മോണ്ടിസോറി കളിപ്പാട്ടങ്ങൾ ശരിക്കും ഗുണകരമാണോ?
text_fieldsമാതാപിതാക്കൾക്ക് മക്കൾക്ക് എത്ര കളിപ്പാട്ടങ്ങൾ വാങ്ങി കൊടുത്താലും മതിവരാറില്ല. വിലകൂടിയ കളിപ്പാട്ടങ്ങളേക്കാൾ കുട്ടികൾക്ക് കൂടുതൽ താൽപ്പര്യം വീട്ടിലെ പാത്രങ്ങളും മറ്റ് ഉപകരണങ്ങളിലുമാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കളിപ്പാട്ടങ്ങൾ വാങ്ങാൻ പോകുമ്പോൾ അവ വിഷാംശമില്ലാത്തതും, പരിസ്ഥിതി സൗഹൃദവുമായിരിക്കണം എന്നൊരു വലിയ സമ്മർദം മാതാപിതാക്കൾക്കിടയിലുണ്ട്. ഇതിനിടയിലാണ് മോണ്ടിസോറി കളിപ്പാട്ടങ്ങൾ തരംഗമായി മാറുന്നത്. എന്താണ് യഥാർത്ഥത്തിൽ മോണ്ടിസോറി കളിപ്പാട്ടങ്ങൾ? അവ കുട്ടികളുടെ വളർച്ചക്ക് അത്യാവശ്യമാണോ അതോ അതൊരു വിപണന തന്ത്രം മാത്രമാണോ?
എന്താണ് മോണ്ടിസോറി രീതി?
ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ഡോ. പരിമല വി. തിരുമലേഷ് പറയുന്നതനുസരിച്ച് മോണ്ടിസോറി എന്നത് കുട്ടികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ്. ഇത് കുട്ടികളുടെ സ്വയംഭരണാധികാരം, വേഗതയിലുള്ള പഠനം, പ്രായോഗിക പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മോണ്ടിസോറി കളിപ്പാട്ടങ്ങളുടെ പ്രത്യേകതകൾ
സാധാരണയായി മരം അല്ലെങ്കിൽ തുണി പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടാണ് മോണ്ടിസോറി കളിപ്പാട്ടങ്ങൾ നിർമിക്കുന്നത്. അടുക്കിവെക്കുക, എണ്ണുക, അല്ലെങ്കിൽ പ്രശ്നപരിഹാരം കണ്ടെത്തുക എന്നിങ്ങനെ ഒരു സമയം ഒരു കാര്യം പഠിപ്പിക്കാനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകളോ ഉച്ചത്തിലുള്ള ശബ്ദങ്ങളോ സ്ക്രീനുകളോ ഇവയിലുണ്ടാകില്ല. ഇത് കുട്ടികളുടെ ഏകാഗ്രതയും സർഗ്ഗാത്മകതയും വർധിപ്പിക്കാൻ സഹായിക്കുന്നു. ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് സ്വന്തമായി കൈകാര്യം ചെയ്യാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ സഹായമില്ലാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു. ഇത് അവരിൽ വലിയ രീതിയിലുള്ള ആത്മവിശ്വാസം വളർത്തുന്നു.
കൈകളും വിരലുകളും കൃത്യമായി ചലിപ്പിക്കേണ്ട പ്രവർത്തനങ്ങൾ ഇതിലുണ്ട്. ഇത് കുട്ടികളുടെ കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനവും, പേശികളുടെ ബലവും വർധിപ്പിക്കാൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ പല കളിപ്പാട്ടങ്ങളും മോണ്ടിസോറി എന്ന ലേബലിൽ വരുന്നുണ്ട്. എന്നാൽ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതും, ബട്ടണുകളും സംഗീതവും ഉള്ളതുമായ കളിപ്പാട്ടങ്ങൾ യഥാർത്ഥ മോണ്ടിസോറി തത്വങ്ങൾക്ക് യോജിച്ചതല്ല. ഒരു കളിപ്പാട്ടം കുട്ടിയെ പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ തിരിക്കുകയാണെങ്കിൽ, അത് മോണ്ടിസോറി അല്ലെന്ന് മനസ്സിലാക്കാം. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളുടെ ചിന്താശേഷി, ഓർമശക്തി, ഭാഷാ വികസനം എന്നിവയെ സഹായിക്കുന്നു എന്നാണ്. കൂട്ടുചേർന്ന് കളിക്കുന്നത് പങ്കുവെക്കാനും സഹകരിക്കാനുമുള്ള കഴിവ് വളർത്തുന്നു. ഇലക്ട്രോണിക് കളിപ്പാട്ടങ്ങളേക്കാൾ ലളിതമായ കളിപ്പാട്ടങ്ങളാണ് കുട്ടികളുടെ ഭാവനയെ ഉണർത്താൻ കൂടുതൽ അനുയോജ്യം.
