വൈകാരിക പ്രശ്നങ്ങൾ മറച്ചുവെക്കാൻ അസാധാരണമായി പെരുമാറുന്ന കുട്ടികൾ
text_fieldsവളർച്ചക്കിടയിൽ തന്റെ ചുറ്റുപാടുകളുമായി ഇടപഴകാൻ ശീലിക്കുമ്പോൾ ചില കുട്ടികളുടെ സ്വഭാവത്തിൽ അസാധാരണ മാറ്റങ്ങൾ കാണപ്പെടാറുണ്ട്. സാധാരണ ഇത് കുസൃതിയായോ അനുസരണക്കേടായോ ഒക്കെയാണ് രക്ഷിതാക്കൾ കണക്കാക്കാറുള്ളത്. എന്നാൽ ഇത്തരം അസാധാരണ സ്വഭാവ മാറ്റങ്ങൾക്കു പിന്നിൽ, പുറത്തു പ്രകടിപ്പിക്കാനാവാത്ത വൈകാരിക സമ്മർദങ്ങളാകാമെന്ന് വിദഗ്ധർ പറയുന്നു. സ്വഭാവ മാറ്റത്തിനു പിന്നിലെ ആന്തരിക അർഥങ്ങൾ കണ്ടെത്തിയെങ്കിൽ മാത്രമേ അവരുടെ വൈകാരിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് രക്ഷിതാക്കൾക്ക് പിന്തുണയും മാർഗദർശനവും നൽകാനാകൂ. കുട്ടികളിലെ ചില സ്വഭാവ വ്യതിയാനങ്ങളും അവക്കുപിന്നിലെ അർഥവും പരിശോധിക്കാം:
കളവു പറയുന്നതിനു പിന്നിൽ വിശ്വാസം തകരുമെന്ന ഭയം
കളവുപറയുന്നത് വിശ്വാസമില്ലായ്മയുടെ അടയാളമായാണ് കണക്കാക്കുക. എന്നാൽ കുട്ടികളിലിത് ചില ആന്തരിക ആധികളാകാം. രക്ഷിതാവ് നിരാശനാകുമെന്നതോ അവരുടെ വിശ്വാസം നഷ്ടപ്പെടുമെന്നോ ഉള്ള ഭയത്താലായിരിക്കാം കുട്ടി കള്ളം പറയുന്നത്. കുഴപ്പത്തിലാകുമെന്നോ ശിക്ഷ ലഭിക്കുമെന്നോ ഭയപ്പെടുന്നുണ്ടാകാം. അത് മറച്ചുവെക്കാൻ കള്ളം പറയുകയാകും. ചിലപ്പോൾ, ചില സാഹചര്യങ്ങളുടെ സമ്മർദം മറികടക്കാനും കുട്ടി കളവു പറയും. കളവുപറഞ്ഞത് കണ്ടുപിടിക്കുക എന്നതിനേക്കാൾ, പ്രേരണാഘടകം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ?
കുട്ടി ചിലപ്പോൾ ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കാറുണ്ടോ? എന്തെങ്കിലും കിട്ടാത്തതിലുള്ള നിരാശയായും പെരുമാറ്റദൂഷ്യമായും കണക്കാക്കിയാൽ എല്ലായ്പോഴും ശരിയായിരിക്കണമെന്നില്ല. ഒരുതരം ഡിഫൻസ് മെക്കാനിസമാകാം ഈ ദേഷ്യം. മുറിവേറ്റ മനസ്സിന്റെ രക്ഷപ്പെടൽ ഉപായമാകാം. നിസ്സഹായതയോ നിരസിക്കലോ അരക്ഷിതബോധമോ കാരണം കുട്ടിക്ക് മുറിവേറ്റിരിക്കാം. അതിന്റെ പ്രതികരണമാകാൻ സാധ്യതയുണ്ട്.
അലറിവിളിക്കൽ
അമിതമായി ആവേശഭരിതരായാലോ ഉത്തേജിതരായാലോ കുട്ടികൾ ഒച്ച ഉയർത്തുകയോ അലറിവിളിക്കുകയോ ചെയ്യാറുണ്ട്. നാഡീവ്യവസ്ഥക്ക് താങ്ങാനാവുന്നതിൽ കൂടുതൽ ഭാരം വന്നാൽ അതിന്റെ പ്രതിഫലനമായി മനുഷ്യൻ വലിയ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ധിക്കാരം, അപമര്യാദ എന്നിവകൊണ്ടാകണമെന്നില്ല, തന്റെ വൈകാരിക പ്രശ്നങ്ങളെ നിയന്ത്രിക്കാൻ കുട്ടിക്ക് കഴിയാതെ വരുമ്പോഴായിരിക്കും അവർ ഒച്ചയെടുക്കുന്നത്. ശബ്ദം താഴ്ത്തൂ എന്ന് തിരിച്ച് ഒച്ചയെടുക്കുന്നതിനുപകരം കുട്ടിയെ വല്ല പ്രശ്നവും കീഴ്പ്പെടുത്തിയോ എന്ന് വിശകലനം ചെയ്യണം.
പരുഷ പെരുമാറ്റം
വളരെ പരുക്കനായോ നിഷേധാത്മകമായോ കുട്ടി പെരുമാറുന്നുവെങ്കിൽ ഒറ്റപ്പെടലോ അവഗണനയോ അവൻ/അവൾ അനുഭവിക്കുന്നുണ്ടാകാം. മാനസികാവസ്ഥ പുറത്തറിയിക്കാനുള്ള വഴിയായി കുട്ടി ഉപയോഗിക്കുകയാണ് ഈ പരുഷത. തന്നോട് കണക്ട് ആകാൻ രക്ഷിതാവിനെ പ്രേരിപ്പിക്കുകയാണ് കുട്ടി.
ധിക്കാരഭാവം
കുട്ടികളുടെ റെബൽ സ്വഭാവമായാണ് സാധാരണ ധിക്കാരത്തെ കണക്കാക്കാറ്. തന്നെ വിലയിരുത്തപ്പെടുന്നതിലെ ഭയവും കാരണമാകാം. നിയമം ലംഘിക്കാനും അതിരുകൾ മറികടക്കാനും ശ്രമിക്കുന്നതിനുപിന്നിൽ ജഡ്ജ് ചെയ്യപ്പെടുമെന്ന ചിന്തയായിരിക്കാം. തന്റെ പ്രവർത്തനം നിരീക്ഷിക്കപ്പെടുന്നുവെന്ന് അവൻ ആശങ്കപ്പെടുമ്പോൾ നിയമലംഘനത്തിലൂടെ അവർ പ്രതികരിക്കുന്നു. ധിക്കാരത്തിന്റെ കാരണം കണ്ടെത്തുകയാണ് വേണ്ടത്.