ഏത് നേരവും ഇതും ചെവിയിൽ വെച്ച് നടന്നോ; ജെൻ സിക്ക് ഇഷ്ടം പോഡ്‌കാസ്റ്റുകൾ
text_fieldsഇയർപോഡ്സും ഇയർഫോണും ചെവിയിലില്ലാത്ത ജെൻ സികൾ വളരെ കുറവാണ്. അങ്ങനെ ചുമ്മാ എന്തെങ്കിലും കേട്ട് നടക്കാതെ ലോകകാര്യങ്ങളും വാർത്തകളും അറിയാൻ ജെൻ സി ഇന്ന് ഉപയോഗിക്കുന്നത് ഓഡിയോ-വിഡിയോ പ്ലാറ്റ്ഫോമുകളെയാണ്. ജെൻ സിക്ക് പോഡ്‌കാസ്റ്റുകളോട് വലിയ ഇഷ്ടമാണ്. അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഒരു ഭാഗമായി പോഡ്‌കാസ്റ്റിങ് മാറിയിട്ടുണ്ട്. കേവലം താൽക്കാലിക തരംഗം മാത്രമല്ല, അവരുടെ വ്യക്തിത്വത്തെയും സംഭാഷണ വിഷയങ്ങളെയും രൂപപ്പെടുത്തുന്ന ഒരു പ്രധാന ഉപകരണമായി ഇത് കണക്കാക്കപ്പെടുന്നു.
ആത്മവിശ്വാസം വളർത്താനുള്ള വഴികൾ, ഉത്കണ്ഠ കൈകാര്യം ചെയ്യാനുള്ള നുറുങ്ങുകൾ, മെച്ചപ്പെട്ട ജീവിതശൈലി നയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. ജെൻ സി മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. പുതിയ സിനിമകളെയും ടിവി ഷോകളെയും കുറിച്ചുള്ള വിശകലനങ്ങൾ, സെലിബ്രിറ്റി അഭിമുഖങ്ങൾ, സോഷ്യൽ മീഡിയ ട്രെൻഡുകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവക്കും വലിയ ഡിമാൻഡുണ്ട്. പണം കൈകാര്യം ചെയ്യേണ്ട വിധം, നിക്ഷേപ തന്ത്രങ്ങൾ, ക്രിപ്‌റ്റോകറൻസി, ഫിൻടെക് തുടങ്ങിയ വിഷയങ്ങളും ജെൻസിക്ക് പ്രിയപ്പെട്ടതാണ്. കാലികമായ സാമൂഹിക പ്രശ്‌നങ്ങൾ, പരിസ്ഥിതി, രാഷ്ട്രീയ സംവാദങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ അവർ പോഡ്‌കാസ്റ്റുകളെ ആശ്രയിക്കുന്നു.
പോഡ്‌കാസ്റ്റ് ഉപഭോഗത്തിന്‍റെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഇതിൽ ഒന്നും രണ്ടും സ്ഥാനം ചൈനക്കും യു.എസിനുമാണ്. 2020ൽ ഇന്ത്യയിൻ പോഡ്‌കാസ്റ്റ് ശ്രോതാക്കാളുടെ എണ്ണം പ്രതിമാസം വെറും 5.7 കോടിയായിരുന്നെങ്കിൽ നിലവിൽ ഈ കണക്ക് 10 കോടിയിലധികം കടന്നു. 2030ഓടെ ഇന്ത്യൻ പോഡ്കാസ്റ്റ് വിപണി 2.6 ബില്യൺ ഡോളറിലധികം മൂല്യമുള്ളതായി വളരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളെക്കാൾ ആധികാരികതയും വിശ്വാസ്യതയും കൂടുതൽ തോന്നുന്നത് പോഡ്കാസ്റ്റുകളോടാണെന്ന് പഠനങ്ങൾ പറയുന്നു.
ശബ്ദം മാത്രമായിരുന്ന പോഡ്കാസ്റ്റുകൾ ഇന്ന് വിഡിയോ പോഡ്കാസ്റ്റുകളായി മാറുന്നുണ്ട്. കാര്യങ്ങൾ വ്യക്തതയോടെ മനസിൽ പതിയാൻ ഇത് സഹായിക്കുന്നു. നിലവിൽ യൂട്യൂബിൽ മാത്രം പ്രതിമാസം 100 കോടിയിലധികം ആളുകളാണ് പോഡ്‌കാസ്റ്റ് ഉള്ളടക്കങ്ങൾ കാണുന്നത്. ക്രൈം, ചരിത്രം, വ്യക്തിഗത, ഫിനാൻസ്, കോമഡി, പോപ്പ് സൈക്കോളജി തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യൻ ശ്രോതാക്കൾക്കിടയിൽ ഇപ്പോഴും ജനപ്രിയമായി തുടരുന്നത്.
ഏത് ജോലിയുടെ ഇടയിലും ആയാസം കുറക്കാൻ പോഡ്കാസ്റ്റുകൾ കേൾക്കുന്നവരും നിരവധിയാണ്. ചെറിയ വിഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ എളുപ്പമാണ്. ഇത് പോഡ്‌കാസ്റ്റിന് കൂടുതൽ പ്രചാരം നൽകുന്നു. ലളിതവും, വിഷ്വൽ ആകർഷണമുള്ളതും, ആധികാരികമായ അനുഭവം നൽകുന്നു എന്നതിനാലാണ് ജെൻ സികൾ വിഡിയോ പോഡ്‌കാസ്റ്റുകളെ ഇത്രയധികം ഇഷ്ടപ്പെടുന്നത്.


