പ്രസവാനന്തര വിഷാദം വർധിക്കുന്നു
text_fieldsതിരുവനന്തപുരം: പ്രസവാനന്തരം സ്ത്രീകളെ അലട്ടുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം) വർധിക്കുന്നതായി മാനസികാരോഗ്യ വിദഗ്ധർ. ലക്ഷണങ്ങൾ അവഗണിക്കുന്നതും ചികിത്സ തേടാൻ മടിക്കുന്നതും രോഗം സങ്കീർണമാക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 40 ശതമാനം സ്ത്രീകളിലും ഈ അവസ്ഥ കാണുന്നുവെങ്കിലും 10 ശതമാനം മാത്രമാണ് ചികിത്സ തേടുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ പറയുന്നു. മൂന്നരമാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വാർത്തകളിൽ നിറയുകയും ഒടുവിൽ കഴിഞ്ഞദിവസം ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശിനി ഈ അവസ്ഥയുടെ പിടിയിലായിരുന്നത്രെ. ഒട്ടേറെ ഗർഭിണികളിൽ ഇത്തരം മാനസികാവസ്ഥ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പലരും ചികിൽസയിലുണ്ട്.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ
പ്രസവാനന്തരം ഹോർമോൺ വ്യതിയാനത്തിലൂടെ 80 ശതമാനം സ്ത്രീകളിലും ‘പോസ്റ്റ്പാർട്ടം ബ്യൂസ്’ എന്ന വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടും. ഇത് നാലാഴ്ചക്കുള്ളിൽ മാറും. അതിനുശേഷവും വിഷാദാവസ്ഥ തുടരുന്നതാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ.
കാരണങ്ങൾ
ഗർഭാവസ്ഥയിലുണ്ടാകുന്ന ഉയർന്ന ഈസ്ട്രജൻ, പ്രോജസ്ട്രോൺ ഹോർമോണുകളുടെ അളവ് പ്രസവശേഷം പെട്ടെന്ന് കുറയുന്നത്, പ്രസവാനന്തര വേദന, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, ദാമ്പത്യപ്രശ്നങ്ങൾ, ആസൂത്രിതമല്ലാത്ത ഗർഭധാരണം, കുഞ്ഞുങ്ങളെ പരിചരിക്കുന്നതിലെ സമ്മർദം, ഏകാന്തത.
ലക്ഷണങ്ങൾ
തുടർച്ചയായ ദുഃഖം, കരയാനുള്ള പ്രവണത, അമിത ക്ഷീണം, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക, ഉറങ്ങാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ അമിതമായ ഉറക്കം, കുഞ്ഞിനോട് അകൽച്ച തോന്നുക, നല്ല അമ്മയല്ലെന്ന തോന്നൽ, കുറ്റബോധം, നിസ്സഹായത, അമിതമായ ഉത്കണ്ഠ, പരിഭ്രാന്തി.
"20-35 പ്രായക്കാരാണ് രോഗികളാകുന്നവരിലേറെയും. യഥാസമയം ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാം. കാലക്രമേണ മാറുമെന്ന് കരുതി വീട്ടുകാർ നിസ്സാരവത്കരിക്കും. ഇത് പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്ന അതിസങ്കീർണ അവസ്ഥയിലെത്തിക്കും. കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്നതും സ്വയം ജീവനൊടുക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.’’
ഡോ. അരുൺ ബി. നായർ (തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസർ)
വിളിക്കാം: 14416
ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീകളെ കണ്ടെത്താൻ ‘അമ്മ മനസ്സ്’ എന്ന പേരിൽ ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഗർഭകാലത്തും പ്രസവാനന്തരവും മൂന്നുതവണ വീതം വീട്ടിലെത്തി സംസാരിച്ച് ലക്ഷണങ്ങളുള്ളവരെ മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തേക്ക് അയക്കുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ ടോൾഫ്രീ നമ്പറായ 14416ൽ വിളിച്ചാൽ പ്രസവാനന്തര വിഷാദം മറികടക്കാനുള്ള സഹായം ലഭിക്കും.