കളിപ്പാട്ടങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമോ?
text_fieldsകുട്ടികൾക്കായി എത്രയൊക്കെ കളിപ്പാട്ടങ്ങൾ വാങ്ങിയാലും മാതാപിതാക്കൾക്ക് മതിയാവാറില്ല. അവരെ സംബന്ധിച്ചിടത്തോളം കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുന്നത് രസകരമായ അനുഭവമാണ്. എന്നിരുന്നാലും തങ്ങൾ വാങ്ങുന്ന കളിപ്പാട്ടങ്ങളുടെ മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. അറിയില്ല എന്ന് പറയുന്നതാവും വാസ്തവം. ചില കളിപ്പാട്ടങ്ങൾ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് ഉത്തമമാണെങ്കിലും, ചിലത് അവരെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുംബൈയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സഞ്ജയ് കുമാവത്തിന്റെ അഭിപ്രായത്തിൽ കുട്ടിയുടെ വൈകാരിക, വൈജ്ഞാനിക, സാമൂഹിക വികാസത്തെ സ്വാധീനിക്കുന്ന ശക്തമായ ഉപകരണങ്ങളാണ് കളിപ്പാട്ടങ്ങൾ. മോശമായി രൂപകൽപ്പന ചെയ്തവ പെരുമാറ്റത്തിൽ സ്വാധീനം ചെലുത്തിയേക്കാം. വികാരങ്ങളെയും, സമ്മർദത്തെയും, സാമൂഹിക സൂചനകളെയും കുട്ടികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കളിപ്പാട്ടങ്ങൾ സ്വാധീനിക്കുന്നു.
കളിപ്പാട്ടങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു?
കളിപ്പാട്ടങ്ങൾ കുട്ടികളെ എൻഗേജിങ് ആക്കുക മാത്രമല്ല. പ്രശ്നപരിഹാരം, ആശയവിനിമയം, സഹാനുഭൂതി എന്നിവ രൂപപ്പെടുത്തുന്നതിനുള്ള പഠന ഉപകരണങ്ങളായി വർത്തിക്കുന്നു. കളി കുട്ടിയുടെ രണ്ടാമത്തെ ഭാഷയായി പ്രവർത്തിക്കുന്നുവെന്നും, ഇത് അവരുടെ മനസ്സിനെയും ചുറ്റുമുള്ള ലോകത്തെയും പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്നുവെന്നും ഡോ. കുമാവത്ത് വിശദീകരിക്കുന്നു. വികാര നിയന്ത്രണം, ക്ഷമ, ആശയവിനിമയം, കൊടുക്കൽ വാങ്ങൽ സ്വഭാവം എന്നിവ മെച്ചപ്പെടുത്താൻ ഇന്ററാക്ടീവ് കളിപ്പാട്ടങ്ങൾ കുട്ടികളെ സഹായിക്കുന്നു. മാതാപിതാക്കൾ കളികളിൽ പങ്കുചേരുമ്പോൾ വൈകാരിക സുരക്ഷ ശക്തിപ്പെടുത്തുകയും ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കളിപ്പാട്ടങ്ങളുടെ ആക്രമണാത്മക സ്വാഭാവം
ചില കളിപ്പാട്ടങ്ങൾ ആക്രമണത്തെ സാധാരണവൽക്കരിക്കുകയും സംഘർഷ പരിഹാരത്തെ വികലമാക്കുകയും ചെയ്യും. കളിത്തോക്കുകൾ, വാളുകൾ, മറ്റ് ആയുധങ്ങളെ പ്രതീകപ്പെടുത്തുന്ന കളിപ്പാട്ടങ്ങൾ എന്നിവ വീടുകളിലും ജന്മദിന സമ്മാനങ്ങളിലും സാധാരണമാണ്. ഇവ പലപ്പോഴും കുട്ടികൾ കളിക്കുന്നതാണ് എന്ന് പറഞ്ഞ് തള്ളിക്കളയാറുണ്ട്. എന്നാൽ ഈ വസ്തുക്കൾ അക്രമാസക്തമായ പെരുമാറ്റത്തിന് കാരണമാകുമെന്ന് സൈക്യാട്രിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം കളിപ്പാട്ടങ്ങൾ ആക്രമണാത്മകമായ കളികളെ പ്രകോപിപ്പിക്കുകയും അക്രമമെന്ന ആശയത്തെ സാധാരണമാക്കുകയും ചെയ്യുമെന്ന് ഡോ. കുമാവത്ത് പറയുന്നു. ഇത് സംഘർഷത്തെക്കുറിച്ചും പ്രശ്നപരിഹാരത്തെക്കുറിച്ചുമുള്ള കുട്ടികളുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചേക്കാം. ആക്രമണാത്മക കളിപ്പാട്ടങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം ശത്രുതാപരമായ പെരുമാറ്റം, ആലോചനയില്ലായ്മ, ദുർബലമായ വൈകാരിക നിയന്ത്രണം, സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിച്ചേക്കാം. എല്ലാ കുട്ടികളും ഇങ്ങനെ പ്രതികരിക്കുന്നില്ലെങ്കിലും, ചെറുപ്പത്തിലെ ഇത്തരം എക്സ്പോഷർ പെരുമാറ്റ രീതികൾക്ക് അടിത്തറയിടുന്നു.
