ഷിൻ ഗി തായ് എന്ന ജീവിത ബാലൻസിങ്; വർക്-ലൈഫ് ബാലൻസ് പാലിക്കാൻ കഴിയാത്തവർക്ക് ജാപ്പനീസ് വിദ്യ
text_fieldsഡെഡ് ലൈനുകൾ കുമിഞ്ഞുകൂടുകയും വർക്-ലൈഫ് ബാലൻസ് തെറ്റി കിളിപോവുകയും ചെയതവർ ആ ബാലൻസ് തിരിച്ചുപിടിക്കാൻ പല വഴികളും തേടാറുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒരു ജാപ്പനീസ് വിദ്യയാണ് ‘ഷിൻ ഗി തായ്’. ‘മനസ്സ്, കഴിവ്, ശരീരം’ എന്നാണിതിന്റെ അർഥം. ആയോധന കലയിൽ നിന്നാണ് ഉദ്ഭവമെങ്കിലും മാർഷൽ ആർട്സിനപ്പുറം പ്രഫഷനലുകൾക്കും സർഗാത്മക ജോലിക്കാർക്കുമെല്ലാം ബാലൻസ്ഡ് അഥവ സമന്വയ ജീവിതത്തിനുള്ള വഴികൾ ‘ഷിൻ ഗി തായ്’ പറഞ്ഞുതരുന്നു.
‘ഷിൻ’
നമ്മുടെയെല്ലാം മാനസികവും വൈകാരികവുമായ ലോകത്തെ പ്രതിനിധീകരിക്കുന്നതാണ് ‘ഷിൻ’. ധ്യാനം, മനസ്സും ശരീരവും അറിഞ്ഞുകൊണ്ടുള്ള ദീർഘശ്വാസമെടുക്കൽ, ഡയറി എഴുത്ത് തുടങ്ങിയവയിലൂടെ ഏകാഗ്രതയും മനഃശാന്തിയും ആത്മബോധവും വളർത്തിയെടുക്കുന്നതാണ് ഷിൻ. അതിവേഗം ബന്ധിപ്പിക്കപ്പെട്ട ഈ ലോകത്ത്, മനസ്സിനെ ശക്തിപ്പെടുത്തുകയെന്നാൽ സമ്മർദങ്ങളോട് വെറുതെ പ്രതികരിക്കുകയല്ല. പകരം, ശ്രദ്ധയെ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും പഠിക്കുകയാണ്.
‘ഗി’
ഏതെങ്കിലും ഒരു സ്കില്ലിൽ വൈദഗ്ധ്യം നേടുന്നതിനെക്കുറിച്ചുള്ളതാണിത്. അറിവ് നേടുക, വിദ്യകൾ മിനുക്കിയെടുക്കുക, ലക്ഷ്യബോധത്തോടെ പരിശീലിക്കുക എന്നിവ ഇതിൽപ്പെടുന്നു. ഒരു പ്രസന്റേഷൻ രൂപകൽപന ചെയ്യുന്നതിലോ ഒരു ആപ് കോഡ് ചെയ്യുന്നതിലോ വയലിൻ വായിക്കുന്നതിലോ ആകട്ടെ, വൈദഗ്ധ്യം നേടുന്നതിലൂടെ നാം പലതും നേടുന്നു. ഇത് വെറുതെ നേടിയെടുക്കുന്നതല്ല. മറിച്ച് സ്ഥിരവും ലക്ഷ്യബോധത്തോടെയുമുള്ള പഠനത്തിലൂടെയാണ് കൈവരിക്കുന്നത്. മികവ് പടിപടിയായി നിർമിക്കപ്പെടുന്നതാണെന്ന് ‘ഗി’ ഓർമിപ്പിക്കുന്നു.
‘തായ്’
മറ്റു രണ്ടു അവസ്ഥകൾക്കും അടിസ്ഥാനമിടുന്നത് തായ് ആണ്. ശാരീരികാരോഗ്യം, ഊർജസ്വലത, ശരിയായ ശരീരനില എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ‘തായ്’ അവസ്ഥയിലെത്താൻ വ്യായാമം, പോഷകാഹാരം, ശരിയായ ഉറക്കം എന്നിവ അനിവാര്യമാണ്. ആരോഗ്യമുള്ള ശരീരമില്ലെങ്കിൽ, എത്ര മൂർച്ചയുള്ള മനസ്സും ഉയർന്ന കഴിവുകളും ദുർബലമായിപ്പോകും.
ബാലൻസാണ് പ്രധാനം
‘ഷിൻ ഗി തായി’യെ ശക്തമാക്കുന്നത് അവയുടെ സമന്വയത്തിലാണ്. ഏതെങ്കിലും ഒന്ന് അവഗണിക്കുന്നത് മൊത്തം ശക്തിയെ ദുർബലപ്പെടുത്തുന്നു. മൂന്നിനെയും മെച്ചപ്പെടുത്തിയാൽ മികച്ച ഒരു ലൈഫ് സർക്കിൾ സാധ്യമാകുന്നു. ശാന്തമായ മനസ്സ് പഠനത്തെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും മെച്ചപ്പെടുത്തും.
വിദഗ്ധ പരിശീലനം ആത്മവിശ്വാസം വളർത്തുന്നു, ശാരീരിക ക്ഷമത മറ്റു രണ്ടുകാര്യങ്ങളെയും നിലനിർത്തുന്നു. പത്തു മിനിറ്റ് ധ്യാനം, കൃത്യമായ പരിശീലനം, വേഗത്തിലുള്ള നടത്തം എന്നിങ്ങനെയുള്ള ലളിതമായ ദിനചര്യകൾ പോലും മനസ്സിനെയും പാടവത്തെയും ശരീരത്തെയും ക്രമേണ ഒരുമിച്ച് കൊണ്ടുവരാൻ സഹായിക്കും.