ഫോൺ റിങ് ചെയ്യാത്തപ്പോഴും വൈബ്രേറ്റ് ചെയ്യുന്നത് പോലെ തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് ‘ഫാന്‍റം വൈബ്രേഷൻ’ ആയിരിക്കും!
text_fieldsപ്രതീകാത്മക ചിത്രം
ബസിലിരിക്കുമ്പോഴോ ചിലപ്പോൾ റോഡിലൂടെ നടക്കുമ്പോൾ പോലും, മൊബൈലുകളിൽ മുഴുകിയിരിക്കുന്ന ആളുകളെ കാണുന്നത് ഇന്ന് വളരെ സാധാരണമാണ്. സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും, ആപ്പിൾ വാച്ച്, ആമസോൺ എക്കോ പോലുള്ള മറ്റ് സ്മാർട്ട് ഉപകരണങ്ങളുടെ ആവിർഭാവവും ഫോൺ അഡിക്ഷൻ കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഒരു ദിവസം 150 തവണ സ്മാർട്ട്‌ഫോൺ എടുത്ത് ഉപയോഗിക്കുന്നവരാണ് കൂടുതൽ പേരും എന്ന് പഠനങ്ങൾ പറയുന്നു. സാങ്കേതികവിദ്യയിലുള്ള ഈ അമിതമായ ആശ്രിതത്വം ടെക്നോളജി അഡിക്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നിങ്ങളുടെ ഫോൺ യഥാർത്ഥത്തിൽ റിങ് ചെയ്യാത്തപ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് പോലെ തോന്നാറുണ്ടോ? ഈ പ്രതിഭാസം പ്രധാനമായും തലച്ചോറിലെ ഒരു മിഥ്യാധാരണ അല്ലെങ്കിൽ ഒരു വ്യാജ അലാറം ആണ്. ഇതാണ് ഫോൺ ഫാന്‍റം വൈബ്രേഷൻ. ഫോൺ പരിശോധിക്കുകയും അമിതമായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം ആവർത്തിക്കുമ്പോൾ, ആ അനുഭവം തലച്ചോറിൽ സംഭരിക്കപ്പെടുന്നു. ചില പ്രവർത്തനങ്ങൾ ആവർത്തിക്കുമ്പോൾ, തലച്ചോറിലെ ഫിൽട്ടറിങ് മെക്കാനിസത്തിന് തകരാർ സംഭവിക്കുകയും ഫോൺ വൈബ്രേറ്റ് ചെയ്യുന്നതായി വ്യാജ സിഗ്നലുകൾ നൽകുകയും ചെയ്യുന്നു.
മെഡിക്കൽ രംഗത്തെ 'ഫാന്‍റം ലിംബ് സിൻഡ്രോം' എന്ന അവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് വന്നത്. അപകടത്തിലോ മറ്റോ ശരീത്തിൽ നിന്ന് മുറിച്ചുമാറ്റിയ ഒരു കൈയിലോ കാലിലോ ഇപ്പോഴും വേദനയോ ചൊറിച്ചിലോ ഉണ്ടെന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയാണിത്. അതുപോലെ ഫോൺ പോക്കറ്റിൽ ഇല്ലെങ്കിലും വൈബ്രേറ്റ് ചെയ്യുന്നതായി തോന്നുന്നതിനാലാണ് ഇതിന് 'ഫാന്‍റം വൈബ്രേഷൻ' എന്ന് പേര് വന്നത്. കഠിനമായ മാനസിക സമ്മർദത്തോടുള്ള പ്രതികരണമായും ചിലപ്പോൾ ഇത്തരം ഫാന്‍റം വൈബ്രേഷനുകൾ അനുഭവപ്പെടാം. വിവിധ പഠനങ്ങൾ അനുസരിച്ച് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ 68 ശതമാനം മുതൽ 90 ശതമാനം വരെ ആളുകൾക്ക് എപ്പോഴെങ്കിലും ഫാന്‍റം വൈബ്രേഷൻ അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് വളരെ സാധാരണമായ പ്രതിഭാസമാണ്.
ഫാന്‍റം വൈബ്രേഷൻ സിൻഡ്രോം ഒരു രോഗാവസ്ഥയല്ലാത്തതിനാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ശീലങ്ങൾ നിയന്ത്രിക്കുന്നതിലൂടെയും ഇത് ലഘൂകരിക്കാൻ സാധിക്കും. മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറക്കുകയാണ് പ്രധാനം. ഫോണിൽ ചെലവഴിക്കുന്ന സമയം ട്രാക്ക് ചെയ്യുകയും ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യണം. ദിവസത്തിൽ ഒരു നിശ്ചിത സമയത്തിൽ ഫോൺ പൂർണ്ണമായും മാറ്റി വെക്കുക. ഫോൺ റിങ് മോഡിൽ ഇടുകയോ വൈബ്രേഷൻ പൂർണ്ണമായും ഓഫ് ആക്കുകയോ ചെയ്യുക. ആവശ്യമില്ലാത്ത ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യുകയോ ഓഫ് ആക്കുകയോ ചെയ്യുന്നത് ഫോൺ പരിശോധിക്കാനുള്ള പ്രേരണ കുറക്കും.


