കപ്പുകൾ പലതുണ്ടാകാം, പക്ഷെ ചായ കുടിക്കാൻ ആ പഴയ കപ്പ് തന്നെ വേണം! എന്തുകൊണ്ടാണ് നമ്മൾ എന്നും ഒരേ കപ്പിൽ തന്നെ ചായ കുടിക്കുന്നത്?
text_fieldsപ്രതീകാത്മക ചിത്രം
നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും രാവിലെകൾ തുടങ്ങുന്നത് ഒരു കപ്പ് ചായയിലോ കാപ്പിയിലോ ആയിരിക്കും. അടുക്കളയിലെ അലമാര തുറന്നാൽ കണ്ണഞ്ചിപ്പിക്കുന്ന, പുത്തൻ ഡിസൈനിലുള്ള ഒരുപാട് കപ്പുകൾ അവിടെ കാണാം. എന്നാൽ നമ്മുടെ കൈകൾ യാതൊരു ആലോചനയുമില്ലാതെ വർഷങ്ങളായി ഉപയോഗിക്കുന്ന, ചിലപ്പോൾ അല്പം നിറം മങ്ങിയതോ ഒരു ചെറിയ പൊട്ടലുള്ളതോ ആയ ആ പഴയ കപ്പിലേക്ക് തന്നെ നീളുന്നു. എന്താണ് പുത്തൻ കപ്പുകളേക്കാൾ ആ പഴയ കപ്പ് തന്നെ തെരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്? ഇത് വെറുമൊരു ശീലമല്ലെന്നും, മനുഷ്യ മസ്തിഷ്കം വസ്തുക്കളുമായി സ്ഥാപിക്കുന്ന വൈകാരികവും മനഃശാസ്ത്രപരവുമായ ബന്ധത്തിന്റെ ഫലമാണെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
1. എൻഡോവ്മെന്റ് ഇഫക്റ്റ്
നമുക്ക് സ്വന്തമായിട്ടുള്ള ഒരു വസ്തുവിന്, മറ്റുള്ളവരുടേതിനേക്കാൾ കൂടുതൽ മൂല്യം നമ്മൾ കൽപ്പിക്കും എന്ന മനഃശാസ്ത്ര പ്രതിഭാസമാണിത്. 1980ൽ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാർഡ് താലർ ആണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 1990ൽ ഡാനിയൽ കഹ്നെമാൻ ഉൾപ്പെടെയുള്ള പ്രമുഖർ നടത്തിയ ഒരു പരീക്ഷണത്തിലൂടെ ഇത് തെളിയിക്കപ്പെട്ടു. പരീക്ഷണത്തിൽ പങ്കെടുത്ത ചിലർക്ക് കോഫി മഗ്ഗുകൾ നൽകുകയും മറ്റുള്ളവർക്ക് നൽകാതിരിക്കുകയും ചെയ്തു. കപ്പുകൾ കൈവശമുള്ളവർ അതിന് വലിയ വില കൽപ്പിച്ചതായി കണ്ടെത്തി. അതായത്, ഒരു വസ്തു നമ്മുടെ സ്വന്തമാകുമ്പോൾ ഇതൊരു വെറും കപ്പാണ് എന്ന ചിന്ത മാറി ഇത് എന്റെ കപ്പാണ് എന്ന ശക്തമായ മനോഭാവം നമ്മളിൽ രൂപപ്പെടുന്നു.
2. ഓർമകളും വൈകാരിക ബന്ധവും
നാം ദിവസവും ഉപയോഗിക്കുന്ന വസ്തുക്കൾ നമ്മുടെ ജീവിതാനുഭവങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാതത്തിലെ ആ പഴയ കപ്പ് ചിലപ്പോൾ ജോലിക്ക് പോകുന്നതിന് മുൻപുള്ള ശാന്തമായ നിമിഷങ്ങളെയോ, പ്രിയപ്പെട്ടവരുമായുള്ള സംഭാഷണങ്ങളെയോ, അല്ലെങ്കിൽ മുൻകാല ജീവിതത്തെയോ ഓർമിപ്പിക്കുന്ന ഒന്നാകാം. 2008ൽ മിഗ്വൽ ആഞ്ചൽ മുഗ്ഗെ, ജാൻ ഷൂർമാൻസ്, ഹെൻഡ്രിക് ഷിഫർസ്റ്റീൻ എന്നിവർ നടത്തിയ പഠനത്തിൽ, നിത്യോപയോഗ സാധനങ്ങൾ ആളുകൾക്ക് ആശ്വാസവും വ്യക്തിത്വവും നൽകുമെന്നും, അതിലൂടെ അവയോട് ശക്തമായ വൈകാരിക ബന്ധം ഉടലെടുക്കുമെന്നും കണ്ടെത്തി.
