Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഎന്തിനും ഏതിനും ചാറ്റ്...

എന്തിനും ഏതിനും ചാറ്റ് ജി.പി.ടി, ഗൂഗ്ൾ ജെമിനി...! എ.ഐ ടൂളുകളുടെ അമിത ഉപയോഗം ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനം

text_fields
bookmark_border
എന്തിനും ഏതിനും ചാറ്റ് ജി.പി.ടി, ഗൂഗ്ൾ ജെമിനി...! എ.ഐ ടൂളുകളുടെ അമിത ഉപയോഗം ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനം
cancel

എന്തിനും ഏതിനും ഇപ്പോൾ എ.ഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നവരാണ് നമ്മിൽ ഒട്ടുമിക്ക ആളുകളും. എന്നാൽ, അമിതമായ എ.ഐ ഉപയോഗം നിങ്ങളുടെ മാനസികശേഷികളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഓർത്തിട്ടുണ്ടോ..? അക്കാര്യത്തിൽ ഒരു പഠനം നടത്തി നിഗമനം വെളിപ്പെടുത്തിയിരിക്കുകയാണ് വിദഗ്ധർ.

ഉപന്യാസങ്ങൾ തയാറാക്കാനും മറ്റു ആശയവിനിമയ സഹായങ്ങൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും ഓർമശക്തിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠന റിപ്പോർട്ട്. വാഷിങ്ടണിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) മീഡിയ ലാബിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തലുകൾ. എ.ഐ സഹായത്തോടെ എഴുതുന്നവരിൽ മസ്തിഷ്ക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നുവെന്നും അവർ സ്വന്തമായി എഴുതിയ കാര്യങ്ങൾ പോലും പിന്നീട് ഓർത്തെടുക്കാൻ പ്രയാസപ്പെടുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

എഴുതുന്ന സമയത്ത് തലച്ചോറിലുണ്ടാകുന്ന മസ്തിഷ്ക തരംഗങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. സ്വന്തമായി ഉപന്യാസങ്ങൾ തയാറാക്കിയവരിൽ ഉയർന്ന തോതിലുള്ള 'ന്യൂറൽ എൻഗേജ്‌മെന്റ്' (Neural Engagement) രേഖപ്പെടുത്തിയപ്പോൾ, ചാറ്റ് ജി.പി.ടി, ജെമിനി പോലുള്ള ടൂളുകൾ ഉപയോഗിച്ചവരിൽ ഇത് വളരെ കുറവാണെന്ന് കണ്ടെത്തി. സെർച്ച് എൻജിനുകൾ ഉപയോഗിക്കുന്നവരിലാകട്ടെ ഇടത്തരം തോതിലുള്ള മസ്തിഷ്ക പ്രവർത്തനമാണ് നടന്നത്. സഹായത്തിനായി എത്രത്തോളം സാങ്കേതികവിദ്യയെ ആശ്രയിക്കുന്നുവോ അത്രത്തോളം മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നുവെന്നാണ് ഗവേഷകരുടെ പക്ഷം.

പഠനത്തിന്റെ ഭാഗമായി നടന്ന പരീക്ഷണത്തിൽ പങ്കെടുത്തവരോട് ഉപന്യാസം എഴുതിക്കഴിഞ്ഞ ഉടൻതന്നെ അതിലെ വരികൾ ഉദ്ധരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ എ.ഐ ഉപയോഗിച്ചവരിൽ 83.3 ശതമാനം പേർക്കും തങ്ങൾ എഴുതിയ വരികൾ കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ സ്വന്തമായി എഴുതിയവർക്ക് മികച്ച രീതിയിൽ കാര്യങ്ങൾ ഓർമിച്ചെടുക്കാനും സാധിച്ചു. എ.ഐ ഉപയോഗിച്ച് തയാറാക്കിയ കുറിപ്പുകളോട് പലർക്കും ഒരു 'ഉടമസ്ഥാവകാശം' തോന്നാത്തതും ഓർമക്കുറവിന് കാരണമാകുന്നുണ്ട്.

ബോസ്റ്റൺ മേഖലയിലെ ഹാർവാർഡ്, എം.ഐ.ടി, ടഫ്റ്റ്‌സ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽനിന്നുള്ള 54 വിദ്യാർഥികളിലാണ് പഠനം നടത്തിയത്. സാങ്കേതികവിദ്യ ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴും, അത് മനുഷ്യന്റെ സ്വാഭാവികമായ ബുദ്ധിശക്തിയെയും ക്രിയാത്മകതയെയും തളർത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
TAGS:AI Tools ChatGPT gemini overuse Mental Health 
News Summary - Google Gemini, Chat GPT...! Study says excessive use of AI tools negatively affects thinking ability
Next Story