ആകെ കിളി പോയ അവസ്ഥയാണോ? ദൈനംദിന ജീവിതത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാനസികാരോഗ്യം മെച്ചപ്പെടുത്താം
text_fieldsഏറെ ജനപ്രീതി നേടിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ, സൗബിൻ ഷാഹിർ അവതരിപ്പിച്ച സജി എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ? ‘‘എന്റെ കൈയീന്ന് പോയേക്കണ്, എന്നെ ഒന്ന് ഹോസ്പിറ്റൽ കൊണ്ടുപോണേ’’ എന്ന് പറയുകയും, പൊട്ടി കരയുകയും, ചെയ്യുന്ന സജിയെ.
അങ്ങനെയൊരു നായകൻ, നമുക്ക് അത്ര പരിചിതമായിരുന്നില്ല. നിങ്ങൾക്ക് കരയാൻ തോന്നുന്നുണ്ടെങ്കിൽ കരഞ്ഞോളൂ എന്നു പറഞ്ഞ ഡോക്ടറെ, കെട്ടിപ്പിടിച്ചു കരയുന്ന സജി, മാനസികാരോഗ്യത്തിന് എത്രത്തോളം പ്രാധാന്യം നൽകേണ്ടതുണ്ടെന്ന്, ലളിതമായി പ്രേക്ഷകന് പറഞ്ഞു തന്നു.
ഉള്ളിലുള്ള മാനസിക പിരിമുറുക്കം എന്തെന്ന് മനസ്സിലാക്കാൻ പോലും സാധിക്കാത്ത മനുഷ്യരുടെ പ്രതീകം കൂടിയായിരുന്നു അയാൾ. അങ്ങനെയുള്ള അനേകായിരം മനുഷ്യർ ഇവിടെയുണ്ട് എന്നത് തന്നെയാണ് മാനസികാരോഗ്യ ദിനത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതും.
എല്ലാ വർഷവും ഒക്ടോബർ 10, ലോകമാനസികാരോഗ്യ ദിനമായി നാം ആചരിച്ചു വരികയാണ്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ്, മനസ്സിന്റെ ആരോഗ്യവുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ ഒക്ടോബർ 10ഉം.
തിരക്കിട്ട ഇന്നത്തെ ജീവിതത്തിൽ മാനസികാരോഗ്യ ദിനം ആചരിക്കുന്നതിന്റെയും, തുറന്ന ചർച്ചകൾ സംഘടിപ്പിക്കേണ്ടതിന്റെയും ആവശ്യകത വർധിച്ചിരിക്കുകയാണ്. ആളുകളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ നൽകുക, മാനസികാരോഗ്യത്തെ കുറിച്ച് പൊതുസമൂഹത്തിന് ഇടയിലുള്ള തെറ്റിദ്ധാരണകൾ നീക്കുക തുടങ്ങിയവയെല്ലാം, ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ്.
എന്താണ് മാനസികാരോഗ്യം?
ഒരാളുടെ വൈകാരികവും, മനഃശാസ്ത്രപരവും, സാമൂഹികവുമായ ക്ഷേമത്തെ സൂചിപ്പിക്കുന്ന ഒന്നാണ് മാനസികാരോഗ്യം. ജീവിതത്തിൽ വെല്ലുവിളികളെ നേരിടാനും, ഉത്സാഹത്തോടെ പ്രവർത്തിക്കാനും, സമൂഹത്തിൽ ഫലപ്രദമായി ഇടപഴകാനും ഒരാളെ സഹായിക്കുന്നത് ആരോഗ്യമുള്ള മനസ്സാണ്.
ഒരു വ്യക്തിക്ക് തന്റെ കഴിവുകളെ തിരിച്ചറിയാനും, ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ അതിജീവിക്കാനുമെല്ലാം സാധിക്കുന്നതും അതുകൊണ്ടാണ്. ചുരുക്കത്തിൽ ഒരാളുടെ മനസ്സിന്റെ സാധാരണഗതിയിലുള്ള പ്രവർത്തനവും, വൈകാരിക സ്ഥിരതയും, , ചിന്താശേഷിയും ആത്മവിശ്വാസവുമെല്ലാം, ആരോഗ്യമുള്ള മനസ്സുകൊണ്ട് സാധ്യമാകുന്നതാണ്.
നമ്മൾ ഓക്കെ അല്ല എന്ന് എങ്ങനെ തിരിച്ചറിയാം?
മാനസികമായി നമ്മൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, ശരീരം ചില ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ നൽകുന്നു:
● ഏറെ നാളുകൾ നീണ്ടുനിൽക്കുന്ന കടുത്ത ദുഃഖം, സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ പോലും താൽപര്യം നഷ്ടപ്പെടുക തുടങ്ങിയ സ്ഥിതിവിശേഷം.
● ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായി ഉറങ്ങാനുള്ള പ്രവണത.