3. മസ്തിഷ്കം ആഗ്രഹിക്കുന്ന എളുപ്പവഴി
ഒരേ അന്തരീക്ഷത്തിൽ ഒരേ കാര്യം ആവർത്തിക്കുമ്പോൾ അത് നമ്മുടെ തലച്ചോറിന്റെ സ്വാഭാവിക ശീലമായി മാറുന്നു. ശീലങ്ങളെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞയായ വെൻഡി വുഡ്, ഫിലിപ്പ ലാലി എന്നിവരുടെ ഗവേഷണങ്ങൾ പറയുന്നത്, സാഹചര്യങ്ങൾ ഒന്നുതന്നെയാകുമ്പോൾ ആവർത്തിച്ചു ചെയ്യുന്ന കാര്യങ്ങൾക്ക് തലച്ചോറിന് വലിയ ചിന്തയുടെ ആവശ്യമില്ലെന്നാണ്. രാവിലെ അഞ്ച് കപ്പുകളിൽ ഏത് വേണമെന്ന് ആലോചിച്ച് തലപുകക്കുന്നതിന് പകരം, മസ്തിഷ്കം വളരെ എളുപ്പത്തിൽ ആ പഴയ കപ്പ് തിരഞ്ഞെടുക്കുന്നു. ഇത് വലിയ മാനസിക അധ്വാനം ഒഴിവാക്കാൻ സഹായിക്കുന്നു.
4. തീരുമാനങ്ങൾ എടുക്കുന്നതിലെ മടുപ്പ്
രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ വസ്ത്രധാരണം, ഭക്ഷണം, ജോലി എന്നിങ്ങനെ ആയിരക്കണക്കിന് തീരുമാനങ്ങൾ എടുക്കേണ്ടവരാണ് നമ്മൾ. മനഃശാസ്ത്രജ്ഞനായ റോയ് ബൗമിസ്റ്ററുടെ പഠനങ്ങൾ പ്രകാരം, മനുഷ്യന് തീരുമാനങ്ങൾ എടുക്കാനുള്ള മാനസിക ശേഷി പരിമിതമാണ്. അതിനാൽ, രാവിലത്തെ ദിനചര്യകളിൽ ചെറിയ തീരുമാനങ്ങൾ കുറച്ചുകൊണ്ട് തലച്ചോറിന്റെ ഊർജ്ജം ലാഭിക്കാൻ മനുഷ്യൻ ശ്രമിക്കുന്നു. പരിചിതമായ കപ്പ് തിരഞ്ഞെടുക്കുന്നതിലൂടെ ഒരു ചെറിയ തീരുമാനം കൂടി നമ്മൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
5. മേർ എക്സ്പോഷർ ഇഫക്റ്റ്
1968ൽ മനഃശാസ്ത്രജ്ഞനായ റോബർട്ട് സജോങ്ക് അവതരിപ്പിച്ച ഈ സിദ്ധാന്ത പ്രകാരം, ഒരു വസ്തുവോ വ്യക്തിയോ നമ്മുടെ കണ്ണിൽ ആവർത്തിച്ചു പെടുമ്പോൾ, സ്വാഭാവികമായും അതിനോടുള്ള നമ്മുടെ ഇഷ്ടം വർധിക്കും. നൂറുകണക്കിന് പ്രഭാതങ്ങളിൽ നിങ്ങളുടെ കൈകളിലിരുന്ന ആ കപ്പിനെ മറ്റ് പുത്തൻ കപ്പുകളേക്കാൾ വേഗത്തിൽ തലച്ചോർ തിരിച്ചറിയുകയും അതിനോട് ഒരു പ്രത്യേക അടുപ്പം കാണിക്കുകയും ചെയ്യുന്നു.


