എനർജി പകരും ഈ ഡെസ്ക് പ്ലാന്റുകൾ
text_fieldsപ്രതീകാത്മക ചിത്രം
ഓഫിസിലെ വർക് സ്പേസിൽ നല്ല ഭംഗിയുള്ള പാത്രങ്ങളിൽ ചിലർ കുഞ്ഞൻ ചെടികളെ വളർത്താറുണ്ട്. കണ്ണിന് കുളിർമ നൽകുന്നതും ജോലി സ്ഥലത്തെ നമ്മുടെ ഇടത്തിന് ഒരു ഏസ്തെറ്റിക് ലുക്ക് കൊണ്ടുവരാനും അലങ്കാരത്തിനുമായാണ് മിക്കവരും ഇത്തരം ചെടികളെ സൂക്ഷിക്കുന്നത്. എന്നാൽ, ഇതിനു പുറമേ, നമ്മുടെ പ്രൊഡക്റ്റിവിറ്റി കൂട്ടാനും ഈ ചെറിയ പ്രവൃത്തി സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
2014ൽ ജേണൽ ഓഫ് എക്സ്പെരിമെന്റൽ സൈക്കോളജി: അപ്ലൈഡിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം ഈ ചെടികൾക്ക് 15 ശതമാനത്തോളം നമ്മുടെ പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ. മാത്രമല്ല ജോലിസ്ഥലത്ത് സ്വകാര്യത, ആശ്വാസം, സംതൃപ്തി എന്നിവ അനുഭവപ്പെടാനും ഈയൊരു പ്രവൃത്തികൊണ്ട് സാധിക്കുന്നു.
നിങ്ങളുടെ ജോലിസ്ഥലവും മാനസികാവസ്ഥയും സമാധാനപൂർണമാക്കാൻ നിങ്ങൾക്കും ഇതൊന്ന് പരീക്ഷിച്ച് നോക്കാം. അതിനായി ഇന്ത്യയിൽ എളുപ്പത്തിൽ ലഭ്യമായ ചെറുതും മനോഹരവും കുറഞ്ഞ പരിപാലനം ആവശ്യമുള്ളതുമായ ഏതാനും ഡെസ്ക് പ്ലാന്റുകളെ പരിചയപ്പെടാം.
പ്ലാന്റ് (സാമിയോകുൽകാസ് സാമിഫോളിയ)
ആഫ്രിക്കയാണ് ജന്മദേശം. രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ നനവ് ആവശ്യമുള്ളൂ. ചില സംസ്കാരങ്ങളിൽ ഇത് സമ്പത്ത്, സമൃദ്ധി, ക്ഷേമം എന്നിവ ആകർഷിക്കുമെന്ന് കരുതപ്പെടുന്നു.
പോത്തോസ് (മണി പ്ലാന്റ് / എപ്പിപ്രെംനം ഓറിയം)
മണി പ്ലാന്റ് പലർക്കും പ്രിയപ്പെട്ട ചെടികളാണ്. വെള്ളത്തിലും മണ്ണിലും ഒരുപോലെ നന്നായി വളരാൻ കഴിയും. പരിപാലനത്തിനായി വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല. ചുറ്റും പോസിറ്റിവ് എനർജി നൽകാൻ സഹായിക്കുന്നവയാണ് മണിപ്ലാന്‍റുകളെന്നാണ് വിശ്വാസം.
ജേഡ് പ്ലാന്റ് (ക്രാസുല ഒവാറ്റ)
ഏതുതരം വർക് സ്പേസും ഭംഗിയാക്കാൻ കഴിയുന്ന ഘടനയാണ് ജേഡ് പ്ലാന്‍റുകൾക്കുള്ളത്. അലങ്കാര സസ്യങ്ങളായ ഇവയുടെ ബോൺസായ് പതിപ്പുകളും തെരഞ്ഞെടുക്കാം. ആഴ്ചകളോളം വെള്ളമില്ലെങ്കിലും അതിജീവിക്കാൻ കഴിയുന്ന സസ്യങ്ങളാണിത്.
പീസ് ലില്ലി (സ്പാത്തിഫില്ലം)
പേരിൽ ലില്ലി എന്നുണ്ടെങ്കിലും ഇവർ യഥാർഥ ലില്ലികളല്ല. പൂവ് പോലെ തോന്നിപ്പിക്കുന്ന ഇലകളാണ് പേരിനു പിന്നിൽ. ഇടക്കിടെ പൂക്കുന്നതിനാലും പരിപാലിക്കാൻ എളുപ്പമാണെന്നതും പീസ് ലില്ലിയെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. മിതമായ സൂര്യപ്രകാശവും ദിവസവും നനച്ചുകൊടുക്കലും ആവശ്യമാണ്.