80% ഇന്ത്യക്കാർക്കും ആവശ്യമുള്ള സമയത്ത് മാനസിക പരിചരണം ലഭിക്കുന്നില്ല...
text_fieldsഇന്ത‍്യക്കാർ ശാരീരിക ആരോഗ്യത്തെപോലെ മാനസിക ആരോഗ്യത്തെയും പരിഗണിക്കാൻ തുടങ്ങിയിട്ട് അധിക സമയം ആയിട്ടില്ല. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടില്ല എന്നതാണ് വാസ്തവം. മാനസിക പരിചരണം ആവശ്യമുള്ള 80%ത്തിലധികം ആളുകൾക്കും കൃത്യസമയത്ത് അത് ലഭിക്കുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അവബോധം ഉണ്ടായിരുന്നിട്ടും ഉത്കണ്ഠ, വിഷാദം, മറ്റ് മാനസിക അവസ്ഥകൾ എന്നിവ വർധിച്ചിട്ടുണ്ടെങ്കിലും, ചികിത്സയിലേക്ക് എത്തി ചേരുന്നവർ വളരെ കുറവാണെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐ.പി.എസ്)യിലെ വിദഗ്ധർ അടുത്തിടെ മുന്നറിയിപ്പ് നൽകി. ഐ.പി.എസ് പ്രകാരം, മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 80–85% ആളുകളും ഔപചാരിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പുറത്താണ്.
ആഗോളതലത്തിൽ മാനസികാരോഗ്യ ചികിത്സ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും സാധാരണ മാനസിക പ്രശ്നങ്ങളുള്ള 85%ത്തിലധികം ആളുകളും ചികിത്സ സ്വീകരിക്കുന്നില്ലെന്നുമാണ് നാഷനൽ മെന്റൽ ഹെൽത്ത് സർവേയുടെ കണ്ടെത്തൽ.
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാൻ എളുപ്പമാണ്. ഇന്ത്യയിലെ ഭൂരിഭാഗം പേരും ഇപ്പോഴും ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാതെ കഷ്ടപ്പെടുന്നു എന്നാണ് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. സവിത മൽഹോത്ര പറഞ്ഞത്. '80%ത്തിലധികം പേർക്കും സമയബന്ധിതമായ മാനസിക പരിചരണം ലഭിക്കുന്നില്ല എന്നത് ആഴത്തിൽ വേരൂന്നിയ അവബോധമില്ലായ്മയെയും പ്രാഥമിക ആരോഗ്യപരിചരണത്തിലേക്ക് മാനസികാരോഗ്യ സേവനങ്ങൾ കാര്യക്ഷമമായി ഏകീകരിക്കപ്പെടാത്തതിനെയും പ്രതിഫലിപ്പിക്കുന്നു' എന്ന് അടുത്തിടെ വാർഷിക ഐ.പി.എസ് സമ്മേളനത്തിൽ അവർ പറഞ്ഞു.
ആദ്യകാല ലക്ഷണങ്ങളെ ചികിത്സ വേണ്ട അവസ്ഥകളായി തിരിച്ചറിയുന്നതിൽ പലരും ഇപ്പോഴും പരാജയപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പലരും മാനസിക ആരോഗ്യ പ്രശ്നങ്ങൾ പുറത്തു പറയാത്തതിന് പ്രധാന കാരണം സാമൂഹിക അപമാനമാണ്. കുടുംബം, ജോലിസ്ഥലം അല്ലെങ്കിൽ സമൂഹം എന്നിവിടങ്ങളിൽ തെറ്റായി മുദ്രകുത്തപ്പെടുമെന്നോ വിലയിരുത്തപ്പെടുമെന്നോ ഉള്ള ഭയം ആളുകളെ ചികിത്സ തേടുന്നതിൽ നിന്ന് പിന്നിലേക്ക് നടത്തുന്നു. ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധരുടെ കുറവും ഇതിനെ കൂടുതൽ വഷളാക്കുന്നു.


