‘പഠനത്തേക്കാൾ പ്രധാനം മാനസിക പിന്തുണ’; നീറ്റ് വിദ്യാർഥികൾക്ക് കൗൺസിലിങ് വേണമെന്ന് അധ്യാപകർ
text_fieldsന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. പരീക്ഷയിൽ സുതാര്യത ഉറപ്പാക്കാൻ റദ്ദാക്കൽ അനിവാര്യമായിരുന്നു എന്ന് ഒരു വിഭാഗം ചിന്തിക്കുമ്പോഴും, വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത തങ്ങളുടെ മാനസികാവസ്ഥ തകർന്നടിയുകയാണെന്നാണ് ഭൂരിഭാഗം വിദ്യാർഥികളും പറയുന്നത്. കടുത്ത മാനസിക സമ്മർദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് രാജ്യമുടനീളമുള്ള മെഡിക്കൽ വിദ്യാർഥികൾ ഇപ്പോൾ പങ്കുവെക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ദീർഘദൂരം യാത്ര ചെയ്ത് വലഞ്ഞ വിദ്യാർത്ഥികളുടെ യാത്രാക്ലേശം ഒരു വശത്തുണ്ടെങ്കിൽ, പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധി സാമ്പത്തികത്തിന് അപ്പുറമാണ്. ആൺകുട്ടികളെപ്പോലെ കൂട്ടമായി യാത്ര ചെയ്യാനോ ദീർഘകാലം വീടുവിട്ടു നിൽക്കാനോ പലപ്പോഴും പെൺകുട്ടികൾക്ക് കുടുംബങ്ങളിൽ നിന്ന് അനുവാദം ലഭിക്കാറില്ല. വീണ്ടുമൊരു ശ്രമത്തിന് കൂടി മാതാപിതാക്കളെ സമ്മതിപ്പിക്കുക എന്നത് പല പെൺകുട്ടികൾക്കും വലിയ വെല്ലുവിളിയാണ്. കോട്ട, സികാർ, പൂനെ തുടങ്ങിയ കോച്ചിങ് ഹബ്ബുകളിലേക്ക് വീണ്ടും മടങ്ങണമെങ്കിൽ താമസം, ഭക്ഷണം, യാത്ര എന്നിവക്കായി ആയിരക്കണക്കിന് രൂപ കുടുംബങ്ങൾ വീണ്ടും കണ്ടെത്തേണ്ടി വരും.
പെട്ടെന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ പ്രമുഖ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെല്ലാം പുനഃപരീക്ഷക്കായുള്ള പ്രത്യേക ബാച്ചുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വിദ്യാർഥികളെ മാനസികമായി വീണ്ടും പഠനത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അധ്യാപകർ പറയുന്നു.
മറ്റ് പ്രൊഫഷണൽ കോഴ്സുകളെപ്പോലെയല്ല എം.ബി.ബി.എസ് പ്രവേശനം. വർഷത്തിൽ ഒരൊറ്റ ദിവസം നടക്കുന്ന ഒരൊറ്റ പരീക്ഷയെ ആശ്രയിച്ചാണ് വിദ്യാർഥികളുടെ ഭാവി. അതുകൊണ്ടുതന്നെ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തുന്നത്. പരീക്ഷാ സംവിധാനത്തിന്റെ പരാജയത്തിന് ഒടുവിൽ വില നൽകേണ്ടി വരുന്നത് വിദ്യാർഥികളാണെന്നത് രാജ്യത്തെ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണ്.


