മാറ്റമല്ല. ബാല്യകാലം നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന അനുഭവങ്ങൾ, പഠനങ്ങൾ, അവസരങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ കാലഘട്ടമാണ്. അതിനാൽ, ഈ സമയത്തുണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റം പോലും വളരെ വലിയ പ്രാധാന്യം വഹിക്കുന്നു.


ഒരു കുഞ്ഞിന്റെ ജനനം മറ്റു ജീവജാലങ്ങളിൽനിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെയെന്നാൽ, മറ്റു ജീവികൾ പ്രത്യേകിച്ചും മൃഗങ്ങൾ, ജനിക്കുമ്പോൾത്തന്നെ പൂർണ്ണമായ തലച്ചോറുമായാണ് ജനിക്കുന്നത്. എന്നാൽ ഒരു മനുഷ്യക്കുഞ്ഞിന് അഞ്ച് വയസ്സാകുമ്പോൾ പോലും 90% മസ്തിഷ്ക വളർച്ചയേ ഉണ്ടാകൂ. ബാക്കിയുള്ള വളർച്ച പൂർണ്ണമായും കുഞ്ഞ് വളരുന്ന സാമൂഹികാന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. ഇവിടെയാണ് കളികളുടെയും മറ്റു വിനോദങ്ങളുടെയും പ്രാധാന്യം. കുട്ടികൾ മറ്റു കുട്ടികളുമായി ഇടപഴകി കളിക്കുന്നതിലൂടെ അവർ ഏകകാലികത്വവും (synchronicity) സമജ്ഞസവും (attunement) കൈവരിക്കുന്നു. പരസ്പരമുള്ള വിനിമയങ്ങൾക്ക് (Interpersonal communication) ഇവ രണ്ടും വളരെ പ്രധാനമാണ്. അത് കൂടാതെ, കുഞ്ഞുങ്ങൾ സഹാനുഭൂതിയും (sympathy) മറ്റുള്ളവരുടെ വീക്ഷണകോണിലൂടെ കാര്യങ്ങൾ കാണാനുള്ള കഴിവും (empathy) ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണ് നേടുന്നത്. അപ്പോൾ പൂർണ്ണമായും ഫോണിൽ സമയം ചെലവഴിച്ച് വളർന്നുവരുന്ന ഒരു കുട്ടിക്ക് എങ്ങനെയാണ് മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുക?

കൗമാരപ്രായത്തിലുള്ള കുട്ടികൾ സ്മാർട്ട്‌ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതിൽ ലിംഗപരമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പെൺകുട്ടികളിൽ, സ്വന്തം ശരീരപ്രകൃതിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ, ഭക്ഷണരീതികളിൽ അനാരോഗ്യകരമായ മാറ്റങ്ങൾ എന്നിവ കൂടുതലായി കാണപ്പെടുന്നു. അതോടൊപ്പം, ഡിപ്രഷൻ, ആത്മഹത്യാപ്രവണത, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയ പ്രവണതകളും പ്രകടമാണ്. മറുവശത്ത്, ആൺകുട്ടികളിൽ അമിതമായ ദേഷ്യം, അഡിക്ഷൻ, അക്കാദമിക് മേഖലയിലെ മോശം പ്രകടനം, ഏകാന്തത, സാമൂഹികമായി ഒറ്റപ്പെടൽ എന്നിവയാണ് സാധാരണയായി ദൃശ്യമാകുന്നത്.

ഇവയ്ക്ക് പുറമെ, എല്ലാ കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന നാല് പ്രധാന മാനസിക പ്രശ്നങ്ങൾ ഉണ്ട്: സാമൂഹിക വിച്ഛേദനം, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, അഡിക്ഷൻ. ഇവ നിരന്തരം തുടരുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അനവധിയാണ്. എന്നാൽ, അവയിൽ ചിലത് മാത്രമാണ് പത്രമാധ്യമങ്ങളിലൂടെ നാം കാണുന്നത്. അതിഭീകരമായ മാനസിക സംഘർഷങ്ങളിലൂടെയാണ് നമ്മുടെ കുട്ടികൾ കടന്നുപോകുന്നത് എന്നത് നിസ്സംശയം പറയാം. കുട്ടികളിൽ കണ്ടു വരുന്ന അമിതമായ ദേശ്യവും അക്രമവാസനയും മറ്റു ചില കാര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നുണ്ട്. അത് കൂടി പരിശോധിക്കേണ്ടതുണ്ട്.


