അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ മൂന്ന് സാധനങ്ങൾ വലിച്ചെറിയൂ; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ
text_fieldsഅടുക്കളയിൽ നാം നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. അതിൽ പലതും നമ്മുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തിയും അത്തരമൊരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
എയിംസ്, ഹാർവഡ്, സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റികളിൽ പരിശീലനം സിദ്ധിച്ച ഡോക്ടറാണ് സൗരഭ്. അടുക്കളയിൽ നിന്ന് എത്രയും പെട്ടെന്ന് മൂന്ന് സാധനങ്ങൾ പുറത്തേക്ക് കളയാനാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
1. സുഗന്ധമുള്ള മെഴുകുതിരികൾ
ഇത്തരം മെഴുകുതിരികളിൽ പലതിലും ഹോർമോണുകളെ തടസ്സപ്പെടുത്തുന്ന ഫ്താലേറ്റുകളും കത്തിച്ചാൽ കാർബൺ നിക്ഷേപവും മറ്റും പുറത്തുവിടുന്ന പാരഫിൻ വാക്സും അടങ്ങിയിരിക്കുന്നതായി ഡോ. സൗരഭ് പറയുന്നു. ഈ രാസവസ്തുക്കൾ അലർജികൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ വർധിപ്പിക്കുകയും കാലക്രമേണ കുടലിന്റെ ആരോഗ്യത്തെ പോലും ബാധിക്കുകയും ചെയ്യുന്നു. ദിവസവും വീട്ടിൽ മെഴുകുതിരികൾ കത്തിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ബദൽ മാർഗവും അദ്ദേഹം നിർദേശിക്കുന്നുണ്ട്. സുഗന്ധമില്ലാത്ത സോയ, തേങ്ങ, അല്ലെങ്കിൽ തേനീച്ചമെഴുകിൽ മെഴുകുതിരികൾ എന്നിവ കത്തിക്കുന്നത് സുരക്ഷിതമാണ്.
2. പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ
പ്ലാസ്റ്റിക് കട്ടിങ് ബോർഡ് വഴി പച്ചക്കറികളും മറ്റും അരിഞ്ഞെടുക്കുമ്പോൾ കുഞ്ഞുകുഞ്ഞു പ്ലാസ്റ്റിക് തരികൾ അറിയാതെ ആ ഭക്ഷണസാധനങ്ങളിലേക്ക് എത്തുന്നുണ്ട്. ഏറെ കാലമായി ഈ പ്രകൃയ തുടരുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് കുമിഞ്ഞുകൂടും. ഇത് ശരീരത്തിന് പല വിധ പ്രശ്നങ്ങളുമുണ്ടാക്കും. പ്ലാസ്റ്റിക് കട്ടിങ് ബോർഡിന് പകരമായി ബാംബൂ ബോർഡുകളോ മരത്തിന്റെയോ ഉപയോഗിക്കാം. ഗ്ലാസിന്റെ കട്ടിങ് ബോർഡുകളുണ്ടെങ്കിലും എളുപ്പം കേടാകും.
3. സ്ക്രാച്ച് വീണതോ പൊട്ടിയതോ ആയ നോൺസ്റ്റിക് പാനുകൾ
പഴയ പാനുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് ചിലർ. ഇത് പ്രത്യുൽപാദനപരവും ഹോർമോൺ സംബന്ധവുമായ ചില പ്രശ്നങ്ങളുണ്ടാക്കുന്നതായി ഡോ. സൗരഭ് ചൂണ്ടിക്കാട്ടുന്നു. നോൺസ്റ്റിക്കിന് പകരമായി സ്റ്റെയ്ൻലെസ് സ്റ്റീൽ, കാസ്റ്റ് അയേൺ, സെറാമിക് പാത്രങ്ങൾ ഉപയോഗിക്കാനാണ് ഡോക്ടറുടെ നിർദേശം.