എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കാമോ?
text_fieldsപ്രതീകാത്മക ചിത്രം
ഒരു തീരുമാനമെടുത്താൽ അതിൽ തന്നെ ഉറച്ചു നിൽക്കുന്നവരാണോ നിങ്ങൾ? അതോ മനം മാറ്റി, ആ തീരുമാനം മാറ്റാറുണ്ടോ ? ചിലർ ഇങ്ങനെ മനം മാറുന്നതും മറ്റു ചിലർ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതും എന്തുകൊണ്ടായിരിക്കും ? ‘മെറ്റാകോഗ്നിഷൻ’ എന്ന ആശയം ഉപയോഗിച്ചാണ് ഇത്തരം മനം മാറ്റങ്ങളുടെ കാരണം ഗവേഷകർ വിശദീകരിക്കുന്നത്.
മെറ്റാകോഗ്നിഷൻ എന്നത്, നമ്മൾ എത്ര നന്നായി ജോലി ചെയ്യുന്നുവെന്ന് നമ്മെ അറിയിക്കുന്ന മാനസികവും ജൈവശാസ്ത്രപരവുമായ പ്രക്രിയകളാണ്. നമ്മൾ ശരിയായ പാതയിലാണോ അതോ നേട്ടം കൈവരിക്കാൻ കൂടുതൽ പരിശ്രമങ്ങളുടെ ആവശ്യമുണ്ടോ എന്നൊക്കെ കണ്ടെത്താൻ സഹായിക്കുന്ന നമ്മുടെ തന്നെ ആന്തരിക ശബ്ദമാണിത്.
ആത്മവിശ്വാസ കുറവിനാൽ...
ആളുകൾ പലപ്പോഴും തങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം കുറയുമ്പോഴാണ് മനസ്സ് മാറ്റാറുള്ളത്. വളരെ കുറച്ചുപേരെ ഇങ്ങനെ മനസ്സ് മാറ്റുന്നുള്ളൂ എന്നാണ് മനഃശാസ്ത്ര ഗവേഷകനായ ഡ്രാഗൻ റേഞ്ചലോവ് പറയുന്നത്. അതും തീരെ ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ മാത്രം. രസകരമെന്നു പറയട്ടെ, ആളുകൾ മനസ്സ് മാറ്റാൻ തീരുമാനിക്കുമ്പോൾ, അത് മിക്കപ്പോഴും മികച്ച തീരുമാനങ്ങളിലേക്ക് നയിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
നിങ്ങളുടെ മനസ്സ് എപ്പോൾ മാറ്റണമെന്ന് അറിയാനുള്ള കഴിവിനെ മെറ്റാകോഗ്നിറ്റീവ് സെൻസിറ്റിവിറ്റി എന്ന് വിളിക്കുന്നു. സമയത്തിന്റെ സമ്മർദ്ദങ്ങളിലാണ് തീരുമാനങ്ങൾ എടുക്കുന്നതിൽ ആളുകൾ കൂടുതൽ മികച്ചവരാവുന്നതെന്നും റേഞ്ചലോവിന്റെയും സഹപ്രവർത്തകരുടെയും ഗവേഷണത്തിൽ തെളിയിച്ചിട്ടുണ്ട്.
നിങ്ങൾ ഒരു തീരുമാനം എടുക്കുമ്പോൾ, ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് മസ്തിഷ്കം വിലയിരുത്തുന്നു. നിങ്ങളുടെ മെറ്റാകോഗ്നിഷൻ കുറഞ്ഞ ആത്മവിശ്വാസം കണ്ടെത്തിയാൽ, അത് മനസ്സിന്റെ മാറ്റത്തിന് കാരണമാകും. ഈ സ്വയം നിരീക്ഷണം ഒരു ആന്തരിക സന്ദേശം പോലെയാണ്. അതിനാൽ, മെറ്റാകോഗ്നിഷൻ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുക മാത്രമല്ല - അവയിൽ ഉറച്ചുനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും സഹായിക്കുന്നു.
മനസ്സ് മാറുന്നില്ലെങ്കിലോ
ചിലർ മനസ്സ് മാറ്റാൻ മടിക്കുന്നതിന് കുറഞ്ഞത് രണ്ട് കാരണങ്ങളെങ്കിലും ഉണ്ട്. ഒന്നാമതായി, മനസ്സ് മാറ്റാൻ തീരുമാനിക്കുന്നത് സാധാരണയായി പ്രാരംഭ തിരഞ്ഞെടുപ്പുകളുടെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിനുള്ള വൈജ്ഞാനിക ശ്രമത്തിന്റെ ഫലമായാണ്.
എല്ലാ തീരുമാനങ്ങൾക്കും ആ ശ്രമം ആവശ്യമില്ല. കൂടാതെ മിക്ക ദൈനംദിന തിരഞ്ഞെടുപ്പുകളും മികവുറ്റതാവേണ്ട കാര്യവുമില്ല. രണ്ടാമതായി, ഇടയ്ക്കിടെയുള്ള മനംമാറ്റം സമൂഹത്തിൽ അത്ര നല്ല അഭിപ്രായമായിരിക്കില്ല നമുക്ക് തരുന്നത്. സാമൂഹിക- വ്യക്തി ബന്ധങ്ങൾ ഇല്ലാതാക്കാനും ഇത് കാരണമായേക്കാം. ഈ പ്രതികൂല സാഹചര്യം ഒഴിവാക്കാനും വ്യക്തികൾ മനം മാറ്റാതിരിക്കും. ഭാവിയിലേക്ക് നിരവധി ഗവേഷണ സാധ്യതയുള്ള മേഖല കൂടിയാണിത്.