● വിശപ്പില്ലായ്മ, അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കൽ.
● ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുക.
● കഠിനാധ്വാനം ചെയ്യാതെ തന്നെ അമിതമായ ക്ഷീണം അനുഭവപ്പെടുക.
● ചെറിയ കാര്യങ്ങൾക്ക് പോലും അനാവശ്യമായി ദേഷ്യം വരികയോ, മൂഡ് സ്വിംഗ്സ് അഥവാ മാനസികാവസ്ഥ ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കുകയോ ചെയ്യുക.
● സുഹൃത്തുക്കളിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും, പരിചയക്കാരിൽ നിന്നുമെല്ലാം അകന്നു നിൽക്കാൻ ശ്രമിക്കുക.
മേൽപറഞ്ഞ ലക്ഷണങ്ങൾ ഏറെ നാൾ നിലനിൽക്കുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
മാനസികാരോഗ്യം എങ്ങനെ പരിപാലിക്കാം?
ദൈനംദിന ജീവിതത്തിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മാനസികാരോഗ്യം വലിയ തോതിൽ മെച്ചപ്പെടുത്താനാകും.
പലപ്പോഴും നമ്മൾ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, വലിയ പരിഹാരമാർഗങ്ങളാണ് മനസ്സിലേക്കെത്തുക. എന്നാൽ, നമ്മൾ ദിവസേന ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് പോലും നമ്മുടെ മാനസികാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.
എന്തുകൊണ്ടാണ് ചെറിയ പ്രവർത്തികൾക്ക് പ്രാധാന്യം?
നമ്മുടെ തലച്ചോറും ശരീരവും, തീവ്രതയേക്കാൾ (Intensity) കൂടുതൽ പ്രതികരിക്കുന്നത് സ്ഥിരതയോടാണ് (Consistency). കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ പ്രധാനം, ശരിയായ കാര്യങ്ങൾ സ്ഥിരമായി ചെയ്യുന്നതാണ്. ദിവസേനയുള്ള സ്ട്രെച്ചിംഗ്, വ്യായാമം, യോഗ തുടങ്ങിയവ, ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം, മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.
വെറും 10 മിനിറ്റ് നിങ്ങൾ നിങ്ങളുടെ ചുറ്റുപാടുമായി ചിലവഴിച്ചു നോക്കൂ. പക്ഷികളുടെ ശബ്ദം കേൾക്കുക, മരങ്ങൾക്കിടയിലൂടെ നടക്കുക, ഇളംകാറ്റ് അനുഭവിക്കുക, സൂരോദ്യയവും, സൂര്യാസ്തമയവും കാണുക തുടങ്ങി, ദിവസേനയുള്ള ഈ പത്തു മിനിറ്റ് പോലും ഉത്കണ്ഠ കുറയ്ക്കാനും നമ്മുടെ മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.
നിങ്ങൾക്ക് സന്തോഷം കണ്ടെത്താനായ വളരെ ചെറിയ കാര്യങ്ങൾ, ദിവസവും ഒരു ഡയറിയിൽ കുറിച്ചുവയ്ക്കുക. ഇത് കൂടുതൽ സന്തോഷമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുകയും, സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും.
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതും ഫലപ്രദമായ മാർഗമാണ്. സുഹൃത്തിനെ വിളിക്കാം, പ്രിയപ്പെട്ടവരുടെ ക്ഷേമം അന്വേഷിക്കാം, ഒരുമിച്ച് ഭക്ഷണം കഴിക്കാം, കുടുംബവുമായി സമയം ചെലവഴിക്കാം.... ഇത്തരത്തിൽ കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുകയും നല്ല സാമൂഹിക ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുന്നത് മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തും.
സ്ഥിരമായ ഉറക്ക ദിനചര്യകൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും ചിട്ടയുള്ളതാക്കും. ഉറങ്ങുന്നതിനു മുമ്പ് 30 മിനിറ്റ്, സ്ക്രീൻ ഉപയോഗം ഒഴിവാക്കുന്നത് പോലും ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത്, മനസ്സിനും ശരീരത്തിനും വിശ്രമം നൽകും.
ലളിതമായ ശ്വാസ പരിശീലനങ്ങൾ, ധ്യാനം, മൗനമായി ഇരിക്കൽ തുടങ്ങിയവയെല്ലാം, ഒരാളുടെ മനസ്സിനെ ശാന്തമാക്കാനും, താളം തെറ്റിയുള്ള ചിന്തകളെ പിടിച്ചുകെട്ടാനും സഹായിക്കും. ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഇഷ്ടമുള്ള കാര്യങ്ങൾ ചെറിയ അളവിൽ ചെയ്യുക. സംഗീതം കേൾക്കുക, ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്യുക, പുസ്തകം വായിക്കുകയെല്ലാം മാനസികാരോഗ്യം ശക്തിപ്പെടുത്താൻ സഹായിക്കും. കഷ്ടപ്പെട്ട് ചെയ്യാതെ, ഇഷ്ടപ്പെട്ട് ചെയ്താൽ മാത്രം മതി. ഇതിനായി ഒരുപാട് സമയം ചെലവഴിക്കേണ്ടതില്ല. ചെറിയ അളവിൽ ചെയ്യുന്ന ഈ കാര്യങ്ങളാണ് നമ്മുടെ ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്.
