ഫുൾ ടൈം ഫോണിൽ കുത്തിയിരിക്കുന്ന പ്രായമായവരെ ഇനി കുറ്റം പറയരുത്!
text_fieldsസ്മാർട്ഫോണിന്‍റെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളുടെയും ദീർഘകാലത്തെ ഉപയോഗം ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളുണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണല്ലോ. എന്നാൽ, ഇത് വയോധികരിലാണെങ്കിൽ ഗുണമുണ്ടാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആഗോളാടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ അവലോകനത്തിൽ, സ്മാർട്ട്‌ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പതിവായി ഉപയോഗിക്കുന്ന പ്രായമായവർക്ക് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഡോ. ജാരെഡ്, ബെൻഗെ, ഡോ. മൈക്കൽ സ്കുള്ളിൻ എന്നിവരുടെ നേതൃത്വത്തിലെ ഗവേഷകരുടെ സംഘം 50 വയസ്സിന് മുകളിൽ പ്രായമുള്ള 4,00,000ത്തിലധികം ആളുകളിൽനിന്നുള്ള ഡാറ്റയാണ് പഠിച്ചത്. 57 മേഖലകളിൽ വിശകലനം ചെയ്ത ശേഷമാണ്, സ്മാർട്ഫോണുകൾ, കംപ്യൂട്ടറുകൾ അല്ലെങ്കിൽ ഇന്‍റർനെറ്റ് എന്നിവ പതിവായി ഉപയോഗിക്കുന്നവരുടെ തലച്ചോർ സജീവമായി നിൽക്കുന്നെന്ന് കണ്ടെത്തിയത്.
സാങ്കേതികവിദ്യ ആളുകളെ മടിയന്മാരാക്കുന്ന ഡിജിറ്റൽ ഡിമൻഷ്യ പ്രവണതക്ക് വിപരീതമാണ് പുതിയ കണ്ടെത്തൽ. തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നതിന് പകരം സജീവമാക്കുകയാണത്രെ ചെയ്യുന്നത്. വാർത്തകൾ വായിക്കുക, പ്രശ്നോത്തരികൾ ചിന്തിക്കുക, സുഹൃത്തുക്കളുമായുള്ള ചാറ്റുകൾ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്.
ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതിയാണ് എല്ലാ വ്യത്യാസങ്ങളും ഉണ്ടാക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അമിതമായി ടി.വി. കാണുന്നത് പോലെ പാസീവായ സ്ക്രീൻ സമയം തലച്ചോറിന് ഗുണം ചെയ്യുന്നില്ലായിരിക്കാം. എന്നാൽ, വായന, സുഹൃത്തുക്കളുമായുള്ള സംഭാഷണം, ചില ഗെയിമുകൾ എന്നിവ തലച്ചോറിനെ സഹായിക്കുകയാണ് ചെയ്യുന്നത്.