വിലകുറഞ്ഞ കളിപ്പാട്ടങ്ങളും സുരക്ഷയും
കുറഞ്ഞ വിലയിലുള്ള കളിപ്പാട്ടങ്ങൾ, സാധാരണ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവയിൽ ലെഡ്, താലേറ്റ്സ് തുടങ്ങിയ വിഷ രാസവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അമിതമായി കൈകാര്യം ചെയ്യുമ്പോഴോ വായിൽ കൊണ്ടുപോകുമ്പോഴോ ഇവ വിഷമയമാകുമെന്ന് ഡോ. കുമാവത്ത് പറയുന്നു. ചെറിയ ഭാഗങ്ങൾ അടർന്നുപോകാൻ സാധ്യതയുള്ളതോ, മൂർച്ചയുള്ള അരികുകളുള്ളതോ, ശക്തമായ രാസഗന്ധമുള്ളതോ ആയ മോശം രൂപകൽപ്പന ചെയ്ത കളിപ്പാട്ടങ്ങൾ ചെറിയ കുട്ടികളിൽ ഉത്കണ്ഠ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു.
ഡിജിറ്റൽ കളിപ്പാട്ടങ്ങളുടെ ഭീഷണി
ഡിജിറ്റൽ കളിപ്പാട്ടങ്ങൾ മറ്റൊരു തരം ഭീഷണിയാണ് ഉയർത്തുന്നത്. പരമ്പരാഗത കളിപ്പാട്ടങ്ങൾക്ക് പകരം സ്ക്രീനുകൾ കൂടുതലായി വന്നതോടെ വൈകാരികവും വൈജ്ഞാനികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക വർധിക്കുന്നു. അമിതമായ, സ്ക്രീൻ അധിഷ്ഠിത കളികൾ ഭാഷാ വികാസത്തിലെ കാലതാമസം, ശ്രദ്ധക്കുറവ്, ദുർബലമായ വൈകാരിക നിയന്ത്രണം എന്നിവക്ക് കാരണമാകും. നേരിട്ടുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും യഥാർത്ഥ ലോക ഇടപെടലിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ മാറ്റത്തെ ശക്തമായി പ്രതിരോധിക്കാൻ കഴിയുമെന്ന് ഡോ. കുമാവത്ത് പറയുന്നു.
ബ്ലോക്കുകൾ, ഡ്രോയിങ് ഉപകരണങ്ങൾ, റിങ് കളിപ്പാട്ടങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്. ഭാവനാത്മകമായ കളിപ്പാട്ടങ്ങൾ കുട്ടികളെ വൈകാരികമായി പക്വതയുള്ളവരാക്കാനും മികച്ച സാമൂഹിക സ്വഭാവം നേടാനും സഹായിക്കുമെന്ന് ഡോ. കുമാവത്ത് ഊന്നിപ്പറയുന്നു. സർട്ടിഫൈഡ്, സുരക്ഷിതമായ കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വിലകുറഞ്ഞ പ്ലാസ്റ്റിക്കുകളോ ശക്തമായ ഗന്ധമുള്ള കളിപ്പാട്ടങ്ങളോ ഒഴിവാക്കുക. കളിത്തോക്കുകളും ആയുധങ്ങളെ പ്രതീകപ്പെടുത്തുന്നവയും വാങ്ങുന്നത് ഒഴിവാക്കുക.