ലഹരി ഉപയോഗം

ലഹരി ഉപയോഗിക്കുന്ന കുട്ടികളിൽ നടന്ന പഠനങ്ങളിൽനിന്ന് അവർ എന്തൊക്കെ കാരണങ്ങളാലാണ് ലഹരിപദാർത്ഥങ്ങൾ തേടിപ്പോയത് എന്ന് അന്വേഷിച്ചപ്പോൾ ഭൂരിഭാഗം പേരും പറഞ്ഞ മറുപടി, മനസ്സ് ശാന്തമാക്കാൻ, ടെൻഷനുകളിൽ നിന്ന് ഒളിച്ചോടാൻ, ഭയപ്പെടുത്തുന്നതോ സങ്കടപ്പെടുത്തുന്നതോ ആയ ഓർമകളെ മറക്കുവാൻ... എന്നിങ്ങനെയാണ്. ഈ മറുപടികൾ തെളിയിക്കുന്നത്, കുട്ടികൾ ലഹരി ഉപയോഗിക്കുന്നു എന്ന വസ്തുതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, അവർ എന്തുകൊണ്ട് അതിലേക്ക് തിരിയുന്നു എന്ന് മനസ്സിലാക്കി ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്. ലഹരി ഉപയോഗത്തെ പൊതുവെ കുറ്റകൃത്യമായോ സ്വഭാവ ദൂഷ്യമായോ കാണുന്ന പ്രവണത നിലനിൽക്കുന്നുണ്ട്, ഒരു പരിധി വരെ അത് ശരിയായിരിക്കാം, എന്നാൽ അതിനപ്പുറത്തേക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക സങ്കർഷങ്ങൾ കാരണമാകുന്നുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.

സിനിമകളുടെ സ്വാധീനം

സിനിമകളിലെ വയലൻസ് രംഗങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളിൽ അക്രമപ്രവണത വർദ്ധിക്കുന്നുവെന്ന വാദം നിലനിൽക്കുന്നുണ്ട്. സിനിമകൾ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. ഭരണകൂടങ്ങൾ പോലും പ്രൊപ്പഗണ്ട സിനിമകൾ നിർമ്മിച്ച് വോട്ടർമാരെ സ്വാധീനിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ, പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ സിനിമകൾക്ക് വലിയ സ്വാധീനം ചെലുത്താനാകും. എന്നാൽ സിനിമകളേക്കാൾ വളരെ ശക്തമായി കുട്ടികളിൽ സോഷ്യൽ മീഡിയ ദൃശ്യങ്ങളും ഓൺലൈൻ വീഡിയോ ഗെയിമുകളും അക്രമ പ്രവണതകൾ വളർത്തുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികൾ ഇത്തരം വിനോദങ്ങളിൽ വ്യാപൃതരാവുന്നത് മൂലം അത് അവരുടെ ചിന്തകളിലും വികാരങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, അത് പിന്നീട് അവരുടെ ജീവിത സാഹചര്യങ്ങളിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും മനശ്ശാസ്ത്രത്തിലെ പ്രശസ്തമായ general aggression model (പൊതു അക്രമണത്കത തത്വം) എന്ന സിദ്ധാന്തം പറയുന്നുണ്ട്.

