Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightയുദ്ധസമ്മർദം...

യുദ്ധസമ്മർദം താങ്ങാനാവാതെ അമ്മമാർ; യുക്രേനിയൻ ആശുപത്രികളിൽ മാസം തികയാതെയുള്ള പ്രസവങ്ങൾ വർധിക്കുന്നു

text_fields
bookmark_border
യുദ്ധസമ്മർദം താങ്ങാനാവാതെ അമ്മമാർ; യുക്രേനിയൻ ആശുപത്രികളിൽ മാസം തികയാതെയുള്ള പ്രസവങ്ങൾ വർധിക്കുന്നു
cancel

കിയവ്: റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രെയ്ൻ നേരിടുന്ന യുദ്ധം രാജ്യത്തിന്റെ ഭാവി തലമുറയെയും സാരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. യുദ്ധഭൂമിയിലെ കടുത്ത സമ്മർദവും ഭയവും കാരണം യുക്രെയ്‌നിൽ ഗർഭിണികൾക്കിടയിൽ അകാല പ്രസവങ്ങളുടെ നിരക്ക് വൻതോതിൽ വർധിച്ചതായാണ് യു.എൻ ഉൾപ്പെടെയുള്ള ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

സപോരിഷ്യ പോലുള്ള യുദ്ധമുഖത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ യുദ്ധം തുടങ്ങിയ 2022ന് ശേഷം അകാല ജനനങ്ങൾ ഇരട്ടിയോളം വർധിച്ചു. കേവലം 26 ആഴ്ച മാത്രം വളർച്ചയെത്തിയ കുഞ്ഞുങ്ങൾ 900 ഗ്രാമിൽ താഴെ ഭാരവുമായി ജനിക്കുന്ന സംഭവങ്ങൾ ഇവിടെ നിത്യമായിരിക്കുകയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് 5.4% ആയിരുന്ന അകാല പ്രസവ നിരക്ക് ഖേഴ്സൺ മേഖലയിൽ 9.8% ആയും, സപോരിഷ്യയിൽ 5.7% എന്നതിൽ നിന്ന് 7.6% ആയും ഉയർന്നു.

ഗർഭകാലത്ത് അമ്മമാർ അനുഭവിക്കുന്ന അതികഠിനമായ മാനസിക സമ്മർദം അകാല ജനനങ്ങൾക്ക് പ്രധാന കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധഭീതി മൂലം അമ്മമാരിൽ ഉണ്ടാകുന്ന അണുബാധകൾ അകാല പ്രസവത്തിലേക്ക് നയിക്കുന്നു. ഭർത്താക്കന്മാർ യുദ്ധമുഖത്തായതിനാൽ പല സ്ത്രീകളും ഒറ്റക്കാണ് ഈ പ്രതിസന്ധികളെ നേരിടുന്നത്. മിസൈൽ ആക്രമണങ്ങളും സൈറൺ മുഴങ്ങുന്ന ശബ്ദവും ഇവരിൽ വലിയ തോതിലുള്ള ആഘാതം ഏൽപ്പിക്കുന്നുണ്ട്.

സപോരിഷ്യയിലെ പ്രധാന കുട്ടികളുടെ ആശുപത്രിയിൽ അകാലത്തിൽ ജനിച്ച കുഞ്ഞുങ്ങളെ ഇൻകുബേറ്ററുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങുമ്പോൾ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇൻകുബേറ്ററിൽ ഓക്സിജൻ നിലയും മറ്റും കൃത്യമായി നിയന്ത്രിക്കേണ്ടതിനാൽ വെടിനിർത്തൽ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഡോക്ടർമാർക്ക് കുഞ്ഞുങ്ങളുടെ അരികിൽത്തന്നെ തുടരേണ്ടി വരുന്നു.

മാസങ്ങളോളം നീളുന്ന തീവ്രപരിചരണത്തിന് ശേഷമാണ് പല കുഞ്ഞുങ്ങളും ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. 700 ഗ്രാം ഭാരവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയാലും പലർക്കും വൈറസ് ബാധയേൽക്കുകയും വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കേണ്ടി വരികയും ചെയ്യുന്നു.

യുക്രെയ്‌ന്റെ ഫെർട്ടിലിറ്റി നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന നിലയിലേക്ക് ഇത് താഴ്ന്നു. യുദ്ധം മൂലമുള്ള പലായനങ്ങളും സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യ സംവിധാനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ഈ സ്ഥിതി കൂടുതൽ വഷളാക്കുന്നു.

Show Full Article
TAGS:Premature birth stress Russia Ukraine War pregnancy Maternal Health 
News Summary - War Stress Fuels Rise in Preterm Births in Ukraine
Next Story