പരിമിതികൾ
സാധാരണ കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് മോണ്ടിസോറി കളിപ്പാട്ടങ്ങൾക്ക് വില കൂടുതലായിരിക്കും. ഇവ മരം പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമിക്കുന്നതിനാലും ഗുണനിലവാരത്തിന് മുൻഗണന നൽകുന്നതിനാലുമാണ് ഈ വില വ്യത്യാസം വരുന്നത്. ഇത് എല്ലാവർക്കും താങ്ങാനാവണമെന്നില്ല.
ഇന്നത്തെ കുട്ടികൾ സ്ക്രീനുകൾക്കും ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾക്കും ഇടയിലാണ് വളരുന്നത്. അതുകൊണ്ട് തന്നെ, ലൈറ്റുകളോ സംഗീതമോ ഇല്ലാത്ത ലളിതമായ മോണ്ടിസോറി കളിപ്പാട്ടങ്ങൾ ചില കുട്ടികൾക്ക് വിരസമായി തോന്നാം. അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികൾക്ക് പ്രയാസം നേരിട്ടേക്കാം.
മോണ്ടിസോറി കളിപ്പാട്ടങ്ങൾ മിക്കവാറും ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ളവയാണ്. ഇത് കുട്ടികളുടെ സ്വതന്ത്രമായ ഭാവനാലോകത്തെ അല്ലെങ്കിൽ കഥകൾ മെനഞ്ഞുള്ള കളികളെ ഒരു പരിധിവരെ പരിമിതപ്പെടുത്തിയേക്കാം. മോണ്ടിസോറി രീതി പലപ്പോഴും കുട്ടിയുടെ വ്യക്തിഗതമായ പഠനത്തിനാണ് മുൻഗണന നൽകുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കുട്ടി ഒറ്റക്കിരുന്ന് കളിക്കാനാണ് സാധ്യത കൂടുതൽ. ഇത് ഗ്രൂപ്പായി കളിക്കുമ്പോൾ ലഭിക്കുന്ന സഹകരണം, വിട്ടുവീഴ്ച തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ കുറവ് വരുത്തിയേക്കാം.
വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കാൻ
വിദഗ്ധരുടെ അഭിപ്രായത്തിൽ, മോണ്ടിസോറി കളിപ്പാട്ടങ്ങൾ നല്ലതാണെങ്കിലും അവ അനിവാര്യമായ ഒന്നല്ല. കുട്ടികൾക്ക് വളരാനും പഠിക്കാനും സുരക്ഷിതമായ ഏത് കളിപ്പാട്ടവും ഉപയോഗിക്കാം. വീട്ടിലെ സാധാരണ സാധനങ്ങൾ പോലും കുട്ടികളുടെ സർഗ്ഗാത്മകത വളർത്താൻ സഹായിക്കും. കളിപ്പാട്ടത്തിന്റെ ലേബലിനേക്കാൾ പ്രധാനം കുട്ടികൾക്ക് ലഭിക്കുന്ന സ്നേഹവും മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്ന സമയവുമാണ്. കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക. പ്രകൃതിദത്തമായ വസ്തുക്കളാൽ നിർമിച്ച ലളിതമായ ഡിസൈനുകൾ നോക്കുക. പരസ്യങ്ങൾ കണ്ട് മാത്രം വാങ്ങാതെ, കുട്ടിയുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിക്കുക.