പാരന്റിങ്

കുട്ടികളുടെ ജീവിതത്തിൽ മാതാ പിതാക്കളോളം സ്വാധീനം ചിലത്തുന്ന മറ്റാരുമില്ല. അതിനാൽ കുട്ടികളും മാതാപിതാക്കളും തമ്മിലെ ബന്ധം സുപ്രധാനമാണ്. പ്രശസ്ത പാരന്റിങ് വിദഗ്ധയായ ആലിസൺ ഗോപ്നിക്കിന്റെ മനോഹരമായ പുസ്തകമാണ് The Carpenter and the Gardener (തച്ചനും തോട്ടക്കാരനും). ഈ പുസ്തകത്തിൽ ഗോപ്നിക് ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന കാര്യം, പാരന്റിങിലെ അടിസ്ഥാനപരമായ അബദ്ധങ്ങളിലൊന്ന് മാതാപിതാക്കൾ തച്ചന്മാരെപ്പോലെ പെരുമാറുന്നു എന്നതാണ്. ആരാണ് തച്ചന്മാർ? വ്യക്തമായ ലക്ഷ്യത്തോടെ, കൃത്യമായ അളവുകളും ചിട്ടയും പാലിച്ച് ഒരു വസ്തു നിർമിക്കാൻ അഹോരാത്രം പ്രയത്നിക്കുന്നവരാണ് അവർ. ആ വസ്തു ഉദ്ദേശിച്ച രൂപത്തിൽ ആയില്ലെങ്കിൽ അവർ നിരാശരാകും. പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത് ഇതേ രീതിയിലാണ് -അവർ എന്താകണമെന്ന് മനസ്സിൽ ഉറപ്പിച്ച്, ഒരു ശില്പിയെപ്പോലെ കൊത്തിയെടുക്കാൻ ശ്രമിക്കുന്നു.

എന്നാൽ ആലിസൺ ഗോപ്നിക് പറയുന്നത് നമ്മൾ തോട്ടപ്പണിക്കാർ അല്ലെങ്കിൽ ഉദ്യാനപാലകരാവുകയാണ് വേണ്ടത് എന്നാണ്. ഉദ്യാനപാലകർ ഒന്നും സൃഷ്ടിക്കുന്നില്ല, അവർ സുരക്ഷിതമായ ഒരു പൂന്തോട്ടം ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ പൂന്തോട്ടം ഏറ്റവും മനോഹരക്കാനും സുരക്ഷിതമാക്കാനുമാണ് അവർ ശ്രമിക്കുക. മാതാപിതാക്കൾക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തവും അത് തന്നെയാണ്. ആരോഗ്യകരമായ പാരന്റിങ് എന്ന് പറയുന്നത് ഒറ്റവാക്കിൽ സുരക്ഷയാണ്, സുരക്ഷിതത്വമാണ്. കുട്ടികൾക്ക് ഇത് അനുഭവപ്പെടണം, എന്ത് സംഭവിച്ചാലും മാതാപിതാക്കൾ കൂടെ ഉണ്ടാവും എന്ന വിശ്വാസം വരണം, ഇത് വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് രക്ഷിതാക്കൾ കുട്ടികളുടെ മനസ്സിൽ സൃഷ്ടിച്ചെടുക്കേണ്ടതാണ്. അതിന് അത്യാവശ്യം വേണ്ട ചേരുവകൾ എന്ന് പറയുന്നത് സ്നേഹവും, സംരക്ഷണവും, വിശ്വാസവും ഒക്കെ തന്നെയാണ്. ഇതെല്ലം വേണ്ടുവോളം നമുക്ക് കൊടുക്കാൻ കഴിയുന്നതുമാണ്.


ഇനി ആദ്യം പറഞ്ഞതിലേക്കുതന്നെ വരാം. കുട്ടികളിൽ വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇതിന്റെ പ്രധാന കാരണം സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റും സോഷ്യൽ മീഡിയയുമെല്ലാം ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളാണ്. മുതിർന്നവർ എന്ന നിലയിൽ ഇതിനെ നേരിടാൻ, നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കുട്ടികളെ മുതിർന്നവർ തീർത്ത ഒരു ഡിജിറ്റൽ ജയിലിൽനിന്ന് നാം രക്ഷപ്പെടുത്തേണ്ടതുണ്ട്. അതിനായി ചില നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

