15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രീസറിലടച്ച് യുവതി, സംഭവം പോസ്റ്റ്‌പാർട്ടം സൈക്കോസിസിനെ തുടർന്ന്
text_fieldsലഖ്നൗ: ഉത്തർപ്രദേശിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി ഫ്രിഡ്ജിൽ അടച്ചതായി ആരോപണം. മൊറാദാബാദിലെ കുർള പ്രദേശത്ത് വെള്ളിയാഴചയാണ് സംഭവം. കുഞ്ഞിന്‍റെ കരച്ചിൽ കാരണം ഉറങ്ങാൻ സാധിക്കാത്തതിനാലാണ് കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചതെന്ന് യുവതി പറഞ്ഞു. പ്രസവാനന്തര മാനസികവൈകല്യങ്ങൾ യുവതി അനുഭവിക്കുന്നുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
അടുക്കളയിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട മുത്തശ്ശിയാണ് കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫ്രിഡ്ജിൽനിന്ന് രക്ഷിക്കുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇപ്പോൾ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സ്വകാര്യത മാനിച്ച് അമ്മയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്‍റെ ജനനത്തെ തുടർന്ന് യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപെട്ടതായി ബന്ധുക്കൾ പറയുന്നു.
തുടക്കത്തിൽ ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണ് യുവതിയെന്ന് കുടുംബം സംശയിക്കുകയും പരമ്പരാഗത ആചാരങ്ങൾ നടത്തുകയും ചെയതു. എന്നാൽ ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് വൈദ്യസഹായം തേടുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. തുടർന്ന് യുവതിക്ക് പോസ്റ്റ്‌പാർട്ടം സൈക്കോസിസ് ആണെന്ന് കണ്ടെത്തി.
പോസ്റ്റ്‌പാർട്ടം സൈക്കോസിസ് എന്താണ്?
പ്രസവശേഷം യുവതികളിൽ കാണപ്പെടുന്ന അപൂർവ്വവും എന്നാൽ ഗുരുതരവുമായ മാനസികാരോഗ്യ അവസ്ഥയാണ് പോസ്റ്റ്‌പാർട്ടം സൈക്കോസിസ്. കുഞ്ഞ് ജനിച്ച് രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെയുള്ള കാലയളവില്‍ ഈ അവസ്ഥയുണ്ടാകാം. സാധാരണയായി കുറച്ചു ദിവസങ്ങൾക്കുള്ളിൽ പഴയ സ്ഥിതിയിൽ എത്തുന്നതാണ്. മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനും പേടിയും വിസമ്മതവും കുഞ്ഞ് തന്റേതല്ലെന്നുള്ള തോന്നൽ, ഭയാശങ്കകള്‍, അക്രമാസക്തി തുടങ്ങി നിരവധി ലക്ഷണങ്ങൾ ഇതിൽ കാണിക്കാറുണ്ട്. ഈയവസ്ഥ വളരെ സങ്കീര്‍ണമാണ്. ജാഗ്രതയില്ലെങ്കില്‍ ആത്മഹത്യചെയ്യാനും കുഞ്ഞിനെ ഉപദ്രവിക്കാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് ഈ അവസ്ഥയെ സൈക്യാട്രിക് എമര്‍ജന്‍സിയായി കണക്കാക്കണം. എത്രയും പെട്ടെന്ന് വൈദ്യസഹായം നല്‍കണം