Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightദുഃഖം: ഘട്ടങ്ങളും...

ദുഃഖം: ഘട്ടങ്ങളും അതിജീവന മാർഗങ്ങളും

text_fields
bookmark_border
ദുഃഖം: ഘട്ടങ്ങളും അതിജീവന മാർഗങ്ങളും
cancel

ദുഃഖം മനുഷ്യജീവിതത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോൾ, ജോലി പോകുമ്പോൾ, ആരോഗ്യം കൈവിട്ടുപോകുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും വലിയ സ്വപ്നം തകർന്നുപോകുമ്പോൾ നാം ദുഃഖത്തിന്‍റെ ആഴക്കടലിൽ മുങ്ങിപ്പോകുന്നു. എന്നാൽ, ഈ വേദന ശാശ്വതമല്ല. 1969ൽ സ്വിസ്-അമേരിക്കൻ മനോരോഗവിദഗ്ധ ഡോ. എലിസബത്ത് കൂബ്ലർ-റോസ് (Elisabeth Kubler-Ross) അവതരിപ്പിച്ച ദുഃഖത്തിന്‍റെ അഞ്ച് ഘട്ടങ്ങൾ (Five Stages of Grief) ഇന്നും ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാതൃകയാണ്.

ദുഃഖത്തിന്‍റെ അഞ്ച് ഘട്ടങ്ങൾ

1. നിഷേധം

ഇത് സത്യമല്ല, ഇതെനിക്ക് സംഭവിക്കില്ല എന്ന് കരുതി നാം യാഥാർഥ്യത്തെ നിഷേധിക്കുന്നു. ഇത് മനസ്സിന്‍റെ സ്വാഭാവിക പ്രതിരോധമാണ്. വേദനയെ ഒന്നിച്ച് ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ മനസ്സ് ഒരു ‘ഷോക്ക് അബ്സോർബർ’ ആയി പ്രവർത്തിക്കുന്നതാണിത്.

2. ദേഷ്യം

എന്തിനാണ് ഇങ്ങനെ സംഭവിച്ചത്? ഡോക്ടർമാർ കൂടുതൽ ശ്രമിച്ചില്ലേ? ദൈവം എന്നെ ശിക്ഷിക്കുകയാണോ?.. തുടങ്ങിയ ചിന്തകളിലൂടെ സ്വയവും മറ്റുള്ളവർ, ദൈവം, ജീവിതം എന്നിവയോട് ദേഷ്യം തോന്നുന്നു. ഈ ഘട്ടത്തിൽ കുറ്റപ്പെടുത്തലും പരിഭവവും സ്വാഭാവികമാണ്.

3. ഉപാധികൾ വെക്കൽ

ഞാൻ ഇനി ഒരിക്കലും പുകവലിക്കില്ല, അമ്മയെ തിരിച്ചുകൊണ്ടുവന്നാൽ മതി, ഞാൻ നല്ല മനുഷ്യനാകും, ഇനി ഒരു ദുരന്തവും വരരുത് - ഭാവിയിലോ ഭൂതകാലത്തിലോ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന ചിന്തകളാണ് ഈ ഘട്ടത്തിന്‍റെ ലക്ഷണം.

4. വിഷാദം

യാഥാർഥ്യം പൂർണമായി മനസിലാകുമ്പോൾ ശൂന്യത, ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള താല്പര്യം ഇല്ലായ്മ, കരച്ചിൽ, ഒന്നിനോടും താല്പര്യമില്ലായ്മ – ഇവയെല്ലാം കടന്നുവരാം. ഇത് ഏറ്റവും പ്രയാസമേറിയ ഘട്ടമാണ്.

