ശ്രദ്ധ കിട്ടുന്നില്ലേ ;10 ദിവസം ഇതൊന്ന് പരീക്ഷിക്കൂ...
text_fieldsഒരു പേജ് വായിക്കുമ്പോൾ, ഒരു ക്ലാസ് കേൾക്കുമ്പോൾ അല്ലെങ്കിൽ ഒരു ചിന്താശകലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലേ? ഇതു നിങ്ങളുടെ മാത്രം പ്രശ്നമല്ല, കോടിക്കണക്കിനാളുകൾ അനുഭവിക്കുന്നതാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ശ്രദ്ധക്കുറവിന്റെ പ്രശ്നം വർധിച്ചതായാണ് ഗവേഷകർ പറയുന്നത്. പ്രധാനമായും സ്മാർട്ട് ഫോണുകൾ സജീവമായതാണ് കാരണം. നോട്ടിഫിക്കേഷൻ ശ്രദ്ധ തെറ്റിക്കുന്ന വില്ലനാണ്.
സ്വയംചെയ്യാവുന്ന ചില പരിശീലനത്തിലൂടെയും ശീലങ്ങളിൽ വരുത്തുന്ന കൊച്ചുകൊച്ചു മാറ്റങ്ങളിലൂടെയും ശ്രദ്ധയിൽ ഗണ്യമായ പുരോഗതി കൈവരിക്കാം എന്ന് ന്യൂറോ സയൻസ് വിദഗ്ധർ പറയുന്നു. 10 ദിവസം ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ.
ഏകദേശം എത്രനേരം മനസ്സ് വ്യതിചലിക്കാതെ പിടിച്ചുനിൽക്കാൻ കഴിയുന്നുവെന്ന് രേഖപ്പെടുത്തുക. ഇതു മനസ്സിനെ നിയന്ത്രിക്കാനല്ല, മറിച്ച് നിങ്ങളുടെ ശ്രദ്ധയെക്കുറിച്ച് ഡേറ്റ ശേഖരിക്കാനാണ്.
- ശ്രദ്ധ മെച്ചപ്പെടുത്താൻ മനസ്സുറപ്പിക്കുക. ഒരു മിനിറ്റ് വീതം ശ്രദ്ധാസമയം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
- പഠിക്കാനിരിക്കുമ്പോൾ ഫോൺ മറ്റൊരു മുറിയിൽ മാറ്റിവെക്കുക. ശ്രദ്ധ തെറ്റിക്കുന്നതൊന്നും സമീപത്ത് വേണ്ട.
- ഉറക്കം കൃത്യമല്ലെങ്കിൽ ശ്രദ്ധയെ ബാധിക്കും. ഉറക്കം കൂടുന്നതോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വർധിക്കുന്നത് നിങ്ങൾക്കുതന്നെ അറിയാൻ കഴിയും.
- പഠനത്തിനിടെ കൃത്യമായ ഇടവേളയിൽ അഞ്ച് മിനിറ്റ് വിശ്രമിക്കുകയോ ഒന്ന് എഴുന്നേറ്റ് നടക്കുകയോ ചെയ്യുക.
- രസകരവും എന്നാൽ, ശ്രദ്ധ വേണ്ടതുമായ പസിലുകൾ അല്ലെങ്കിൽ മൈൻഡ് ഗെയിമുകൾ പരിശീലിക്കുക.
- ശ്രദ്ധിച്ച് മനസ്സിലാക്കേണ്ട പ്രയാസമുള്ള വിഷയം 20 മിനിറ്റ് നടത്തം അല്ലെങ്കിൽ വ്യായാമത്തിനു ശേഷം വായിച്ചുനോക്കൂ.
- പഠനത്തെ ഭാരമായി കാണാതെ ആസ്വദിക്കാൻ ശ്രമിക്കുക. കഷ്ടപ്പെട്ട് പഠിക്കുമ്പോൾ ശ്രദ്ധ കിട്ടില്ല, ഇഷ്ടപ്പെട്ട് പഠിക്കുമ്പോൾ കിട്ടും.
- ഒരൊറ്റ വിഷയം തുടർച്ചയായി പഠിക്കുമ്പോൾ ബോറടിക്കും. ഇടക്കൊന്ന് വിഷയം മാറ്റിപ്പിടിക്കുക