ലളിതമായ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മൾ നമ്മളെത്തന്നെ സഹായിക്കുക മാത്രമല്ല, മാനസികാരോഗ്യം എന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണയെ ഊട്ടിയുറപ്പിക്കു കൂടിയാണ് ചെയ്യുന്നത്. ഒരു ചെറിയ പുഞ്ചിരി, സ്നേഹത്തോടെയുള്ള വാക്ക്, ഒരുമിച്ചുള്ള നടത്തം, ഇവയെല്ലാം, നമ്മുടെ മാത്രമല്ല, മറ്റൊരാളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.
എപ്പോഴാണ് വിദഗ്ധ സഹായം തേടേണ്ടത്?
മാനസികാരോഗ്യത്തെ ശക്തിപ്പെടുത്താൻ സ്വയം ശീലിച്ച മാർഗങ്ങൾ സഹായിക്കാതെ വരികയും, നിങ്ങളുടെ ദൈനംദിന ജീവിതത്തെ (ജോലി, പഠനം, ബന്ധങ്ങൾ) ഗുരുതരമായി ബാധിക്കുകയോ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ (സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സൈക്യാട്രിസ്റ്റ്) സഹായം തേടേണ്ടതാണ്. ആത്മഹത്യാപരമായ ചിന്തകളോ, സ്വയം ഉപദ്രവിക്കാനുള്ള പ്രേരണയോ ഉണ്ടായാൽ ഒരു നിമിഷം പോലും വൈകാതെ, വിദഗ്ധ സഹായം തേടണം.
സഹായം തേടുന്നത് ബലഹീനതയല്ല, മറിച്ച് ധൈര്യമാണ്. കയ്യോ കാലോ ഒടിഞ്ഞാൽ നമ്മൾ ആശുപത്രിയിൽ പോകാറില്ലേ. അത്രതന്നെ. ശരീരത്തിനേൽക്കുന്ന മുറിവുകളും രോഗങ്ങളും പോലെ, മനസ്സിനേൽക്കുന്ന ബുദ്ധിമുട്ടുകൾക്കും ചികിത്സ തേടേണ്ടതുണ്ട്. കൃത്യമായ ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും മിക്ക മാനസികാരോഗ്യ പ്രശ്നങ്ങളെയും മറികടക്കാനാകും.
ഏതൊരു മനുഷ്യന്റേയും ജീവിതത്തിൽ ഇടയ്ക്ക് ഒരു താളപ്പിഴയുണ്ടായേക്കാം. നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമ്മുടെ കൈയിൽ അല്ലാത്തതായി അനുഭവപ്പെട്ടേക്കാം. എന്നാൽ അതിനുള്ള പരിഹാരം നമുക്ക് മുന്നിൽ തന്നെയുണ്ട്. ജീവിതം തിരിച്ചുപിടിക്കാനുള്ള മാർഗങ്ങളുണ്ട്. വിദഗ്ധ സഹായത്തോടൊപ്പം, കുടുംബാംഗങ്ങളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണ കൂടിയാകുമ്പോൾ, ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അത്ഭുതാവഹമായ മാറ്റങ്ങൾ സംഭവിച്ചേക്കാം. എല്ലാ മനുഷ്യനും തിരിച്ചുവരവിനുള്ള അവസരങ്ങളുണ്ട്.
വലിയ മാറ്റങ്ങൾ തുടങ്ങുന്നത് ചെറിയ ചുവടുകളിൽ നിന്നാണ്, അതിനാൽ ഈ മാനസികാരോഗ്യ ദിനത്തിൽ, ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ, മാനസികാരോഗ്യവും പ്രധാനമാണെന്ന് ഓർക്കുക.
നമ്മുടെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ മാനസികമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് തോന്നിയാൽ അവർക്ക്, ഒരു നല്ല ശ്രോതാവായി മാറാൻ നമുക്ക് സാധിക്കണം. വിഷമിച്ചിരിക്കുന്ന ഒരാളോട് അനുഭാവത്തോടെയും, വിവേകത്തോടെയും സംസാരിക്കാനാകണം. അവരുടെ വിഷമങ്ങളെ മുൻവിധികളോടെ സമീപിക്കാതെ അവരെ കേൾക്കണം. അത്തരത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാം.
(ലേഖിക കൊച്ചി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്പ്മെന്റിലെ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് ആൻഡ് എ.ബി.എ തെറപ്പിസ്റ്റാണ്)