5. പൊരുത്തപ്പെടൽ

എന്തായാലും ഇത് സംഭവിച്ചു, ഇനിയും ഞാൻ ജീവിക്കണം എന്ന് മനസ്സിലാക്കി തുടങ്ങുന്ന ഘട്ടമാണിത്. ഇവിടെ വേദന പൂർണമായും മാഞ്ഞുപോകുന്നില്ല, പക്ഷേ അതിനോട് സമരസപ്പെടാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നു. ഈ ഘട്ടങ്ങൾ ഒരു നേർരേഖയിലല്ല വരുന്നത്. ഒരാൾക്ക് ദേഷ്യത്തിൽ നിന്ന് നേരേ വിഷാദത്തിലേക്ക് ആയിരിക്കാം. മറ്റൊരാൾക്ക്‌ ദിവസങ്ങൾക്കുള്ളിൽ ഘട്ടങ്ങൾ മാറിമാറി വരാം. ചിലർക്ക് ചില ഘട്ടങ്ങൾ ഒഴിവാകുകയും ചെയ്യാം.

ദുഃഖത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ

1.സംസാരിക്കുക

കുടുംബാംഗങ്ങളോടോ, സുഹൃത്തുക്കളോടോ, അല്ലെങ്കിൽ ഒരു കൗൺസിലറോടോ നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കുക. ഞാൻ തനിയെ ശരിയാകും എന്ന് നടിക്കാതിരിക്കുക. ദുഃഖം പങ്കുവെക്കുന്നത് നിങ്ങളുടെ സങ്കടത്തെ കുറയ്ക്കും.

2. കരയുക

കരച്ചിൽ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു. ഇത് ബലഹീനതയല്ല, സ്വാഭാവിക പ്രക്രിയയാണ്. അതിനാൽ കരയാൻ തോന്നുമ്പോൾ കരയുക. കരച്ചിൽ മറച്ചു വെക്കുകയോ, പിടിച്ചു വെക്കുകയോ ചെയ്യേണ്ടതില്ല.

3. ശരീരത്തെ പരിപാലിക്കുക

ഉറക്കം, ആഹാരം, നടത്തം ഇവ അവഗണിക്കരുത്. ശരീരം ദുർബലമാകുമ്പോൾ മനസും കൂടുതൽ തളരും.

4. ജേണൽ എഴുതുക

നഷ്ടപ്പെട്ടവർക്ക് കത്തെഴുതുക, നന്ദി പറയുക, ക്ഷമ ചോദിക്കുക – ഇത് ഹൃദയത്തിലെ ഭാരം കുറയ്ക്കും.

5. പ്രൊഫഷണൽ സഹായം തേടുക

ദുഃഖം മാസങ്ങൾ കഴിഞ്ഞും ജീവിതത്തെ സ്തംഭിപ്പിക്കുന്നുണ്ടെങ്കിൽ (Complicated Grief), ഒരു സൈക്കോളജിസ്റ്റിന്‍റേയോ സൈക്യാട്രിസ്റ്റിന്‍റേയോ സഹായം തേടുക. ഇത് ദൗർബല്യമല്ല, ധൈര്യമാണ്.

ദുഃഖം ഈ ജീവിത യാത്രയുടെ ഭാഗമാണ്. ദുഖമില്ലാതെ ഒരു മനുഷ്യനും ജീവിതം കടന്നു പോകുന്നില്ല. ദുഃഖം ഓരോ മനുഷ്യനും ഓരോ കാരണത്താലും ഓരോ ആഴത്തിലും ആണെന്ന് മാത്രം. ഒരു ദിവസം നിങ്ങൾ ഓർക്കും, ദുഃഖം ഇപ്പോഴും ഉണ്ട്, പക്ഷേ അത് നിങ്ങൾ ജീവിക്കുന്നതിന് തടസ്സമല്ലാതായി കഴിഞ്ഞു എന്ന്. നഷ്ടപ്പെട്ടവർ നിങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും. അവരുടെ ഓർമ്മകൾ നിങ്ങളെ തകർക്കുന്നതിനു പകരം ശക്തി പകരുന്നതായി മാറും.

Show Full Article
TAGS:Mental Health 
News Summary - how to survive sadness
Next Story