സമ്മർദം കുറക്കണോ? തോന്നലിനോട് സംസാരിക്കൂ...
text_fieldsപ്രതിസന്ധികൾ തരണം ചെയ്യാനുള്ള സഹജമായ കഴിവുകളെയും മറികടന്ന് മാനസിക സമ്മർദം നമ്മുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കാൻ തുടങ്ങിയാൽ പിന്നെ എന്തുണ്ട് വഴി? ഇത്തരം സമ്മർദ നിമിഷങ്ങൾ മറികടക്കാൻ സൈക്കോതെറപ്പിസ്റ്റുകൾ നിർദേശിക്കുന്ന ചില ടെക്നിക്കുകൾ പരീക്ഷിച്ചു നോക്കാം:
ലക്ഷണങ്ങൾ തിരിച്ചറിയണം: നാം സ്ട്രെസ്സിനടിപ്പെടുകയാണെങ്കിൽ ശരീരവും മനസ്സും ചില ലക്ഷണങ്ങൾ കാണിക്കും. ഹൃദയമിടിപ്പ് കൂടുക, തലവേദന, ദഹനപ്രശ്നങ്ങൾ തുടങ്ങിയ ചില ശാരീരിക ലക്ഷണങ്ങളും കാണിക്കും. ആധിയും ഉത്സാഹക്കുറവും ഒപ്പമുണ്ടാകും. ഇങ്ങനെ വരുമ്പോൾ വിദഗ്ധരുടെ സഹായം തേടണം. എന്നാൽ, എല്ലായ്പോഴും ഇത് സാധ്യമാകില്ല. അപ്പോൾ പിന്നെ ഏറ്റവും അടുപ്പവും വിശ്വാസവുമുള്ളവരുമായി സംസാരിക്കാം. അത് ആശ്വാസമേകും.
സമ്മർദം മറികടക്കാൻ ശ്വസനവ്യായാമം വളരെ സഹായകരമാണ്. ‘‘നാലു സെക്കൻഡ് സമയമെടുത്ത് ശ്വാസം ഉള്ളിലേക്ക് എടുക്കാം. പിന്നെ ഏഴു സെക്കൻഡ് ഇത് പിടിച്ചുവെക്കാം. ശേഷം, മെഴുകുതിരി ഊതിക്കെടുത്തുന്നപോലെ എട്ടുതവണയായി ശ്വാസം പുറത്തുകളയുക. ഇതാണ് 4/7/8 ശ്വസനവിദ്യ’’ -ബ്രിട്ടീഷ് തെറപ്പിസ്റ്റ് ഹന്ന സ്റ്റെബ്ബിങ്സ് നിർദേശിക്കുന്നു
തോന്നലിനോട് സംസാരിക്കൂ: സമ്മർദത്തിൽ അടിപ്പെട്ടാൽ, അതിന് ഹേതുവായ കാര്യത്തിന്റെ ഏറ്റവും മോശം സാഹചര്യത്തിലേക്ക് മാത്രമേ ചിന്ത പോകൂ. അപ്പോൾ നിങ്ങൾ സ്വയം ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് സ്റ്റെബ്ബിങ്സ് ആവശ്യപ്പെടുന്നു. ‘‘അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള തെളിവുകൾ എന്തെല്ലാം’’ എന്ന് സ്വയം ചോദിച്ചാൽ കൂടുതൽ ബാലൻസ്ഡ് ആയ കാഴ്ചപ്പാടിലെത്താൻ സാധ്യതയുണ്ട്. ‘‘ഇതേ പോലൊരു കാരണത്തിന് ആധി പിടിച്ചുനിൽക്കുന്ന ഒരു സുഹൃത്തിനോട് നിങ്ങൾ എന്തായിരിക്കും പറയുക’’ എന്നുകൂടി സ്വയം ചോദിക്കുക.
സ്ട്രെസ്സുണ്ടായാൽ ആളുകൾ, തങ്ങൾ ചെയ്തുതീർക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കും. ഇത് ന്യൂറോ എനർജി പാഴാക്കും. പകരം, ചെയ്യാനുള്ളവയുടെ പട്ടികയുണ്ടാക്കിയാൽ, ഓർത്തെടുക്കുന്നതിനെക്കാൾ സമ്മർദം കുറവായിരിക്കും. ചെയ്തുതീർത്തവ പട്ടികയിൽനിന്ന് വെട്ടുമ്പോൾ ഉത്സാഹവും കിട്ടും.
നിർജലീകരണം (Dehydration) പലപ്പോഴും സ്ട്രെസ്സ് വർധിപ്പിക്കാറുണ്ട്. ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് ഉന്മേഷം നൽകും.സ്ട്രെസ്സ് ഉണ്ടാക്കുന്ന സാഹചര്യത്തിൽ നിന്ന് അല്പനേരത്തേക്ക് മാറി നിൽക്കുക. പുറത്തിറങ്ങി നടക്കുകയോ ശുദ്ധവായു ശ്വസിക്കുകയോ ചെയ്യാം. നടക്കുക, ഓടുക, യോഗ ചെയ്യുക തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ 'എൻഡോർഫിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് മനസ്സിന് സന്തോഷം നൽകും. ദിവസവും 7-8 മണിക്കൂർ കൃത്യമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവ് സ്ട്രെസ്സ് വർധിപ്പിക്കും. സ്ട്രെസ്സ് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലോ, ഉറക്കത്തെയും വിശപ്പിനെയും കെടുത്തുന്നുണ്ടെങ്കിലോ ഒരു കൗൺസിലറുടെയോ ഡോക്ടറുടെയോ സഹായം തേടാൻ മടിക്കരുത്.


