ടെൻഷനടിക്കാൻ ഒരു രോഗം കൂടി, ‘പരിസ്ഥിതി ആധി’
text_fieldsപരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക മനോരോഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുന്നു. ഈ ആശങ്കയുടെ ലക്ഷണമായി യുവതലമുറയിൽ നിസ്സഹായത, കുറ്റബോധം, ദുഃഖം തുടങ്ങിയവ കാണപ്പെടുന്നുമുണ്ട്. ‘പരിസ്ഥിതി ആധി’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതുകാല പ്രശ്നത്തെക്കുറിച്ച്...
‘ഉഷ്ണതരംഗം: ഇന്ത്യയിൽ നൂറിലേറെ മരണം’, ‘സിക്കിമിൽ തടാകം കവിഞ്ഞൊഴുകി 14 മരണം’, ‘കാലിഫോർണിയ കാട്ടുതീക്ക് ശമനമില്ല’ തുടങ്ങി ഇക്കാലത്ത് കുടുതലായി കേട്ടുകൊണ്ടിരിക്കുന്ന തീവ്ര കാലാവസ്ഥ ദുരന്തവാർത്തകൾ യുവതലമുറയെ നന്നായി ബാധിക്കുന്നെന്ന് വിദഗ്ധർ.
‘ക്ലൈമറ്റ് ആങ്സൈറ്റി’യെന്നും ‘ഇക്കോ ആങ്സൈറ്റി’യെന്നുമെല്ലാം വിളിക്കപ്പെടുന്ന ഈ മാനസികാഘാതം ലോകമെങ്ങും ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായി ഉയരുകയാണ്. ‘ക്ലൈമറ്റ് ആങ്സൈറ്റി’യെന്ന കീവേഡ് തിരച്ചിൽ 565 ശതമാനമായി ഉയർന്നുവെന്ന് അമേരിക്കൻ മാർക്കറ്റിങ് ഏജൻസിയായ ‘ഗ്രിസ്റ്റ്’ 2021ൽ നടത്തിയ പഠനത്തിൽ പറയുന്നു.
പരിസ്ഥിതി ആധി വരുന്നതെങ്ങനെ?
പരിസ്ഥിതി നാശം മൂലം ഭാവി അപ്രവചനീയമാണെന്ന് നിങ്ങൾക്ക് തോന്നിത്തുടങ്ങിയോ? കൂടൂതൽ കൂടുതൽ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ ഭാവി തലമുറ എങ്ങനെ അതിജീവിക്കുമെന്നത് അലട്ടുന്നുവോ? ഇതൊക്കെയാണ് പരിസ്ഥിതി ആധി വരുന്ന വഴികൾ.
കൈമാറിക്കിട്ടിയ ഈ ഭൂമിയിൽ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക യുവതലമുറയിലാണ് ഏറ്റവും കൂടുതൽ.
ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് 2021ൽ പ്രസിദ്ധീകരിച്ച സർവേയിൽ പങ്കെടുത്ത 10,000 യുവജനങ്ങളിൽ (16-25 വയസ്സ്) 60 ശതമാനവും, കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആശങ്കാകുലരാണ് എന്നു പറയുന്നു. കോവിഡ് മഹാമാരിക്കാലത്ത് ലോകം സാക്ഷ്യം വഹിച്ച തെളിഞ്ഞ ആകാശവും നിശ്ശബ്ദമായ തെരുവുകളുമെല്ലാം, മനുഷ്യൻ പരിസ്ഥിതക്ക് ഏൽപ്പിച്ചുകൊണ്ടിരുന്ന ആഘാതം എത്രയാണെന്ന് തിരിച്ചറിയാൻ സഹായിച്ചിരുന്നു.
‘പരിസ്ഥിതി ആധി’ മറികടക്കാൻ
പരിസ്ഥിതിക്കുവേണ്ടി നിങ്ങൾ ചെയ്യേണ്ട കടമ പൂർത്തിയാക്കുകയും നിങ്ങൾക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ പ്രധാനം.
‘‘ദൈനംദിന ജീവിതത്തിൽ ചെറുതും അർഥപൂർണവുമായ പ്രവർത്തനങ്ങൾ തുടങ്ങിവെക്കുക: ഫാസ്റ്റ് ഫാഷനു പകരം സുസ്ഥിര ഫാഷൻ തെരഞ്ഞെടുക്കുക, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന് ബദലുകൾ ഉപയോഗിക്കുക തുടങ്ങിയവ ശീലിക്കാവുന്നതാണ്. ഇത്, തന്റെ ഭാഗം പൂർത്തിയാക്കിയെന്ന മാനസിക സംതൃപ്തി നൽകും.
ചെരിപ്പിടാതെ മണ്ണിലിറങ്ങി നടന്നും പ്രകൃതിക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചും, ‘ഇനിയും മരിക്കാത്ത ഭൂമി’യെ തിരിച്ചറിയാം. അതുവഴി മനഃസംഘർഷം കുറയ്ക്കാം.