മനസ്സിനെ എന്തെങ്കിലും അലട്ടുന്നുണ്ടോ? പറഞ്ഞോളൂ... ‘കേൾക്കാം...’
text_fieldsതൃശൂർ: ആത്മഹത്യ, മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ആഗോളതലത്തിൽ സൗജന്യ കൗൺസലിങ് സേവനം ലക്ഷ്യമിടുന്ന ‘കേൾക്കാം’ പദ്ധതിക്ക് ശനിയാഴ്ച തൃശൂരിൽ തുടക്കമാകും. യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30ന് വെഡ്ഡിങ് വില്ലേജിൽ നടക്കും.
മലയാളി സമൂഹത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രസക്തിയേറുന്നത്. ഈ സാമൂഹിക ദുരന്തത്തിന് പരിഹാരം കാണുന്നതിനായി ലോകമെമ്പാടുമുള്ള സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ, ഡോക്ടർമാർ, സാമൂഹിക, ആരോഗ്യ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന ആയിരത്തോളം പേരടങ്ങുന്ന സംഘമാണ് കൗൺസലിങ്ങിനായി തയ്യാറായിട്ടുള്ളത്.
മാനസിക സംഘർഷം അനുഭവിക്കുന്നവരുടെ വേദനകളും വിഷമതകളും കേൾക്കാനും അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ഇടപെടലുകളും നൽകി ആശ്വാസം പകരുകയുമാണ് ‘കേൾക്കാം’ലക്ഷ്യമിടുന്നത്. സേവനം പൂർണമായും സൗജന്യമായിരിക്കും. ആവശ്യമെങ്കിൽ വിദഗ്ദ്ധ ചികിത്സക്ക് റെഫർ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സഞ്ചാരിയും സംരംഭകനുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ രക്ഷാധികാരികളായി പദ്ധതിക്ക് കരുത്ത് പകരുന്നു. വാർത്തസമ്മേളനത്തിൽ പദ്ധതി രക്ഷാധികാരി ഫാ. ഡേവിസ് ചിറമേൽ, പ്രത്യാശ ഡയറക്ടർ ഡോ. ടി.ജെ. ജെസ്ന, ദീപക് ഡൊമിനിക്, എം. സ്നേഹ, സൈബസ് എന്നിവർ പങ്കെടുത്തു.