1. സ്മാർട്ഫോൺ കുട്ടികൾക്ക് പൂർണമായും നിരോധിക്കുക: സ്മാർട്ഫോണുകൾ കുട്ടികൾക്ക് ഒരു തരത്തിലും ഉപകാരപ്പെടുന്ന ഉപകരണമല്ല എന്ന് മാത്രമല്ല, ഒരുപാട് ഉപദ്രവങ്ങൾ ഉണ്ടാക്കുന്നുമുണ്ട് എന്നും നമ്മൾ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഒരു 14 വയസ്സ് വരെയെങ്കിലും കുട്ടികൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം കർശനമായി നിരോധിച്ച് നിയമം വരണം. സ്കൂളുകളിലെല്ലാം ടീച്ചർമാർ കുട്ടികളുമായി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആശയവിനിമയം നടത്തുമ്പോൾ കുട്ടികൾ പഠനാവശ്യങ്ങൾക്കായി സ്മാർട്ഫോൺ നിര്ബന്ധമാണ് എന്ന് തെറ്റിദ്ധരിക്കുകയും അത് ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. രക്ഷിതാക്കൾ കുട്ടികൾ ശല്യം ചെയ്യാതിരിക്കാൻ വേണ്ടി സ്മാർട്ഫോൺ കൊടുത്ത് അകറ്റി നിർത്തുകയും, കാര്യങ്ങൾ സാധിച്ചെടുക്കാൻ വേണ്ടി സ്മാർട്ഫോൺ കൊടുത്ത്‌ വശീകരിക്കുകയും ചെയ്യുന്നു. എല്ലാ രക്ഷിതാക്കളും ഇങ്ങനെയാണ് എന്ന് വാദിക്കുന്നില്ല, എന്നാൽ എല്ലാ രക്ഷിതാക്കളും സ്കൂളുകളും മാറ്റങ്ങൾ കൊണ്ട് വരാതിരിക്കുമ്പോൾ, മാറാൻ ആഗ്രഹിക്കുന്ന ചില കുടുംബങ്ങൾ പോലും ഗതികേടുകൊണ്ട് കുട്ടികൾക്ക് സ്മാർഫോൺ കൊടുക്കാൻ നിർബന്ധിതരാകുകയാണ്.

2. കുട്ടികൾ കളിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക: അമേരിക്കൻ സൈക്കോളജിസ്റ്റായ പീറ്റർ ഗ്രേയ്‌ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്, കുട്ടികളിലെ കളിയും വിനോദവും കുറയുന്നതാണ് അവരിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നത് എന്ന്. കുട്ടികളിൽനിന്ന് അകന്നുപോയ സ്വാഭാവികമായ കാര്യമാണ് കളി. കുട്ടികൾ പുറത്തു പോയി കളിക്കുക എന്നത് വംശനാശം സംഭവിച്ച ഒന്നായി മാറിയിട്ടുണ്ട്. സാമൂഹികമായ ഇടപെടലുകൾ ഏറ്റവുമധികം കുട്ടികൾ പഠിച്ചെടുക്കുന്നത് ഇത്തരം കൂട്ടായ കളികളിൽ നിന്നാണ്, മറ്റുള്ളവരോട് കാണിക്കേണ്ട എല്ലാ തരം മര്യാദകളും കുട്ടികൾ പഠിക്കുന്നത് ഇത്തരം സമൂഹ വിനോദങ്ങളിൽ (social play) നിന്നാണ്. സാമൂഹികമായ നിലനിൽപ്പിന് കളിക്ക് പരിണാമപരമായ ഒരു അനുരൂപീകരണ സവിശേഷത ഉണ്ടെന്ന് പീറ്റർ ഗ്രേയ് സമർഥിക്കുന്നു. അത്കൊണ്ട്, കുട്ടികൾ കളിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതൊരു കൂട്ടായ ഉത്തരവാദിത്വമാണ്, സ്കൂളിൽ ടീച്ചർമാരുടെയും വീട്ടിൽ രക്ഷിതാക്കളുടെയും സമൂഹത്തിൽ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. മാത്രമല്ല, സർക്കാറുകൾ തുറസ്സായ പാർക്കുകളും കളിസ്ഥലങ്ങളും നിർമിച്ചു ഈ ഉത്തരവാദിത്വത്തിൽ പങ്കാളികളാവണം.


