ഫോക്കസ് നഷ്ടപ്പെട്ടോ? റീലുകൾ നിങ്ങളുടെ മസ്തിഷ്കത്തെ മാറ്റിമറിക്കുകയാണ്
text_fields“ഒരു റീൽ മാത്രം കണ്ടിട്ട് നിർത്താം” എന്ന ചിന്തയിലാണ് പലപ്പോഴും ആളുകൾ മൊബൈലിൽ സ്ക്രോളിങ് ആരംഭിക്കുക. പക്ഷേ, അതുപിന്നെ മണിക്കൂറുകൾ നീളും. ഇത് കേവലം സമയം കൊല്ലുന്ന പണിയല്ലെന്ന് അറിയുക. ഏതാനും സെക്കൻഡുകളുടെ മാത്രം ഇടവേളകളിൽ മാറിമറിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും നിറഞ്ഞ റീലുകൾ, കേവല വിനോദമെന്നതിലുപരി മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനരീതിയെ തന്നെ ബാധിക്കാമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
നിരന്തരം ഷോർട്ട് വിഡിയോ കാണുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി കുറക്കുകയും ഉറക്കക്രമം തകർക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് കൗമാരക്കാരിലും യുവാക്കളിലും ദീർഘസമയം പഠനത്തിലോ ജോലിയിലോ ശ്രദ്ധ നിലനിർത്താൻ ബുദ്ധിമുട്ട് വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചിലർക്ക് പുസ്തകം വായിക്കുക, ദൈർഘ്യമേറിയ സംഭാഷണം കേൾക്കുക തുടങ്ങിയ സാധാരണ കാര്യങ്ങളും ബുദ്ധിമുട്ടായി മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ന്യൂറോളജിസ്റ്റുകൾ പറയുന്നതനുസരിച്ച്, റീലുകൾ മസ്തിഷ്കത്തിലെ ‘റിവാർഡ് സിസ്റ്റം’ അതിവേഗം ഉത്തേജിപ്പിക്കുന്നു. ഓരോ പുതിയ വിഡിയോയും ചെറിയൊരു ഡോപ്പമിൻ ഉത്തേജനം നൽകുന്നു. ഇതേ രീതിയിലുള്ള പ്രതികരണം മദ്യാസക്തിയിലോ ഗെയിമിങ് അടക്കമുള്ള അടിമത്ത സ്വഭാവങ്ങളിലുമുണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. തുടർച്ചയായ ഇത്തരം ഉത്തേജനങ്ങൾ മൂലം മസ്തിഷ്കം സ്ഥിരമായി പുതിയ ഉത്തേജനങ്ങൾ തേടുന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മസ്തിഷ്കത്തിലെ ശ്രദ്ധ, സ്വയംനിയന്ത്രണം, തീരുമാനമെടുക്കൽ തുടങ്ങിയവ നിയന്ത്രിക്കുന്ന പ്രീഫ്രോൻറൽ കോർട്ടെക്സ് എന്ന ഭാഗത്തേക്കും ഇതിന്റെ സ്വാധീനം എത്തുന്നുവെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉറക്കക്കുറവും തുടർച്ചയായ സ്ക്രീൻ ഉപയോഗവും ഓർമശക്തിയെയും പഠനക്ഷമതയെയും ബാധിക്കാമെന്നും ഡോക്ടർമാർ പറയുന്നു.
വിദഗ്ധരുടെ നിർദേശ പ്രകാരം സ്ക്രീൻ സമയം നിയന്ത്രിക്കുക, ഇടവേളകളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുക, വ്യായാമം, പുസ്തകവായന, പുതിയ കഴിവുകൾ അഭ്യസിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുക എന്നിവ മസ്തിഷ്കാരോഗ്യം സംരക്ഷിക്കാൻ സഹായകരമാണ്.
ഇനി ‘കാപ്ച’യുണ്ടാകില്ല; പകരം ക്യൂ.ആർ കോഡ്
പല വെബ്സൈറ്റുകളിലേക്കും പ്രവേശിക്കാൻ ഉപയോക്താവിന് ‘കാപ്ച’ എന്ന കടമ്പ കടക്കണം. അഥവാ, വെബ്സൈറ്റ് നൽകുന്ന ഒരു കോഡ് അതുപോലെ കൃത്യമായി ടൈപ്പ് ചെയ്ത് ഉപയോക്താവ് മനുഷ്യൻ തന്നെയാണെന്ന് തെളിയിക്കണം. ഇതുപോലെ, വാഹനങ്ങളും കാൽനട യാത്രക്കാർക്കുള്ള ക്രോസ് ലൈനുകളുമെല്ലാം കണ്ടുപിടിക്കുന്ന ‘പരീക്ഷണ’ങ്ങളും നാം പലപ്പോഴും അഭിമുഖീകരിക്കാറുണ്ട്. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം പരീക്ഷണങ്ങൾ ഗൂഗ്ൾ അവസാനിപ്പിക്കുകയാണ്. പകരം, മൊബൈൽ നമ്പർ വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്ന സംവിധാനം കൊണ്ടുവരുമത്രെ. വെബ്സൈറ്റ് തുറക്കുമ്പോൾ ക്യൂ.ആർ കോഡ് സ്ക്രീനിൽ തെളിയും. മൊബൈൽ വഴി സ്കാൻ ചെയ്താൽ വെബ്സൈറ്റിൽ പ്രവേശിക്കാം. ഈ സംവിധാനം ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് ഉപയോക്താവിന്റെ സ്വകാര്യത എത്രമാത്രം സംരക്ഷിക്കുമെന്നതിൽ ആശങ്കയുയർന്നിട്ടുണ്ട്.


