കൊള്ളാമല്ലോ ഈ ‘മടിപിടിച്ചിരിക്കൽ ചികിത്സ’
text_fieldsഒന്നും ചെയ്യാതെ കിടക്കയിൽ കുറേ നേരം വെറുതെ കിടക്കുക... അതൊരു ചികിത്സയാണത്രെ! വെറുതെ ഫോൺ സ്ക്രോൾ ചെയ്യുകയോ സംസാരിക്കുകയോ ചെയ്ത് കിടക്കുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. ഈ വർഷം കൂടുതൽ ട്രെൻഡിങ് ആയ സെൽഫ് കെയർ വിദ്യകളിലൊന്നായ ‘തെറപ്യൂട്ടിക് ലേസിനെസ്’ അഥവാ ‘മടി പിടിച്ചിരിക്കൽ ചികിത്സ’യാണത്. വിശ്രമത്തിൽപോലും പ്രൊഡക്ടിവ് ആയിരിക്കുകയെന്ന ആധുനിക കാല മുദ്രാവാക്യത്തിന്റെ നേർവിപരീതമാണിത്. ഇടക്ക് ഇത് പരിശീലിക്കുന്നത് മനസ്സിനെ റീചാർജ് ചെയ്യാനുള്ള മികച്ച വഴിയാണെന്നാണ് മാനസികാരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നത്. അതേസമയം, പണിയെടുക്കാൻ ഒട്ടും മനസ്സില്ലാത്ത ‘വിയർപ്പിന്റെ അസുഖ’മുള്ളവർ ഇതൊരു അവസരമായി കാണുകയുമരുത്.
തെറപ്യൂട്ടിക് ലേസിനെസ്?
വളരെ കുറച്ച് കാര്യങ്ങൾ മാത്രംചെയ്ത്, എല്ലാ വേഗതയും കുറച്ച് വിശ്രമത്തിലൂടെ മാനസിക, വൈകാരിക സൗഖ്യം കൈവരിക്കുന്ന വിദ്യയാണിത്. ‘മടി പിടിച്ചിരിക്കൽ ചികിത്സ’യുടെ ഭാഗമായ വിശ്രമവും വിനോദവും ടൈംടേബിൾ തെറ്റിക്കലും സർഗാത്മകതയെ ഉണർത്തുമെന്നും ഇതിന്റെ പ്രചാരകർ ചൂണ്ടിക്കാട്ടുന്നു.
‘കുറ്റബോധമൊന്നുമില്ലാതെ മനസ്സിന് ബ്രേക്ക് നൽകാനും വിശ്രമിക്കാനും തെറപ്യൂട്ടിക് ലേസിനെസ് നമുക്ക് അവസരം നൽകും’ -ന്യൂഡൽഹിയിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. കദം നാഗ്പാൽ വിശദീകരിക്കുന്നു. മെഡിറ്റേഷൻ, എക്സർസൈസ് തുടങ്ങിയവക്ക് നമ്മുടെ സജീവ പങ്കാളിത്തം വേണമെന്നിരിക്കെ തെറപ്യൂട്ടിക് ലേസിനെസ് പരിപൂർണ വിശ്രമമാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഒളിച്ചോട്ടമല്ലിത്
ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടാനും അവഗണിക്കാനുമുള്ള ഉപായമായി തെറപ്യൂട്ടിക് ലേസിനെസിനെ കാണാൻ പാടില്ല. തെറപ്യൂട്ടിക് ലേസിനെസിന് ഉദാഹരണങ്ങൾ ഇവയാണ്:
- ഒന്നും ചെയ്യാതിരിക്കുകയും എന്നാൽ, ആ സമയം വെറുതെ കളഞ്ഞുവെന്ന് കുറ്റബോധമില്ലാതിരിക്കുകയും ചെയ്യുക.
- ജോലി ചെയ്ത് തളരുന്നതിന് തൊട്ടുമുമ്പ് ബ്രേക്ക് എടുക്കുക.
- മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്ക് പകരം ആകസ്മികമായ കാര്യങ്ങൾക്കുകൂടി ഇടം നൽകുക.
- ഉൽപാദനക്ഷമം എന്ന ലേബലിൽ വരാത്ത, വിനോദത്തിനുവേണ്ടി മാത്രമുള്ള കാര്യങ്ങൾ ചെയ്യുക (നോവൽ വായന, ഉറക്കം തുടങ്ങിയവ)
- പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ ദിവാസ്വപ്നം കണ്ടിരിക്കാം.