3. സ്കൂളുകളുടെ ഉത്തരവാദിത്വം: വീടിന് പുറമെ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലമാണ് സ്കൂൾ. സാമൂഹിക ഇടപെടലുകൾക്ക് ഏറ്റവും അവസരമുള്ളതും ഇവിടെയാണ്. അതിനാൽ മാനസിക സംഘർഷങ്ങളുടെ പ്രഭവകേന്ദ്രമായി സ്കൂളുകൾ മാറാറുണ്ട്. പഠനത്തിനപ്പുറത്തേക്ക് കുട്ടികളെ ഓരോ വ്യക്തികളായി കണ്ട് അവരുടെ മനസ്സ് വളരെ നേർമയുള്ളതാണെന്ന് മനസ്സിലാക്കി, കൂടുതൽ മാനസിക വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കികൊടുക്കന്നതിൽ, എന്തുകൊണ്ടോ സ്ക്കൂളുകൾ പൊതുവെ പരാജയപ്പെടുന്നതാണ് കാണുന്നത്. യോഗ്യരായ കൗൺസിലർമാരുടെ അഭാവം ഇതിന് പ്രധാന കാരണമാണ്. പഠനത്തിൽ കൂടുതൽ മികവ് കാണിക്കുന്ന കുട്ടികളും അത്തരം കുട്ടികൾ കൂടുതലുള്ള സ്കൂളുകളും പരസ്പരം മത്സരിച്ചു കൊണ്ട് നഷ്ട്ടപ്പെടുത്തുന്നത് നമ്മുടെ കുട്ടികളുടെ മനസികരോഗ്യമാണെന്ന് ഓർക്കേണ്ടതുണ്ട്.

സ്കൂളുകളിൽ ഹാപ്പിനസ് ഗ്രേഡിങ് പോലുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ കൊണ്ടുവരണം. കുട്ടികളെ എങ്ങനെ സന്തോഷിപ്പിക്കാമെന്നതിലാവട്ടെ സ്കൂളുകൾ പരസ്പരം മത്സരിക്കുന്നത്. ഏറ്റവും സന്തോഷമുള്ള കുട്ടികളുള്ള സ്കൂളുകൾക്ക് 'A' ഗ്രേഡ് നൽകാം. ഈ ഗ്രേഡ് ലഭിക്കാൻ ചില നിബന്ധനകൾ വയ്ക്കാം -ഉദാഹരണത്തിന്: പഠനത്തോടൊപ്പം മറ്റ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുക, കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുസംസാരിക്കാനുള്ള സാഹചര്യമുണ്ടാവുക, ഓരോ കുട്ടിയെയും പഠനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്താതെ, അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവ പരിശീലിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കുക. കമ്മ്യൂണിക്കേഷൻ സ്കിൽസ്, വികാരനിയന്ത്രണ പരിശീലനങ്ങൾ, സംഘർഷങ്ങൾ നേരിടാനുള്ള റെസിലിയൻസ് ട്രെയിനിങ് തുടങ്ങിയവ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇങ്ങനെയെല്ലാമുള്ള കൂട്ടായ പ്രയത്നത്തിലൂടെ നമുക്ക് നമ്മുടെ കുട്ടികളുടെ ബാല്യകാലം തിരിച്ചു കൊടുക്കാൻ ശ്രമിക്കാം. നമ്മൾ തന്നെ സൃഷ്ടിച്ചെടുത്ത പുതിയ ലോകത്തിന്റെ ഇരകളാണ് നമ്മുടെ കുട്ടികൾ. 'അഡോളെസെൻസ്' എന്ന സീരീസ് വളരെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കൗമാരക്കാരായ കുട്ടികളെ സോഷ്യൽ മീഡിയ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും ഭയാനകമായ അവതരണമാണ് ഈ സീരീസ്. കുട്ടികളിലെ ഓരോ ചെറിയ മാറ്റങ്ങൾക്കും കാരണമുണ്ടെന്ന് മനസ്സിലാക്കി, അവരെ കേൾക്കാനും കുറ്റപ്പെടുത്തുന്നതിനു പകരം അവരെ മനസ്സിലാക്കാനും, അവരെ ചേർത്ത് പിടിയ്ക്കാനും ശ്രമിക്കാം. പ്രശസ്ത ആമേരിക്കൻ എഴുത്തുക്കാരനായ നീൽ പോസ്റ്റ്മാൻ (Niel Postman) പറയുന്നുണ്ട് “കുട്ടികൾ അദൃശ്യമായ ഒരു കാലത്തിലേക്ക് നമ്മൾ അയക്കുന്ന ജീവനുള്ള സന്ദേശങ്ങളാണ്” എന്ന്. അത് കൊണ്ട് വരും കാലത്തെ ആക്രമിക്കാൻ നമ്മൾ അയക്കുന്ന പടയാളികളാവതിരിക്കട്ടെ നമ്മുടെ കുട്ടികൾ.

ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖകൻ (kv.shafeer.cp@gmail.com)
Show Full Article
TAGS:Parenting Phone Addiction child psychology 
News Summary - Children attacking society, and society attacking children
Next Story