സമ്മർദം മറിക്കടക്കാൻ ജെൻ സിയുടെ ‘റിക്കവറി തെറാപ്പി’
text_fieldsപ്രതീകാത്മക ചിത്രം
ജെൻ സി സ്വയം പരിചരണത്തിന് കൂടുതൽ പ്രധാന്യം കൊടുക്കുന്നുവെന്ന് പഠനങ്ങൾ. ഡിജിറ്റൽ ലോകത്ത് വളർന്ന ഈ തലമുറ അക്കാദമിക സമ്മർദങ്ങൾ, കരിയറിലെ വെല്ലുവിളികൾ, സംരംഭക മോഹങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോൾ പരമ്പരാഗതമായ ആരോഗ്യ-ക്ഷേമ രീതികൾ പലപ്പോഴും അപര്യാപ്തമോ അപ്രാപ്യമോ ആയി അവർക്ക് തോന്നുന്നു. ഇതിനു പകരമായി വൈകാരികവും മാനസികവുമായ നിയന്ത്രണത്തിനായി റിക്കവറി തെറാപ്പിയെയാണ് പലരും ആശ്രയിക്കുന്നത്.
റിക്കവറി തെറാപ്പി എന്നത് ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പിനെ സഹായിക്കുന്ന ഒരു ചികിത്സാ പ്രക്രിയയാണ്. ഇതിൽ ശാരീരിക ചലനങ്ങൾ മെച്ചപ്പെടുത്തുന്ന ഫിസിക്കൽ തെറാപ്പി, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള റീക്രിയേഷൻ തെറാപ്പി, ലഹരിവസ്തുക്കളുടെ ഉപയോഗം പോലുള്ള പ്രശ്നങ്ങൾക്ക് സഹായിക്കുന്ന മോട്ടിവേഷണൽ തെറാപ്പി എന്നിവ ഉൾപ്പെടുന്നു. ഓരോ വ്യക്തിയുടെയും ആവശ്യത്തിനനുസരിച്ച് ഈ തെറാപ്പികൾ വ്യത്യസ്ത കാലയളവുകളിൽ നൽകപ്പെടുന്നു. പരിക്കുകളിൽ നിന്നുള്ള വീണ്ടെടുപ്പ് വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ചിട്ടയായ വ്യായാമം, ഡാൻസ്, യോഗ, അല്ലെങ്കിൽ വെറുതെ നടക്കുന്നത് പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലൂടെ സമ്മർദം കുറക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അവർ പ്രാധാന്യം നൽകുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, മെഡിറ്റേഷൻ ഇവയിലൂടെയാണ് ജെൻ സി തങ്ങളുടെ മാനസികാരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത്.
നിരവധി ജെൻ സിക്കാർക്ക് നിശ്ചലാവസ്ഥ ആവശ്യമുള്ള മറ്റ് രീതികളെക്കാൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്നത് ചലനമാണ്. പല ക്ലയിന്റുകളിൽ നിന്നും ഞാൻ കേൾക്കാറുണ്ട്. ദയവായി എന്നോട് ധ്യാനിക്കാനോ ഡയറി എഴുതാനോ പറയരുത്, എനിക്ക് അനങ്ങാതെ ഇരിക്കാൻ കഴിയില്ലെന്ന് അന്ന ചാണ്ടി ആൻഡ് അസ്സോസിയേറ്റ്‌സിലെ തെറാപ്പിസ്റ്റായ ദീപ്തി ചാണ്ടി പറയുന്നു. സോമാറ്റിക് വ്യായാമങ്ങൾ, ബട്ടർഫ്ലൈ ടാപ്പിങ്, ബോക്സ് ബ്രീത്തിങ്, ലളിതമായ ദൈനംദിന നടത്തം എന്നിവയൊക്കെ വൈകാരിക ആശ്വാസം നൽകുന്നു. ഉത്കണ്ഠ അമിതമാവുകയും, മനസ്സ് അസ്വസ്ഥമാവുകയും ചെയ്യുമ്പോൾ നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ ശ്വസന വ്യായാമങ്ങൾ സഹായിക്കുന്നു. ശ്വാസം ഉള്ളിലേക്കെടുക്കുന്നതിനും, പിടിച്ചുനിർത്തുന്നതിനും, പുറത്തുവിടുന്നതിനും തുല്യ സമയം ഉപയോഗിക്കുന്ന രീതിയാണ് ബോക്സ് ബ്രീത്തിങ്.
റിക്കവറി തെറാപ്പിയുടെ വിവിധ രൂപങ്ങൾ
ഫിസിക്കൽ തെറാപ്പി: ശാരീരിക ചലനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചികിത്സയാണിത്. പരിക്ക്, ശസ്ത്രക്രിയ, അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ആവശ്യമായി വന്നേക്കാം.
റീക്രിയേഷൻ തെറാപ്പി: കല, സംഗീതം, നൃത്തം, കായിക വിനോദങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വൈകാരികവും മാനസികവുമായ വീണ്ടെടുപ്പ് ലക്ഷ്യമിടുന്നു. സമ്മർദം കുറക്കാൻ ഇത് സഹായിക്കുന്നു.
മോട്ടിവേഷണൽ എൻഹാൻസ്‌മെന്‍റ് തെറാപ്പി: ഒരു ലക്ഷ്യം നേടാനുള്ള വ്യക്തിയുടെ ആന്തരിക പ്രചോദനം കണ്ടെത്താൻ സഹായിക്കുന്ന ഒരു തെറാപ്പി രീതിയാണിത്. ലഹരി ഉപയോഗം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പുറത്തുവരാൻ ഇത് സഹായിക്കുന്നു.
രക്തയോട്ടം തടയുന്നതിനുള്ള തെറാപ്പി: ചില ശരീരഭാഗങ്ങളിലെ രക്തയോട്ടം പരിമിതപ്പെടുത്തിക്കൊണ്ട് ഭാരമുള്ള വ്യായാമങ്ങൾ ചെയ്യാതെ തന്നെ പേശികളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന നൂതന ഫിസിക്കൽ തെറാപ്പി രീതിയാണിത്.


