പ്രായം കൂടുന്തോറും ഓട്ടിസം കൂടുതൽ വഷളാകുമോ? മുതിര്‍ന്നവരിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?
text_fieldsമുതിർന്നവരിൽ ഓട്ടിസം ഉണ്ടാകുമോ? കഴിഞ്ഞ ദിവസമാണ് തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജോത്സ്യന രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഓട്ടിസം തിരിച്ചറിഞ്ഞതിനെക്കുറിച്ചുമൊക്കെ അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഓട്ടിസത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഇത് പറഞ്ഞതെന്നും ജോത്സ്യന പറഞ്ഞിരുന്നു. എന്നാൽ മുതിര്‍ന്നവരിലുണ്ടാകുന്ന ഓട്ടിസം തിരിച്ചറിയുന്നത് എങ്ങനെയാണ്?
എന്താണ് മുതിര്‍ന്നവരിലെ ഓട്ടിസം
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ നാഡീവ്യവസ്ഥയെ ബാധിക്കുകയും ബാധിച്ച വ്യക്തിയുടെ മൊത്തത്തിലുള്ള വൈജ്ഞാനിക, വൈകാരിക, സാമൂഹിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് സാമൂഹിക ഇടപെഴകലുകളിലും ആശയവിനിമയത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. പല വ്യക്തികള്‍ക്കും പല രീതിയിലാണ് ഇത് കാണപ്പെടുക. സാമൂഹിക സൂചനകള്‍, ആശയവിനിമയം, ആവര്‍ത്തിച്ചുളള പെരുമാറ്റങ്ങള്‍, ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട സംവേദനങ്ങള്‍ എന്നിവയാണ് ഓട്ടിസം ബാധിച്ച മുതര്‍ന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
ചില മുതിർന്നവരിൽ ഓട്ടിസം കുട്ടിക്കാലത്ത് തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ടെന്നാൽ, അവരുടെ ലക്ഷണങ്ങൾ പ്രകടമല്ലാത്തതുകൊണ്ടോ, അല്ലെങ്കിൽ അവരുടെ ലക്ഷണങ്ങൾ പ്രായപൂർത്തിയാകുമ്പോൾ മാറുന്നതുകൊണ്ടോ ആകാം. എങ്കിലും, ഓട്ടിസം ബാധിച്ച മുതിർന്നവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും, സന്തോഷകരമായ ജീവിതം നയിക്കാനും ഈ രോഗനിർണയം സഹായിച്ചേക്കാം.
സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ഉള്ള ബുദ്ധിമുട്ട്, പരസ്പരം കണ്ണില്‍നോക്കി സംസാരിക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കുമ്പോള്‍ വാക്കുകളുടെ അഭാവം, വികാരങ്ങളെ നിയന്ത്രിക്കുന്നതിലെ വെല്ലുവിളികള്‍, സാമൂഹിക ഉത്കണ്ഠ,ആവര്‍ത്തിച്ചുള്ള പ്രവൃത്തികള്‍ ചെയ്യുക, ആവര്‍ത്തിച്ചുള്ള ചില ശബ്ദങ്ങള്‍ ഉണ്ടാക്കുക എന്നിവയൊക്കെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങളാണ്. പ്രായം കൂടുന്തോറും ഓട്ടിസം വഷളാകണമെന്നില്ല. എന്നിരുന്നാലും, ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാലക്രമേണ മാറാം. ചില ആളുകൾക്ക് പ്രായമാകുമ്പോൾ പുതിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഓട്ടിസം ഉണ്ടെന്ന് തോന്നിയാല്‍ ഒരു ന്യൂറോ സൈക്കോളജിസ്റ്റിനെയോ, സൈക്യാട്രിസറ്റിനെയോ കാണിക്കേണ്ടതാണ്.