Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഉറങ്ങുന്നതിന് മുമ്പ്...

ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുവെള്ളത്തിലുള്ള കുളി; സ്ട്രസ് റിലീഫ് 'ഡാർക്ക് ഷവറിങ്'

text_fields
bookmark_border
ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുവെള്ളത്തിലുള്ള കുളി; സ്ട്രസ് റിലീഫ് ഡാർക്ക് ഷവറിങ്
cancel

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ രീതിയാണ് 'ഡാർക്ക് ഷവറിങ്'. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും മാനസികാരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ബാത്റൂമിലെ വെളിച്ചം പൂർണ്ണമായും അണച്ചോ അല്ലെങ്കിൽ വളരെ കുറഞ്ഞ വെളിച്ചത്തിലോ (ഡിം ലൈറ്റ്) കുളിക്കുന്ന രീതിയാണിത്.

ഗുണങ്ങൾ

മാനസിക സമ്മർദം കുറക്കുന്നു: കുളിമുറിയിലെ കഠിനമായ എൽ.ഇ.ഡി വെളിച്ചം ഒഴിവാക്കുന്നത് തലച്ചോറിന് വിശ്രമം നൽകുന്നു. ഇത് 'കോർട്ടിസോൾ' എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കുറക്കാൻ സഹായിക്കും.

ശരീരതാപനില: ഉറങ്ങുന്നതിന് 90 മിനിറ്റ് മുമ്പ് ഇളം ചൂടുവെള്ളത്തിലുള്ള കുളി ശരീരതാപനില കുറക്കാനും ആഴത്തിലുള്ള ഉറക്കം നൽകാനും സഹായിക്കുന്നു.

മെച്ചപ്പെട്ട ഉറക്കം: ഉറങ്ങുന്നതിന് മുമ്പ് വെളിച്ചം കുറച്ച് ഇത്തരത്തിൽ കുളിക്കുന്നത് ശരീരത്തിന് വിശ്രമിക്കാൻ സമയമായെന്ന സൂചന നൽകുന്നു. ഇത് മെലറ്റോണിൻ ഉൽപാദനം വർധിപ്പിക്കുകയും ആഴത്തിലുള്ള ഉറക്കം നൽകുകയും ചെയ്യുന്നു.

സെൻസറി ഡിപ്രൈവേഷൻ: ചുറ്റുമുള്ള ദൃശ്യപരമായ തടസ്സങ്ങൾ ഇല്ലാതാകുമ്പോൾ, വെള്ളത്തിന്റെ താപനിലയും ശബ്ദവും കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ കഴിയുന്നു. ഇത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു.

ഡിജിറ്റൽ ഡിറ്റോക്സ്: ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും വെളിച്ചത്തിൽ നിന്ന് മാറി നിൽക്കാൻ ഇത് ഒരു മികച്ച അവസരമാണ്.

എങ്ങനെ ചെയ്യാം?

കുളിമുറിയിലെ പ്രധാന ലൈറ്റുകൾ അണക്കുക. വേണമെങ്കിൽ സുരക്ഷിതമായ ഒരിടത്ത് സുഗന്ധമുള്ള മെഴുകുതിരിയോ ചെറിയൊരു ലൈറ്റോ തെളിക്കാം. ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നത് പേശികൾക്ക് കൂടുതൽ ആശ്വാസം നൽകും. ബാത്ത് ടബ്ബിലോ ഷവറിന് താഴെയോ നിശബ്ദമായി കുറച്ചുനേരം ചിലവഴിക്കുക. സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ഉന്മേഷം നൽകും.

സുരക്ഷാ നിർദേശങ്ങൾ

ബാത്റൂമിൽ വഴുതി വീഴാൻ സാധ്യതയുള്ളതിനാൽ വെളിച്ചം പൂർണ്ണമായും അണക്കുമ്പോൾ അതീവ ശ്രദ്ധ വേണം. ചെറിയ നൈറ്റ് ലാമ്പുകളോ മെഴുകുതിരിയോ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഇരുട്ട് നിങ്ങൾക്ക് ഭയമോ അസ്വസ്ഥതയോ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഈ രീതി പരീക്ഷിക്കരുത്. മുതിർന്നവർക്ക് വേണ്ടിയുള്ള ഒരു റിലാക്സേഷൻ രീതിയാണിത്. കുട്ടികൾക്ക് ഇത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

Show Full Article
TAGS:Health Alert bathing Mental Heath 
News Summary - Stress relief 'dark showering'
Next Story